ഇഖ്ബാല്‍ കവിതകള്‍: സനേഹമൊഴുകിയ ധാരകള്‍

ഒട്ടനവധി വിശേഷണങ്ങള്‍ക്കുടമയായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ കൂടുതല്‍ ജനകീയനും പ്രസക്തനുമാക്കിയത് തന്റെ ഗദ്യത്തിലും പദ്യത്തിലും പ്രഭാഷണങ്ങളിലും കത്തുകളിലുമായി നിറഞ്ഞുനിന്ന പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിറവര്‍ണനകളാണ്. ഇഖ്ബാലിന്റെ ചിന്തയും ആശയവും പ്രചോദനവും പ്രോത്സാഹനവും ശമനവും അത്താണിയും പരിഹാരവുമെല്ലാം പ്രവാചകനായിരുന്നു. താന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേതും ഇഖ്ബാല്‍ പ്രവാചക സന്നിധിയില്‍ സമര്‍പ്പിച്ചു. അവിടന്ന് ലഭിക്കുന്ന മറുപടികളില്‍ ആത്മീയ സായൂജ്യമടഞ്ഞു.

ഇഖ്ബാലിന്റെ പ്രവാചക സ്‌നേഹം പിന്നീട് ഉര്‍ദു ഭാഷയുടെ ഉപമകളിലൊന്നായി മാറി. തന്റെ ജീവിത സായാഹ്നത്തില്‍ സന്ദര്‍ശകരാരെങ്കിലും പ്രവാചകനെയോ മദീനയെയോ അനുസ്മരിച്ചാല്‍ ഇഖ്ബാലിന്റെ നയനങ്ങള്‍ സജലങ്ങളായിത്തീരുക പതിവായി. അവസാന കാലത്ത് ഒരു സുഹൃത്തിനെഴുതിയ കത്തില്‍ ഇഖ്ബാല്‍ ഇങ്ങനെ എഴുതി: ‘ഞാന്‍ വിശ്വസിക്കുന്നു, പ്രവാചകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്. സച്ചരിതരായ സ്വഹാബികള്‍ എങ്ങനെയാണോ ആ പ്രവാചകനില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചത്, അതുപോലെ ഇക്കാലത്തും സാധ്യമാണ്.’

അസ്‌റാറെ ഖുദി എന്ന വിഖ്യാത ഗവേഷണഗ്രന്ഥത്തില്‍ ഓരോ വ്യക്തിത്വത്തിന്റെയും വളര്‍ച്ചയുടെ ഉത്ഭവം പ്രവാചകനാണ് എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു. ‘ഒരു സ്വത്വം നിര്‍മിക്കപ്പെടുന്നതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും ജീവിക്കുന്നതും ജ്വലിക്കുന്നതും ശോഭിക്കുന്നതുമെല്ലാം പ്രവാചക സ്‌നേഹവുമായി ഉള്‍ച്ചേരുമ്പോഴാണ്.’
മുഹമ്മദ് നബി ഹിറയുടെ ഇരുട്ടില്‍ നിന്നാണ് ഒരു രാജ്യവും രാജ്യനിയമവും കണ്ടെത്തിയത്. മുസ്‌ലിമിന്റെ ഹൃദയം പ്രവാചകന്റെ ഭവനമാണ്. നമ്മുടെ എല്ലാ പ്രതാപവും ആ നാമത്തില്‍ നിന്നാണ്. പ്രവാചകന്റെ വെളിച്ചം ഉള്‍ക്കൊണ്ട സമൂഹത്തെ അദ്ദേഹം ഇങ്ങനെ വര്‍ണിക്കുന്നു: മുസ്‌ലിം സമൂഹം വ്യത്യസ്ത ഇതളുകളാണെങ്കിലും ഒരേ സുഗന്ധം വഹിക്കുന്ന റോസ് ചെടികളെപ്പോലെയാണ്. പ്രവാചകരാണ് മുസ്‌ലിം സമൂഹത്തിന്റെ ആത്മാവ്. നാമെല്ലാം ആ ഹൃദയത്തില്‍ നിന്ന് വെളിച്ചം സ്വീകരിച്ച ഭാഗ്യവാന്മാര്‍ മാത്രം.

ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ പരന്നുകിടക്കുന്ന ഇഖ്ബാലിന്റെ കവിതാസാഗരത്തിന്റെ ഏതൊരംശത്തിലും പ്രവാചക സ്‌നേഹത്തിന്റെ മൂര്‍ത്തരൂപം ദൃശ്യമാണ്. പ്രവാചകരോടുള്ള സ്‌നേഹവും മദീനയോടുള്ള അഭിലാഷവുമായിരുന്നു ഇഖ്ബാലിന്റെ ജീവിതദിശ നിര്‍ണയിച്ചിരുന്നത്. സ്വന്തം ഭൗതിക ശരീരത്തെ ജീവിതത്തിലൊരിക്കല്‍ പോലും പുണ്യനഗരിയായ മദീന മുനവ്വറയിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും മദീനയിലെ തന്റെ ആത്മീയ സാന്നിധ്യത്തിലൂടെ അവിടത്തെ വൃക്ഷങ്ങളെയും ചെടികളെയും കുന്നുകളെയും മലകളെയും മണല്‍ തരികളെപ്പോലും അദ്ദേഹം പരിചയപ്പെട്ടിരുന്നു. മദീനയുടെ ഭാഗത്തുനിന്ന് വരുന്ന മന്ദമാരുതനില്‍ നിന്ന് പോലും തന്റെ പ്രേമ ഭാജനത്തിന്റെ സുഗന്ധ സാന്നിധ്യം അദ്ദേഹം വേര്‍തിരിച്ചെടുത്തു.

ഉര്‍ദുവിലും പേര്‍ഷ്യനിലും ഇഖ്ബാല്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. തന്റെ കവിതകളും വര്‍ണനകളുമെല്ലാം ജന്മസിദ്ധമായിരുന്നു. പഠനകാലത്ത് ഇംഗ്ലീഷ് സാഹിത്യവും അറബി സാഹിത്യവും അഭ്യസിച്ചപ്പോഴും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് തത്വചിന്തയിലായിരുന്നു. ഓറിയന്റലിസ്റ്റ് പണ്ഡിതനായ സര്‍ തോമസ് ആര്‍നള്‍ഡിന്റെ പ്രേരണ മൂലം പടിഞ്ഞാറന്‍ തത്വചിന്ത പഠിക്കാന്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളെജിലും പാശ്ചാത്യ നിയമം പഠിക്കാന്‍ ലിങ്കണ്‍സ് ഇന്നിലും ഇഖ്ബാല്‍ പഠനം നടത്തി. അക്കാലത്ത് മുസ്‌ലിം ലോകത്ത് കണ്ടുവന്നിരുന്ന അപകടകരമായൊരു പ്രവണതയായിരുന്നു പടിഞ്ഞാറന്‍ വിദ്യാഭ്യാസം നേടിയവരെല്ലാം പാശ്ചാത്യ സംസ്‌കാരത്തിന്റെ വക്താക്കളായിത്തീര്‍ന്നു എന്നത്. എന്നാല്‍, സ്വന്തം ഇസ്‌ലാമിക വ്യക്തിത്വം പടിഞ്ഞാറന്‍ മുഖംമൂടിക്ക് മുന്നില്‍ കാണിക്ക വെക്കാന്‍ ഇഖ്ബാല്‍ സന്നദ്ധനായിരുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടും ഇസ്‌ലാമിക വ്യക്തിത്വം നിലനിര്‍ത്തിയതിനെ ഇഖ്ബാല്‍ ഉപമിക്കുന്നത് നംറൂദിന്റെ തീ കുണ്ഠാരത്തില്‍ നിന്ന് രക്ഷ നേടി വരുന്ന ഇബ്‌റാഹീം പ്രവാചകനോടാണ്.

സ്വന്തം ആഗ്രഹങ്ങള്‍, അനുഭവങ്ങള്‍, വര്‍ത്തമാന മുസ്‌ലിം ലോകത്തിന്റെ പതിതാവസ്ഥ, സുദീര്‍ഘ യാത്രകള്‍, സൗഹൃദങ്ങള്‍, പരിചയങ്ങള്‍, ഇസ്‌ലാമിക ചരിത്രം, ഇന്ത്യന്‍ ദേശീയത, അറബ് ദേശീയത, ആഗോള മാനവികൈക്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇഖ്ബാല്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഇവയിലൊക്കെയും ഒരു പ്രവാചകീയ സാന്നിധ്യം സന്നിവേശിപ്പിച്ചതായി കാണാം. മദീനയെയും പ്രവാചകനെയും വര്‍ണിച്ച് ഇഖ്ബാല്‍ എഴുതിയ കവിതകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും തന്റെ അവസാന നാളുകളില്‍ എഴുതിയ അര്‍മുഗാനെ ഹിജാസ് (അറേബ്യയുടെ സമ്മാനം) എന്ന സുപ്രസിദ്ധ കൃതിയാണ്. ഭാവനയുടെയും വര്‍ണനയുടെയും സമ്പൂര്‍ണമായ മിശ്രണമാണ് അര്‍മുഗാനെ ഹിജാസ്. ലോക സാഹിത്യങ്ങളില്‍ ഇതിന് സമാനമായവ തേടിപ്പിടിക്കുക ദുഷ്‌കരമായിരിക്കും. കവി എഴുതുന്നു:

‘ആഗ്രഹങ്ങളുടെ ഒരു ലോകം തന്നെ
എനിക്കൊരു പദത്തിലൊതുക്കാം.
പക്ഷേ, സ്‌നേഹം എന്ന വലിയ തണലില്‍ നില്‍ക്കാന്‍
ഞാനെന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.’

മദീനയിലെത്താന്‍ തന്റെ ശരീരത്തിന് ഭാഗ്യം ലഭിച്ചില്ലെങ്കിലും മനസ്സ് സദാസമയവും മദീനയിലായിരുന്നു. സൗഭാഗ്യങ്ങളുടെ നഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള ഒരു ഖാഫിലക്കൊപ്പം ഇഖ്ബാല്‍ നടത്തിയ സാങ്കല്‍പിക യാത്രയാണ് അര്‍മുഗാനെ ഹിജാസിലെ പ്രമേയം. മദീനയിലേക്കുള്ള വഴികളെയും അവിടത്തെ മണല്‍തരികളെയും കവി സുന്ദരമായി വര്‍ണിക്കുന്നു. തന്റെ വര്‍ണനകള്‍ വഴി മരുഭൂ പട്ടുപാതയയായി മാറുന്നു. ഓരോ മണല്‍ തരിയും ആത്മാക്കളുള്ള ശരീരങ്ങളായി മാറുന്നു. തന്റെ കുതിരക്കാരനോട് കവി പറയുന്നതിങ്ങനെ:

‘മിടിക്കുന്ന ഹൃദയങ്ങളുടെ അനേകം ശരീരങ്ങള്‍ക്ക്
മീതെയാണ് നീ കുതിരയോടിക്കുന്നത്.
മരുഭൂ പട്ടുപരവതാനി വിരിച്ചിരിക്കുന്നു.
അവ മദീനയുടെ യാത്രികരെ അഭിവാദ്യം ചെയ്യുന്നു.’
പ്രവാചകനോടുള്ള തന്റെ സ്‌നേഹം പാരമ്യതയിലെത്തുമ്പോള്‍ അവിടേക്കുള്ള വഴികള്‍ പോലും അനുഗൃഹീതമാകുന്നു. തന്റെ ഖാഫിലയോട് അദ്ദേഹം പറയുന്നു: നിങ്ങള്‍ സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടേയിരിക്കുക. ഈ ധന്യ യാത്രയുടെ ഓര്‍മക്കായി മരുഭൂമിയില്‍ നിന്നൊരു അടയാളം നിങ്ങള്‍ സ്വീകരിച്ചിരിക്കണം.
‘ഈ ഖാഫില പ്രവേശിച്ച മരുഭൂ എത്ര അനുഗൃഹീതം!
ഓരോ ചവിട്ടിലും നിങ്ങള്‍ സ്വലാത്ത് ചൊല്ലുക.
ചുട്ടുപൊള്ളുന്ന മണല്‍പരപ്പില്‍
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക.
നെറ്റിത്തടം കരയുമ്പോള്‍ അത്
ഈ യാത്രയുടെ അടയാളമായിരിക്കട്ടെ..’
പ്രവാചകനിലേക്കുള്ള തന്റെ വഴിയെപ്പോലും വര്‍ണനകള്‍ വഴി ഇഖ്ബാല്‍ സമ്പന്നമാക്കി.
‘മരുഭൂമിയുടെ മഹാസൗഭാഗ്യമേ,
നിന്റെ രാത്രി ശുഷ്‌കവും പകല്‍ അനുഗൃഹീതവുമാണ്.
ഉദയം പോലെ അസ്തമനവും ആഹ്ലാദകരമാണ്.
പതുക്കെ, യാത്രക്കാരാ; പതുക്കെ.
നിന്റെ കാല്‍ക്കീഴിലുള്ള ഓരോ കണികയും
നമ്മെപ്പോലെ ആത്മാവുള്ളവയാണ്.’

കുതിരക്കാരനോട് സംവദിക്കുമ്പോഴുള്ള തന്റെ അസ്വസ്ഥ മനസ്സ് ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ തീവ്രത പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇതേയൊരു മാനസിക സ്ഥിതിയിലാണ് തന്റെ ശരീരത്തെ റൗളയുടെ മുന്നിലെത്തിച്ച് മുവാജഹ (അഭിസംബോധന)യുടെ ഘട്ടത്തിലെത്തുന്നത്. റൗളയുടെ മുന്നില്‍ നിന്ന് പ്രവാചകനദ്ദേഹം സ്വലാത്തും സലാമും അര്‍പ്പിച്ച് കൊണ്ടേയിരിക്കുന്നു. സന്തപ്ത, അസ്വസ്ഥ ഹൃദയത്തിന്റെ വക്താവായി നാവ് പരിണമിക്കുന്നു. തനിക്ക് ലഭിച്ച ഈ അവസരം തന്റെയും മുസ്‌ലിം സമുദായത്തിന്റെയും അസ്വസ്ഥതയുടെയും ഭയവിഹ്വലതയുടെയും പരിവേദനയുടെയും കദനങ്ങളുടെയും ഭാണ്ഡം പ്രവാചക സന്നിധിയില്‍ ഇറക്കിവെക്കാന്‍ കവി വിനിയോഗിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ നിസ്സഹായതയും പടിഞ്ഞാറന്‍ സംസ്‌കാരത്തോടുള്ള നിര്‍ലജ്ജ അനുകരണവും തന്റെ സന്ദേശം ജനത അവഗണിക്കുന്നതിലെ നൈരാശ്യവുമെല്ലാം പ്രവാചക സന്നിധിയില്‍ തുറന്നുപറയുന്നു. ഈ ആകുലതകള്‍ക്കത്രയുമുള്ള പരിഹാരമായി ഹിജാസില്‍ നിന്നുള്ള പ്രഭാതമാരുതന്‍ വഹിക്കുന്ന സന്ദേശം മുസ്‌ലിം ലോകത്തിന്റെ ഊര്‍ജ സ്രോതസ്സാണെന്ന് കവി സമര്‍ത്ഥിക്കുന്നുണ്ട്.

തന്റെ ശതാബ്ദിയും പിന്നിട്ട ശേഷമാണ് ഹിജാസിലേക്കുള്ള ഈ സാങ്കല്‍പിക പ്രയാണം ഇഖ്ബാല്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യപരമായി ശരീരം അവശമായിരുന്നപ്പോഴും പ്രവാചക സ്‌നേഹത്താല്‍ മനസ്സ് കൂടുതല്‍ കൂടുതല്‍ ജീവസ്സുറ്റതായി മാറുകയാണ്.
‘ഈ ജീവിതത്തിന്റെ സായം സന്ധ്യയില്‍ ഞാന്‍
യസ്‌രിബിലേക്ക് യാത്ര തിരിക്കുകയാണ്.
അനുരാഗത്തിന്റെ ഹര്‍ഷാത്മക കവിതകള്‍ ആലപിച്ചുകൊണ്ട്
സന്ധ്യാ നേരത്ത് മഞ്ഞ വെളിച്ചം പരക്കുമ്പോള്‍
കൂടുതേടി ചിറകടിച്ച് പറക്കുന്ന പക്ഷിയെപ്പോലെ..’

വിശ്വാസിയുടെ ആത്മാവിന്റെ സങ്കേതമായി മദീനയെ വര്‍ണിക്കുന്നതിന്റെ സാംഗത്യം കിളിക്കൂട് തേടുന്ന കിളിയോട് ഉപമിക്കുമ്പോള്‍, അസ്തമനത്തിന് മുമ്പേ കൂടണയുന്ന വ്യഗ്രതയോടെ പറക്കുന്ന കിളിയെപ്പോലെ വിശ്വാസിയുടെ സങ്കേതമായ മദീനയിലേക്ക് കവിയുടെ മനസ്സും പറന്നുപോകുന്നു.
‘യാത്ര സങ്കീര്‍ണമാകാതിരിക്കാന്‍
ഞാന്‍ കുതിരയോടര്‍ത്ഥിക്കുന്നു:
യാത്രികന്‍ വൃദ്ധനും രോഗിയുമാണ്.
മരുഭൂമിയുടെ വിജനത നീ ഗൗനിക്കേണ്ട,
മരുഭൂമിയിലൂടെയല്ല;
പട്ടുപാതയിലൂടെയാണ് നീ ഗമിക്കുന്നത്.’

വിശ്രുത പേര്‍ഷ്യന്‍ കവി ദ്വയങ്ങളായ ഇറാഖിയുടെയും ജാമിയുടെയും വരികളില്‍ നിന്ന് ഇഖ്ബാല്‍ വെളിച്ചം കൊള്ളുന്നു. അനുവാചക ഹൃദയം കവിയുടെ ഭാഷയില്‍ നിന്നും ഹൃദയ വികാരത്തില്‍ നിന്നും ബഹുദൂരം അകന്നുനില്‍ക്കുമ്പോഴും അവരുടെ ഹൃദയം മരണവേദനയോട് സമാനമായ വേദന അനുഭവിക്കുന്നു. കവിതയിലെ വരികള്‍ക്ക് വേണ്ടി അവര്‍ ദാഹവും വിശപ്പും മറക്കുന്നു.

മദീനയിലേക്കുള്ള യാത്രയിലെ കഷ്ടപ്പാടുകളത്രയും ഇഖ്ബാല്‍ നിരാകരിക്കുന്നുണ്ട്. ഉറക്കം നഷ്ടപ്പെടുന്നത് പോലും തന്റെ ആസ്വാദനത്തിന്റെ ഉറവിടമായി വിലയിരുത്തുന്നു. യാത്രയുടെ ദൈര്‍ഘ്യം കവി പരിഗണിക്കുന്നേയില്ല. ലക്ഷ്യസ്ഥാനത്തേക്ക് പെട്ടെന്ന് ചെന്നെത്തണമെന്നും ആഗ്രഹിക്കുന്നില്ല. കഷ്ടപ്പാടുകള്‍ നിറഞ്ഞ മരുഭൂ പാതകള്‍ താണ്ടി അത്യാഹ്ലാദത്തോടെയാണ് കവി മദീനയില്‍ പാദമൂന്നുന്നത്.
മദീനയില്‍, റൗളയുടെ തിരുനഗരിയില്‍ എത്തിയപ്പോള്‍ കവി ഖാഫിലയോട് പറയുന്നു:
‘നാമിപ്പോള്‍ ഒരേ സംഗീത ധ്വനിയുടെ വലയത്തിലാണ്.
ഇതാ; നമ്മുടെ ഹൃദയ വികാരങ്ങളെ
പൂര്‍ത്തീകരിക്കാനുള്ള മുഹൂര്‍ത്തം വന്നണഞ്ഞിരിക്കുന്നു.
നമ്മുടെ അശ്രുകണങ്ങള്‍ സമര്‍പ്പിക്കേണ്ട
പാദച്ചുവട്ടില്‍ സന്നിഹിതരായിരിക്കുന്നു.
നമുക്ക് നേത്രങ്ങള്‍ക്ക് മുന്നിലെ ആവരണങ്ങളുയര്‍ത്താം.
അവ മതിവരോളം ഒഴുകട്ടെ..
സഹോദരാ, കൂടെ വരൂ;
നമുക്കൊന്നിച്ച് കരഞ്ഞുതീര്‍ക്കാം.
നാമൊക്കെയും ഒരേ സൗന്ദര്യത്തിന്റെ,
പരിവേഷത്തിന്റെ ഇരകളാണ്.
ഹൃദയത്തിനല്‍പം സ്വാതന്ത്ര്യം നല്‍കുക.
അടക്കപ്പെട്ട വികാരങ്ങള്‍ അത് പുറത്തുവിടട്ടെ.
നയനങ്ങള്‍ തുടക്കൂ,
യജമാന പാദങ്ങളില്‍ അവയത്രയും സമര്‍പ്പിക്കപ്പെടട്ടെ..’

തിരു സന്നിധിയിലണയാന്‍ സാധിച്ചതിലുള്ള സംതൃപ്തിയുടെ വര്‍ണന കാവ്യസൗന്ദര്യത്തിന്റെ മൂര്‍ത്ത രൂപമാണ്. ലോകൈക നേതാവിന്റെ സന്നിധിയില്‍ ഇതാ ഒരു യാചകന് പ്രവേശനം ലഭിച്ചിരിക്കുന്നു. പ്രവാചകന്‍ എന്ന വലിയ വ്യക്തിത്വത്തിന് മുന്നില്‍ ഇഖ്ബാല്‍ എന്ന തത്വചിന്തകനും കവിയും ഒന്നുമല്ലെന്ന് തുറന്നു സമ്മതിക്കേണ്ടി വരുന്നു:
‘ബുദ്ധിമതികളുടെ വിലയിടിയുകയാണ്
പിണ്ഡികള്‍ക്കിതാ വലിയ അവസരങ്ങള്‍ വരുന്നു.
തീര്‍ച്ചയായും ഞാനെത്ര അനുഗൃഹീതന്‍; സൗഭാഗ്യവാന്‍!
പരമാധികാരിയുടെ കവാടങ്ങളിതാ
യാചകനു മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു.’

തനിക്ക് കൈവന്ന ഈ അത്യാഹ്ലാദ മുഹൂര്‍ത്തത്തിലും ഇഖ്ബാല്‍ മുസ്‌ലിം ലോകത്തിന്റെ നിസ്സഹായതയെ മറക്കുന്നില്ല. തന്റെ ആകര്‍ഷണീയ വാക്ചാതുരിയോടെ മുസ്‌ലിം ലോകത്തിന്റെ പരിഭവം പ്രവാചകന് മുന്നില്‍ അദ്ദേഹം സമര്‍പ്പിക്കുന്നു. ഔന്നത്യങ്ങളില്‍ നിന്ന് പാതാളത്തോളം പതിച്ചുപോയ ഒരു സമൂഹമായി മുസ്‌ലിം സമൂഹത്തെ വിവരിക്കുന്നു; എന്റെ ജനത ഐക്യരഹിതരാണ്. അനാഥരാണ്. കവി തന്റെ സങ്കട ഹരജി തുറക്കുന്നതിങ്ങനെ:
‘നീലാകാശമിപ്പോഴും നിര്‍ഭയനാണ്
യാത്രാസംഘമിപ്പോഴും അപഥ സഞ്ചാരം നടത്തുന്നു.
ഞാന്‍ ആരോട് പരിഭവിക്കാന്‍?
നിങ്ങള്‍ക്കറിയില്ലേ,
മുസ്‌ലിം സമൂഹം ഇടയനില്ലാത്ത ആള്‍ക്കൂട്ടമാണെന്ന്.
അവരുടെ ചോരത്തിളപ്പ് അവസാനിച്ചിരിക്കുന്നു.
അവന്റെ തോള്‍സഞ്ചി ശൂന്യമാണ്.
സ്വന്തം വീടിന്റെ അലമാരക്കകത്താണ്
ഇപ്പോഴും വേദഗ്രന്ഥത്തിന്റെ ഇടം.’

പ്രവാചക സന്നിധിയിലുള്ള ഇഖ്ബാലിന്റെ പരിഭവം വര്‍ത്തമാന മുസ്‌ലിം ലോകത്തിന്റെ ദൈന്യതയുടെ നേര്‍ചിത്രമാണ്. സമുദായത്തില്‍ നിന്ന് വിശ്വാസത്തിന്റെ പ്രകാശം അണഞ്ഞുപോയിരിക്കുന്നു. സ്‌നേഹത്തിന്റെ തീവ്രതയും അസ്തമിച്ചു. ഇപ്പോള്‍ ആര്‍ക്കു വേണ്ടിയും മിടിക്കാത്തതാണ് മുസ്‌ലിമിന്റെ ഹൃദയം. സാമീപ്യ സൗഭാഗ്യം പോലും അവനിന്ന് കിട്ടാക്കനിയാണ്.
‘കഴിഞ്ഞ രാത്രിയില്‍ ഞാന്‍ ദൈവത്തോട് ചോദിച്ചു;
എന്താണ് മുസ്‌ലിമിന്റെ പതിതാവസ്ഥക്ക് കാരണം?
ദൈവം: നിനക്കറിയില്ലേ,
ഈ സമൂഹത്തിന് ഹൃദയമുണ്ട്;
പക്ഷേ, സ്‌നേഹരഹിതമാണത്.’
ആള്‍ക്കൂട്ടത്തിനിടയിലും താന്‍ അനുഭവിക്കുന്ന വന്യമായ ഏകാന്തത അര്‍മുഗാനെ ഹിജാസിന്റെ അവസാന ഭാഗത്ത് കവി പ്രകടമാക്കുന്നുണ്ട്. ലോകം പ്രവിശാലമായിരുന്നിട്ടും താന്‍ ഏകാന്തനാണെന്ന വസ്തുത ഇഖ്ബാല്‍ തിരിച്ചറിയുന്നു:
‘കിഴക്കിനും പടിഞ്ഞാറിനും ഞാന്‍ അപരിചിതന്‍;
സുഹൃത്തുക്കളില്ലാത്ത ഏകാകി.
എന്റെ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നു.
ദുഃഖങ്ങളത്രയും സ്വന്തം മനസ്സില്‍ തന്നെ ഞാന്‍ അടക്കം ചെയ്യുന്നു.
എത്ര നിഷ്‌കളങ്കതയോടെയാണ് ഞാന്‍
ഏകാന്തതയെപ്പോലും വഞ്ചിക്കുന്നത്!’

പ്രവാചകന്റെയും മുസ്‌ലിം സമുദായത്തിന്റെയും ഇടയില്‍ സംഭവിച്ചുപോയ ദൗര്‍ഭാഗ്യകരമായ വലിയ വിടവിനെ നികത്താനായിരുന്നു കവിതകളിലുടനീളം ഇഖ്ബാല്‍ ആഹ്വാനം ചെയ്തിരുന്നത്. അദ്ദേഹം എഴുതി: ‘ഭിഷഗ്വരന്‍ മൃതശരീരമെന്ന് വിധിയെഴുതിയ ജഡം പ്രവാചക സന്നിധിയില്‍ ഞാന്‍ കൊണ്ടുചെല്ലുന്നു. മരിച്ചവനോടും ജീവിതത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഖുര്‍ആനിക മാസ്മരികത പങ്കുവെക്കുന്നു. അറേബ്യന്‍ മരുഭൂവില്‍ വിരിഞ്ഞ പനിനീര്‍ പുഷ്പം അവനെ ഞാന്‍ വാസനിപ്പിക്കുന്നു.’
പ്രവാചക സന്നിധിയിലേക്കുള്ള സര്‍ഗാത്മക സഞ്ചാരത്തെയാണ് അര്‍മുഗാനെ ഹിജാസ് അടയാളപ്പെടുത്തുന്നതെന്ന് നിസ്സംശയം പറയാം

 തെളിച്ചം മാസിക

റഫറന്‍സ്:1. Iqbal: poetic philosopher of Islam, Prof. Muhammed Munawwar
2. Glory of Iqbal, Abul Hasan Ali Nadwi
3. Armughane Hijaz, Allama Muhammed Iqbal

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter