അത്താഴത്തിലെ പ്രവാചക മാതൃക

മദാന്‍ പലനിലയ്ക്കും നമുക്ക്‌ ബറകത്തുകളുടെ കാലമാണ്. എല്ലാ മേഖലകളിലും വളര്‍ച്ചക്കും വര്‍ദ്ധനവിനുമുള്ള സാഹചര്യം അത് ഉണ്ടാക്കി തരുന്നു.  ഇബാദത്തുകളിലും സമയങ്ങളിലും നമ്മുടെ മറ്റു പ്രവര്‍ത്തനങ്ങളിലും റമദാന്റെ ആത്മാവിനു ചോര്‍ച്ച സംഭവിക്കാതെ നാം അനുഷ്ഠിച്ചാല്‍ നമുക്ക് ഈ ബറകത്തുകള്‍ അനുഭവപ്പെടും. അതില്‍ വളരെ പ്രധാനമാണ് അത്താഴെമെന്നും ഇടയത്താഴമെന്നുമൊക്കെ നാം വിളിക്കുന്ന ഫജ്ര്‍ നിസ്കാരത്തിനു അല്പം മുമ്പായി കഴിക്കുന്ന ഭക്ഷണം.

അനസ്‌ (റ) പറയുന്നു: നബി (സ) പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. കാരണം അത്താഴത്തില്‍ ബറകത്ത് ഉണ്ട്’(ബുഖാരി, മുസ്‌ലിം). ഐഹികവും പാരത്രികവുമായ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് ഈ ഹദീസ്‌ വ്യക്തമാക്കുന്നു. നോമ്പ്കാരന് ആരോഗ്യത്തോടെ തന്റെ നോമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടോപ്പം അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്ന് പ്രതിഫലവും ലഭിക്കുന്നു.

നാം പലപ്പോഴും, പ്രതേകിച്ചു പ്രവാസികള്‍ ഇതിന്റെ പ്രാധാന്യം അവഗണിക്കുന്നു . എന്നാല്‍ നബി (സ) തന്റെ സഹാബത്തിനെ ഇക്കാര്യം എപ്പോഴും ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ഇര്ബാദു ബിന്‍ സാരിയ (റ) പറയുന്നു: നബി (സ) എന്നെ റമദാനില്‍ അത്താഴത്തിനായി ക്ഷണിച്ചു. അപ്പോള്‍ പറഞ്ഞു: ബറകത്താക്കപ്പെട്ട ഈ ഭക്ഷണത്തിലേക്ക്‌ വരൂ. (അബൂദാവൂദ്‌, നസാഇ). അബ്ദുല്ലാഹ് ബിന്‍ അല്‍-ഹാരിഥ് പറയുന്നു. സഹാബാക്കളില്‍ ഒരാള്‍ നബി (സ) അത്താഴം കഴിച്ചുകൊണ്ടിരിക്കെ നബിയുടെ അടുത്തേക്ക്‌ ചെന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ബറകത്താണത്. അത്കൊണ്ട് നിങ്ങള്‍ അത് ഉപേക്ഷിക്കരുത്. (നസാഇ).

സല്‍മാനുല്‍ ഫാരിസി (റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. നബി (സ) പറഞ്ഞു മൂന്നു കാര്യങ്ങളിലാണ് ബറകത്ത്: ജമാഅത്തില്‍ (കൂട്ടായ്മയില്‍) ഥരീദിലും (പത്തിരിയും ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന അറേബ്യന്‍ വിഭവം) അത്താഴത്തിലുമാണ്. (ഇമാം ത്വബ്റാനി). മുസ്‌ലിംകളുടെ വ്രതത്തിന്റെ വ്യതിരക്തതകൂടിയാണ് ഈ അത്താഴം. അംര്‍ ബിന്‍ അല്‍-ആസ് (റ)വില്‍ നിന്ന് നിവേദനം.. നബി (സ) പറഞ്ഞു: നമ്മുടെ നോമ്പും വേദം നല്‍കപ്പെട്ടവരുടെ (ക്രിസ്ത്യനികളും ജൂതന്മാരും) നോമ്പും തമ്മിലുള്ള വ്യതാസം അത്താഴ ഭക്ഷണമാണ്. (ഇമാം മുസ്‌ലിം) അതായത്‌ പ്രതിഫലാര്‍ഹാമായ അനുഷ്ഠാനമെന്ന രീതിയില്‍ അവര്‍ക്ക്‌ അത്താഴമുണ്ടായിരുന്നില്ല.  

അത്താഴം കഴിക്കേണ്ട സമയം

രാത്രിയുടെ അവസാന സമയത്ത്‌ അത്താഴം കഴിക്കുന്നതാണ് പ്രവാചക മാതൃക. അബൂദ്ദര്‍ദാഅ (റ) പറയുന്നു. നബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ പ്രവാചകന്മാരുടെ സ്വഭാവത്തില്‍ പെട്ടതാണ്. (സമയമായാല്‍) പെട്ടെന്ന് നോമ്പ് തുറക്കുക; അത്താഴം വൈകിപ്പിക്കുക, നിസ്കാരത്തില്‍ വലതുകൈ ഇടതുകൈയ്യിന്റെ മേല്‍ വെക്കുക. (ത്വബ്റാനി). ഒട്ടനവധി ഹദീസുകള്‍ ഇത് സംബന്ധിച്ച് വന്നിട്ടുണ്ട്. ഫജ്ര്‍ നിസ്കാരത്തിന്റെ ബാങ്കിനു ഏകദേശം പത്തോ പതിനഞ്ചോ മിനുട്ട്മുമ്പ്  അത്താഴം കഴിച്ചു പൂര്ത്തിയാക്കുന്നതാണ് ഉത്തമം.

സൈദ്‌ ബിന്‍ സാബിത്ത് (റ) പറയുന്നു. ഞങ്ങള്‍ നബി (സ)യോടൊപ്പം അത്താഴം കഴിച്ചു. പിന്നീട് നിസ്കാരത്തിനായി എഴുന്നേറ്റു. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ബാങ്കിനും അത്താഴത്തിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത്‌ ആയത്തുകള്‍ ഓതുന്നത്തിന്റെ ദൈര്‍ഘ്യം. (ബുഖാരി).

സഹ്ലുബിന്‍ സഅദ് (റ) പറയുന്നു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിക്കും. എന്നിട്ട് നബി (സ) യോടൊപ്പം ഫജ്ര്‍ ജമാഅത്ത് ലഭിക്കാനായി പെട്ടന്ന് പോകും. (ബുഖാരി) അതായത്‌ അതിന്റെ രണ്ടിന്റെയും ഇടയിലുള്ള സമയം കുറവായതിനാല്‍ ജമാഅത്ത് നഷ്ടപ്പെടാതിരിക്കാനായി അദ്ദേഹം വേഗം മസ്ജിദ്‌ നബവിയിലേക്കും പോകുമെന്ന് സാരം.

Also Read:വ്രതം; ചില ആരോഗ്യ വശങ്ങള്‍

ഈ ഹദീസുകള്‍ എല്ലാം അത്താഴം വൈകി കഴിക്കേണ്ടത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു.

എന്തു കഴിക്കണം?

ഹലാലായത്‌ എന്തും കഴിക്കാം. എന്തു കഴിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കും.  അബൂ സഈദില്‍ ഖുദ്രി നബി (സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: അത്താഴം ബറകത്താണ്. അത് നിങ്ങള്‍ ഒഴിവാക്കരുത്‌ ഒരിറക്ക് വെള്ളം കുടിച്ചിട്ടാണെങ്കിലും. (അഹ്മദ്‌)

ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്തെങ്കിലും അത്താഴമായി കഴിക്കട്ടെ (അഹ്മദ്‌). അപ്പോള്‍ ആ സമയത്ത് വെള്ളം കുടിച്ചാലും അത്താഴത്തിന്റെ സുന്നത്ത്‌ ലഭിക്കും. അത്താഴത്തിനു ഏറ്റവും നല്ല വിഭവം ഈത്തപ്പഴമാണ്.

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു: വിശ്വാസിയുടെ ഏറ്റവും നല്ല അത്താഴം ഈത്തപ്പഴമാണ്. (അബൂദാവൂദ്) ശാരീരിക ആരോഗ്യത്തിനും ഈത്തപ്പഴം നല്ലതാണ്. അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല.

സമയത്തിന്റെ പ്രാധാന്യവും അല്ലാഹുവിന്റെ പ്രശംസയും

ഒരു ദിനത്തിലെ ഏറ്റവും ബറകത്താക്കപ്പെട്ട സമയമാണ് അത്താഴ സമയം. ഈ അതിപ്രഭാതത്തിലുള്ള സമയത്ത് തന്റെ സമുദായത്തിനു അനുഗ്രഹം നല്‍കണമെന്നു പ്രവാചകന്‍ പ്രത്യേകം പ്രാര്‍ഥിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകള്‍ക്കും ഇബാദത്തുകള്‍ക്കും ഏറെ നല്ല സമയമാണിത്. ചോദിക്കുന്നവന് അവന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന പ്രാര്‍ത്ഥിക്കുന്നവന് ഉത്തരം നല്‍കപ്പെടുന്ന പൊറുക്കലിനെ തേടുന്നവനു പൊറുക്കപ്പെടുന്ന സമയമാണിതെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

അല്ലാഹുവിന്റെ പ്രശംസയും മലക്കുകളുടെ പ്രാര്‍ത്ഥനയും ലഭിക്കും ഇബാദത്താണെന്ന ലക്ഷ്യത്തോടെ അത്താഴം കഴിക്കുന്നവര്‍ക്ക്. നബി (സ) പറഞ്ഞു: അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവര്‍ക്ക് വേണ്ടി സ്വലാത്ത്‌ ചെല്ലും. (അഹ്മദ്‌). അതായത്‌ അല്ലാഹുവിന്റെ പ്രശംസയും മലക്കുകളുടെ പ്രാര്‍ത്ഥനയും ഉണ്ടാകും.  

(2013 ല്‍ ഓണ്‍വെബില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter