പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി   പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാനൊരുങ്ങി സമസ്ത നേതാക്കള്‍
കോഴിക്കോട്: ലോക്‌സഭയിൽ ഇന്ന് അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിൽ ആശങ്കയറിയിക്കാൻ പ്രധാനമന്ത്രി, കേന്ദ്ര അഭ്യന്തര മന്ത്രി എന്നിവരെ സമസ്ത നേതൃത്വം ഉടന്‍ കാണുമെന്ന് നേതൃത്വം അറിയിച്ചു. പൗരത്വ ഭേദഗതി ബിൽ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയുടെ അടിയന്തിര യോഗത്തിന് ശേഷം കോഴിക്കോട് സമസ്താലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പൗരത്വ ബില്‍ വിവേചനപരവും, ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 14, 15 എന്നിവ പ്രകാരം രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന തുല്ല്യത, വിവേചനമില്ലായ്മ എന്നീ മൗലികാവകാശങ്ങള്‍ക്ക് കടക വിരുദ്ധവുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മുഴുവന്‍ മതേതര പാര്‍ട്ടി പ്രതിനിധികളും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ഈ വിവേചനത്തിനെതിരെ നിലകൊള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇന്ന് തന്നെ സമസ്തയുടെ നേതൃത്വത്തില്‍ അടിയന്തിര സന്ദേശമയക്കുമെന്നും പൗരത്വ വിഷയത്തില്‍ നിയമപരമായി വേണ്ടത് ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter