പാപമോചനത്തിന്റെ നാളുകള്‍

വിശുദ്ധമായ റമദാന്‍ മാസം  രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, കാരുണ്യത്തിന്റെ പത്ത് കഴിഞ്ഞ് പാപമോചനത്തിന്റെ പത്തിലേക്ക്. റമദാനിലെ ആദ്യ പത്ത് ദിനങ്ങള്‍ കാരുണ്യത്തിന്റെതായിരുന്നു,  കാരുണ്യവാനായ നാഥാ എനിക്ക് കരുണ ചെയ്യേണമേ എന്നായിരുന്നു നാം പ്രാര്‍ത്ഥനകള്‍ കൊണ്ട് ധന്യമാക്കിയിരുന്നത്. 

ഇനിയുള്ള പത്ത് പകലിരവുകളില്‍ (രണ്ടാമത്തെ പത്തില്‍)  നാം വര്‍ധിപ്പിക്കേണ്ട പ്രാര്‍ത്ഥന  സര്‍വ്വ ലോകരക്ഷിതാവായ നാഥാ എന്റെ പാപങ്ങളെല്ലാം പൊറുത്തു തരണമേ  എന്നാണ്.

 

അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം, നബി(സ) പറയുന്നു, ആരെങ്കിലും വിശ്വസിച്ചും പ്രതിഫലം കാംക്ഷിച്ചും റമദാനില്‍ നോമ്പനുഷ്ടിച്ചാല്‍ അവന്റെ മുന്‍ കഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്.

 

വിശുദ്ധ റമദാന്‍ മാസം പാപങ്ങള്‍ പൊറുക്കപ്പെടുന്ന മാസമാണെന്ന് മുകളിലെ ഹദീസില്‍ നിന്ന് മനസ്സിലാക്കാം,പാപങ്ങള്‍ പൊറുക്കപ്പെടുന്ന ഈ മാസത്തില്‍ നാഥനിലേക്ക കൂടുതുല്‍ അടുക്കാനായുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം മുഴുകേണ്ടത്,നന്മയുടെ മാര്‍ഗത്തിലായി ചെലവഴിക്കാന്‍ കിട്ടിയ അവസരത്തെ തീര്‍ത്തും ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്.  

 

മറ്റൊരു ഹദീസിലൂടെ കാണാം പ്രവാചകര്‍ (സ) പറഞ്ഞു റമദാന്‍ കഴിഞ്ഞിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ എന്നാണ്.

ഇമാം ഗസാലി (റ) തന്റെ ഇഹ്‌യാ ഉലൂമുദ്ധീന്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത് പാപക്കറയുമായി ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ലെന്നാണ്.

നാഥന്‍ തന്റെ അടിമകള്‍ക്ക് പൊറുത്തുകൊടുക്കുന്നവനാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

തന്റെ അതിക്രമ പ്രവര്‍ത്തിക്ക് ശേഷം ഒരാള്‍ പശ്ചാത്തപിക്കുകയും ഉത്തമജീവിതം നയിക്കുകയും ചെയ്താല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു (വി.ഖുര്‍ആന്‍ സൂറത്തുല്‍ മാഇദ-39)

ആരെങ്കിലും അതിക്രമം ചെയ്യുകയും തിന്മക്ക് പകരം നന്മയനുവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു(സൂറത്തുന്നംല് 11)

അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങള്‍ നിരാശരാവരുത്, നിശ്ചയം സകലപാപങ്ങളും അല്ലാഹു പൊറുക്കും, നിശ്ചയം അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും  ഏറെ കരുണ ചെയ്യുന്നവനും.(സൂറത്തുസ്സുമര്‍ 53)

മുകളിലെ ഖുര്‍ആനിക സൂക്തങ്ങളിലെല്ലാം വ്യക്തമാക്കിയത് അല്ലാഹു പാപമോചനം നല്‍കുന്നതിനെ കുറിച്ചാണ്. എന്നാല്‍ ഈ പാപമോചനത്തില്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കല്‍ അല്ലാത്ത എല്ലാദോഷങ്ങളും നാഥന്‍ പൊറുത്തുതരുമെന്നാണ് മേല്‍പറഞ്ഞ ഖുര്‍ആന്റെയും ഹദീസിന്റെയും സാരം.

 

അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുകയെന്നത് വന്‍ പാപമാണെന്നും അത് നാഥന്‍  പൊറുത്തു നല്‍കുകയില്ലെന്ന്  വിശുദ്ധ ഖുര്‍ആന്‍ സൂറത്തു ന്നിസാഅ് 48 ാം സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

 

ചെയ്ത് പോയ ദോഷങ്ങളെല്ലാം കഴുകിയെടുത്ത് ഹൃദയം ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരം,പാപങ്ങളെല്ലാം ശുദ്ധീകരിച്ച് തെളിഞ്ഞ മനസ്സോടെ നാഥനിലേക്ക അടുക്കാനുള്ള തൗഫീഖ് ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, നാഥന്‍ അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter