അത്‍യബുന്നഗം: മദ്ഹുന്നബി സാഹിത്യത്തിലെ ഇന്ത്യൻ സൂര്യരശ്മി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ മഹാനാണ് ലോകപ്രശസ്തനായ പണ്ഡിതനും മുഹദ്ദിസുമായ ഇമാം ഷാ വലിയുല്ലാഹ് ദഹ്‌ലവി (1703–1762). മുഗൾ സാമ്രാജ്യത്തിന്റെ പതനകാലത്ത് ജീവിച്ച അദ്ദേഹം, ഡൽഹിയിലെ മദ്‌റസ റഹീമിയ്യയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. മഹാന്റെ ജീവിതത്തിലെ വഴിത്തിരിവ് 1731-32 കാലത്ത് നടത്തിയ ഹജ്ജ് യാത്രയും തുടർന്ന് മക്കയിലും മദീനയിലും ഹദീസ് വിജ്ഞാനീയത്തിൽ ആഴത്തിലുള്ള പഠനം നടത്തിയതുമാണ്. അത് മുഖേന അവർ ചെയ്ത ഏറ്റവും വലിയ സംഭാവന ഹദീസ് വിജ്ഞാനത്തിന്റെ പുനരുദ്ധാരണമാണ്. കർമ്മശാസ്ത്രത്തിന് (ഫിഖ്ഹ്) പ്രാധാന്യം നൽകിയിരുന്ന പാരമ്പര്യത്തെ മാറ്റി, എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം വിശുദ്ധ ഖുർആനും പ്രവാചകന്റെ ചര്യയുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വഹീഹുൽ ബുഖാരി ഉൾപ്പെടെയുള്ള ആധികാരിക ഹദീസ് ഗ്രന്ഥങ്ങളുടെ പഠനം അദ്ദേഹം വ്യാപകമാക്കി, അതുവഴി ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാരുടെ പരമ്പരയ്ക്ക് അടിത്തറയിട്ടു.
ഇസ്‌ലാമിക തത്വചിന്താ മേഖലയിലെ അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് 'ഹുജ്ജത്തുല്ലാഹിൽ ബാലിഗ'. ഇസ്‌ലാമിക നിയമങ്ങളുടെ പിന്നിലുള്ള യുക്തിയും സാമൂഹിക ലക്ഷ്യങ്ങളും ഈ ഗ്രന്ഥം ശാസ്ത്രീയമായി വിശദീകരിക്കുന്നു. വിവിധ കർമ്മശാസ്ത്ര മദ്ഹബുകൾക്കിടയിലെ ഭിന്നതകൾ ഇല്ലാതാക്കാനും ഹദീസിന്റെ വെളിച്ചത്തിൽ ഇജ്തിഹാദിന് (സ്വതന്ത്ര ഗവേഷണം) പ്രാധാന്യം നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സാധാരണക്കാർക്ക് ഖുർആൻ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി അദ്ദേഹം തന്നെ അതിനെ 'ഫത്ഹുർറഹ്മാൻ' എന്ന പേരിൽ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. പ്രവാചകര്‍(സ്വ)യുടെ സുന്നത്തിനെ അടിസ്ഥാനമാക്കി, തകർന്നുകൊണ്ടിരുന്ന മുസ്‍ലിം സമൂഹത്തിന് ദാർശനികവും സൈദ്ധാന്തികവുമായ അടിത്തറ നൽകിയ മഹാനായിരുന്നു ഷാ വലിയുല്ലാഹ് ദഹ്‌ലവി. അവരുടെ തൂലികയിലൂടെ വെളിച്ചം കൊണ്ട അനേകം കാവ്യ ശകലങ്ങളിലൂടെയാണ് പ്രവാചകരും അനുചരന്മാരും നടത്തിയ പ്രബോധനത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ ഇന്ത്യൻ ജനതയുടെ ഹൃദയാന്തരങ്ങളിൽ ആന്തോളനങ്ങൾ സൃഷ്ടിക്കുന്നത്. നബികീർത്തന (മദ്ഹുന്നബി) സാഹിത്യത്തിലെ, അത്തരമൊരു ഉന്നത സ്ഥാനമുള്ള കാവ്യരത്‌നമാണ് "അത്‍യബുന്നഗം ഫീ മദ്ഹി സയ്യിദിൽ അറബി വൽ അജം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം.
അറബി കാവ്യത്തിലെ ബായിയ്യ എന്ന ശാഖയിൽ പെടുന്നതാണ് പ്രസ്തുത ഗ്രന്ഥം. അതായത്, ഇതിലെ ഓരോ വരിയും 'ബാഅ്' എന്ന അക്ഷരത്തിലാണ് അവസാനിക്കുന്നത്. ഈ രീതിയിലുള്ള അക്ഷരക്രമവും പദങ്ങളുടെ പ്രയോഗവും കവിതക്ക് ഗാംഭീര്യവും താളബോധവും നൽകുന്നു. ഈണത്തിൽ ആലപിക്കുമ്പോൾ ഇതിന്റെ മനോഹാരിത പതിന്മടങ്ങ് വർധിക്കുകയും ചെയ്യുന്നു. കവിതയുടെ തുടക്കം തന്നെ വായനക്കാരനെ ആകർഷിക്കുന്ന തരത്തിലാണ്. കവി തന്റെ വ്യക്തിപരമായ വിഷമതകളെയും ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളെയും ദുരിതങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. ഈ പ്രയാസങ്ങൾ തന്നെ പുറത്തു നിന്നും വലയം ചെയ്യുമ്പോൾ, മുഹമ്മദ് നബി(സ്വ)യിലേക്കാണ് താൻ അഭയം തേടുന്നതെന്നും, നബി(സ്വ)യുടെ സ്നേഹമാണ് തനിക്ക് ഈ ലോകത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നുമുള്ള രക്ഷാകവചമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
ഒരു കടുദുരിതം എൻ മേൽ വന്നെത്തി,
നാശം എൻ ആത്മാവിനെ ചൂഴുമ്പോൾ,
നാഥനോ, തുണയോ ഒന്നുണ്ടോയെന്നായ്,
ഭീതിദമാം വിപത്തൊഴിപ്പാൻ ഞാനാരായുമ്പോൾ...
അന്നെനിക്കായ് കാൺമതൊന്നേയുള്ളൂ,
മുഹമ്മദാം ഹബീബിനെ മാത്രമായ്,
ഗുണങ്ങളേറെയേന്തും സൃഷ്ടിതൻ ദൂതനെ,
ആശ്രയമായ് എൻ ഹൃദയം തേടും സദാ.
സർവസൃഷ്ടിയിലും ഉത്തമൻ നിൻ മേൽ
അല്ലാഹുവിൻ രക്ഷയും ശാന്തിയും ചൊരിയട്ടെ,
നല്ലൊരാശയും, നൽകുന്നോരിൽ ഉദാരനും,
നിനക്കാണെൻ പ്രണാമങ്ങൾ നിത്യവും!
വിപത്തൊഴിപ്പാൻ പ്രതീക്ഷിക്കപ്പെടുന്നോരിൽ ശ്രേഷ്ഠൻ,
നിൻ ഔദാര്യമോ മഴമേഘത്തേക്കാളുമുദാരം!
തുടർന്ന്, കവിത അതിന്റെ കാതലായ, നബി(സ്വ)യുടെ പ്രകീർത്തനത്തിലേക്ക് കടക്കുന്നു. കവിതയിലുടനീളം നബി(സ്വ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്നു. അദ്ദേഹം നബി(സ്വ)യെ 'സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടി' എന്നും 'ഏറ്റവും മികച്ച ധീരനും ഉദാരമതിയും' എന്നും വിശേഷിപ്പിക്കുന്നു. ഇസ്‌ലാമിക പ്രബോധനത്തിൽ നബി(സ്വ) സഹിച്ച ത്യാഗങ്ങളെയും വിഷമതകളെയും കുറിച്ച് പ്രതിപാദിക്കുമ്പോൾ തന്നെ, ശത്രുക്കളോട് പോലും അദ്ദേഹം കാണിച്ച ഔദാര്യവും സൗമ്യതയും കവി എടുത്തുപറയുന്നു. നബി(സ്വ)യുടെ മുഖസൗന്ദര്യത്തെക്കുറിച്ച് പറയുമ്പോൾ, 'തെളിഞ്ഞതും സുന്ദരവുമായ മുഖമുള്ളവൻ, കറുത്തതും വലിയതുമായ കണ്ണുകളുള്ളവൻ' എന്ന് വർണ്ണിക്കുന്നു.
ഈ കവിതയുടെ പ്രധാന ഊന്നൽ മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള അത്യുന്നതമായ സ്ഥാനമാണ്. നബി(സ്വ)യെ 'മുർസലുകളിൽ വെച്ച് ഏറ്റവും ഉയർന്ന സ്ഥാനമുള്ളവൻ' എന്നും 'പ്രകാശിക്കുന്ന നക്ഷത്രങ്ങൾക്കിടയിലെ സൂര്യൻ' എന്നും വിശേഷിപ്പിക്കുന്നു. നബി(സ്വ)യെ 'ദൈവിക വരദാനങ്ങളുടെ നിധിയുടെ താക്കോൽ' (മിഫ്താഹ് ലി കൻസിൽ മവാഹിബ്) എന്ന് വിശേഷിപ്പിക്കുന്നത്, സർവ്വ അനുഗ്രഹങ്ങളും നബി(സ്വ)യുടെ കൈകളിലൂടെയാണ് ലോകത്തേക്ക് പ്രവഹിക്കുന്നത് എന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു കാലഘട്ടത്തിൽ പ്രവാചകത്വത്തിന്റെ വെളിച്ചം അണഞ്ഞുപോയപ്പോൾ, സകല മതങ്ങളിലെയും ആശയ വൈകല്യങ്ങളെ തിരുത്തിക്കൊണ്ട്, സന്മാർഗ്ഗത്തിന്റെ മാർഗ്ഗം വ്യക്തമാക്കാൻ വന്ന മുജദ്ദിദ് (നവോത്ഥാനം നൽകിയവൻ) കൂടിയാണ് നബി(സ്വ) എന്ന് കവി ഈ വരികളിലൂടെ സ്ഥാപിക്കുന്നു.
നബി(സ്വ)യുടെ മുഅ്ജിസത്തുകൾ (അത്ഭുത സിദ്ധികൾ) കവിതയിൽ വിവരിക്കുന്നുണ്ട്. കല്ലുകളും ചരൽക്കല്ലുകളും അവിടുത്തോട് സംസാരിച്ചതും, നബി(സ്വ)യുടെ വിടവാങ്ങലിൽ ദുഃഖം പൂണ്ട് ഈന്തപ്പനത്തടി കരഞ്ഞതുമെല്ലാം കവിതയിൽ പ്രതിപാദിക്കുന്നു. എന്നാൽ, ഈ അത്ഭുതങ്ങളിൽ വെച്ച് ഏറ്റവും വലുതും വ്യക്തവുമായത് വിശുദ്ധ ഖുർആൻ ആണെന്ന് കവി പ്രഖ്യാപിക്കുന്നു. ഖുർആനിന്റെ ഭാഷാപരമായ സൗന്ദര്യവും അമാനുഷികതയും മനുഷ്യർക്ക് ഒരിക്കലും അതിനെ വെല്ലുവിളിക്കാൻ സാധിക്കില്ലായെന്നും ദഹ്‍ലവി വിവരിക്കുന്നു.
കവിത അതിന്റെ ആത്മീയവും വൈകാരികവുമായ ഔന്നത്യത്തിൽ എത്തുന്നത് കവി തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുമ്പോഴാണ്. നബി(സ്വ)യെ സ്വപ്നത്തിൽ കാണുമ്പോൾ തനിക്ക് ഉണ്ടാകുന്ന അനുഭൂതിയെക്കുറിച്ചും, അവിടുത്തെ പേര് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആത്മീയമായ വിറയലിനെ (ഖശ്‌അരീറ) കുറിച്ചും അദ്ദേഹം സംസാരിക്കുന്നു:
കണ്ണടച്ചാൽ എൻ കൺമുമ്പിൽ
കാണുമവിടത്തെ തിരുമുഖം,
ഉറക്കിലെൻ സ്വപ്നമായി എൻ നാഥൻ
വിളങ്ങീടും പ്രിയ നബിമുഖം!
എൻ ഉയിരും ഉടലും സർവ്വസ്വവും
കൂട്ടരും കുടുംബവും നാഥാ,
ബലിയായ് ഞാനവിടേക്കായ് നൽകാം
അവിടുത്തെ രക്ഷയ്ക്കായ് നിത്യവും.
നാമമോർക്കുമ്പോൾ നാഡിതൻ ഉള്ളിൽ
ഒരുതരം വിറയലുണരും നൂനം,
അന്യർക്കറിയാത്ത, ആത്മീയമാം ആ
വികാരത്തിൻ ഊർജ്ജപ്രവാഹം!
ഈ തീവ്രമായ സ്നേഹവും വൈകാരികമായ പ്രതികരണവും, ഷാ വലിയുല്ലാഹ് ദഹ്‌ലവിക്ക് നബി(സ്വ)യോടുമുള്ള അഗാധമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം നബി(സ്വ)യുടെ ഓർമ്മകളിൽ ആത്മീയമായ ആശ്വാസവും സന്തോഷവും കണ്ടെത്തുന്നു.
അവസാനമായി, കവി മഹാശുപാർശ (ശഫാഅതുല്‍ഉള്മാ) എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്ത്യനാളിൽ, മറ്റാർക്കും ശുപാർശ ചെയ്യാൻ കഴിയാത്ത ഘട്ടത്തിൽ മുഹമ്മദ് നബി(സ്വ) മാത്രമാണ് മനുഷ്യരാശിയുടെ രക്ഷകനും ശുപാർശകനുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
വിധിനാളിൽ, രക്ഷയ്ക്കായ് ആരുമില്ലാതെ
സർവ്വരും കഴലും ആ ദിനത്തിൽ,
ശുപാർശകനായ് നാഥന്റെ സന്നിധിയിൽ
അവിടുന്ന് മാത്രമാണഭയം!
അങ്ങനെ, നബി(സ്വ) എല്ലാ വിപത്തുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും അഭയം നൽകുന്നവനും രക്ഷകനുമാണെന്നതിനെ മനോഹരമായി അനാവരണം ചെയ്യുകയാണ് ദഹ്‍ലവി. അവിടുത്തെ അനുയായികളും കുടുംബാംഗങ്ങളും സ്നേഹിതരുമായ സ്വഹാബികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് കവിത സമാപിക്കുന്നത്.
"അത്‍യബുന്നഗം" എന്നത് കേവലം ഒരു കവിതയല്ല, മറിച്ച് ഒരു ആത്മീയ യാത്രയാണ്. അത് ഷാ വലിയുല്ലാഹ് ദഹ്‌ലവി എന്ന മഹാനായ പണ്ഡിതന്റെ പ്രവാചകാനുരാഗത്തെയും ആഴത്തിലുള്ള ഈമാനിനെയും ഭാഷാപരമായ വൈദഗ്ധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. നബി(സ്വ)യുടെ മഹത്വവും, അവിടുത്തെ സ്ഥാനവും, ദുരിതങ്ങളിൽ അഭയം തേടാനുള്ള അവിടുത്തെ കഴിവും ഊന്നിപ്പറയുന്ന ഈ കാവ്യം, ഇസ്‌ലാമിക സാഹിത്യ ചരിത്രത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, ഒരു അതുല്യമായ സ്ഥാനം വഹിക്കുന്നു. ആകർഷകമായി രചിക്കപ്പെട്ട ഈ മനോഹര കാവ്യം ഇമാം ബൂസ്വീരിയുടെ 'ബുർദ' യുടെ തൊട്ടടുത്തു സ്ഥാനം പിടിക്കും എന്നതിൽ സംശയമില്ല. ഈ കാവ്യവും ബുർദയും താരതമ്യം ചെയ്തു നടത്തപ്പെട്ട ഗവേഷണ പഠനങ്ങൾ നിരവധിയാണ്. 106 വരികളുള്ള ഈ കാവ്യം 'ബഹ്ർ ത്വവീൽ' വൃത്തത്തിലാണ് രചിക്കപ്പെട്ടത്.
മുർസലുകളിലുച്ഛമാം സ്ഥാനമേ നിനക്കായ്, അവരൊക്കെ
താരങ്ങൾ, സൂര്യനല്ലോ അവിടുന്നെങ്ങും!
ബുസയ്‌ന തൻ സൗന്ദര്യമെത്ര പേർ പാടട്ടെ, സൈനബുമാർ
തൻ സ്നേഹം കാമുകർ വർണ്ണിക്കട്ടെ, ഹബീബാം
മുഹമ്മദിൻ പ്രേമമെൻ നാവിനാൽ പ്രിയതമർതൻ പ്രേമം
കാമുകർ പാടുമ്പോൾ ഞാനുമോതാം.
Leave A Comment