മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചത് മാപ്പര്‍ഹിക്കാത്ത കൊടുംകുറ്റം- ഇറാൻ പരമോന്നത നേതാവ്
തെഹ്‌റാന്‍: പ്രവാചകൻ മുഹമ്മദ് സ യെ അപകീർത്തിപ്പെടുത്തുന്ന വിവാദ കാര്‍ട്ടൂൺ ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. പ്രവാചകനെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന വിവാദ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള മാസികയുടെ തീരുമാനം മാപ്പര്‍ഹിക്കാത്ത കൊടുംകുറ്റമാണെന്നും ഖാംനഈ തുറന്നടിച്ചു.

ഇസ്‌ലാമിനും മുസ്‌ലിം സമുദായത്തിനും എതിരെയുള്ള പാശ്ചാത്യ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ ശത്രുതയെയും വിദ്വേഷത്തെയുമാണ് ഇക്കാര്യം എടുത്തുകാട്ടുന്നതെന്നും ഖാംനഈ പറയുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്‌ലാമിന്റെ വിശുദ്ധ പ്രവാചകനെ അപമാനിക്കുന്ന മാസികയുടെ ഈ നടപടിയെ ഫ്രാന്‍സിലെ രാഷ്ട്രീയനേതാക്കള്‍ അപലപിക്കാന്‍ കൂട്ടാക്കാത്തത് വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിലൂടെ മാസിക തെറ്റ് ചെയ്തുവെന്ന് പറയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. ദൈവനിന്ദ നടത്താനുള്ള സ്വാതന്ത്ര്യം ഫ്രാന്‍സിലുണ്ടെന്നും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവുമായിട്ടാണ് അതിന് ബന്ധമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഈ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ 2015 ജനുവരി ഏഴിന് പാരീസിലെ ഷാര്‍ലി എബ്ദോയുടെ ഓഫീസില്‍ വച്ച്‌ മാസികയുടെ പേരുകേട്ട കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള 12 പേർ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter