സാമ്പത്തികസംവരണം രാജ്യത്തിന്റെ സാമൂഹിക സന്തുലനം തകര്‍ക്കും

മുന്നോക്ക സമുദായങ്ങള്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം വേണമെന്ന ബി.ജെ.പി ആവശ്യം ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ സാമൂഹിക സന്തുലനം തകര്‍ക്കാനുള്ള അജണ്ടയുമാണ്. ന്യൂനപക്ഷ സംവരണം എന്ന മഹത്തായ ആശയത്തെയാണ് ഇത് അട്ടിമറിക്കുന്നത്.

ഭരണഘടനാതത്വങ്ങള്‍ക്ക് എതിരായ ഈ നീക്കം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഉള്ളവര്‍ ഇനിയും കൂടുതല്‍ ഉള്ളവരാകാനേ ഇത് സഹായിക്കൂ. ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ കൂടുതല്‍ ഇല്ലാത്തവരായി മാറുകയും ചെയ്യും. 

പല കാരണങ്ങളാല്‍ സാമുദായികമായി പിന്നാക്കം വന്നുപോയ ജനങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് സംവരണം എന്ന ആശയം നിലവില്‍ വരുന്നത്. ഈയൊരു സംവിധാനം തകര്‍ക്കപ്പെടുകയാണ് പുതിയ നിയമത്തിലൂടെ ഉണ്ടാവുക. 

വലിയ അജണ്ടകളാണ് ബി.ജെ.പി ഇതിനു പിന്നില്‍ കളിക്കുന്നത്. ഭരണഘടനാ ഭേദഗതിയടക്കം ഒരുപാട് കടമ്പകള്‍ വിട്ടുകടക്കാനുണ്ട് ഇതിനു മുമ്പില്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ നേടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പി ഇതിലൂടെ പ്രധാനമായും കാണുന്നത്. 

സംവരണത്തെ സംബന്ധിച്ച ഭരണഘടനാ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണം. വിദ്യാഭ്യാസ പരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടിയാണ് സംവരണം എന്നത്. അതൊരിക്കലും സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളതല്ല. 

രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനമാണ് പരമാവധി സംവരണമെന്നിരിക്കെ, 20 ശതമാനത്തില്‍ താഴെ വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് വലിയ അനീതിയാണ്. 

പിന്നാക്ക വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമുള്ള അവകാശത്തിന് വേണ്ടി കോലാഹലങ്ങള്‍ ഉണ്ടാക്കുന്ന ഇടതുപക്ഷം ഈ വിഷയത്തില്‍ ന്യൂനപക്ഷത്തിനെതിരെ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്നത് ഏറെ ഖേദകരം തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter