കൊറോണക്കാലം ഇലാഹീ സമ്പര്‍ക്കത്തിന്

''സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാണ് സര്‍വസ്തുതിയും''എന്നു പറഞ്ഞു കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ആരംഭിക്കുന്നത് തന്നെ.  അല്‍ഹംദുലില്ലാഹ് കൊണ്ടുള്ള ആ സമാരംഭം അതിപ്രധാന രഹസ്യത്തിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്.  ഖുര്‍ആനിക ജീവിതം സ്വീകരിക്കുന്നൊരു വിശ്വാസി, അതോടുകൂടി ആശങ്കകളുടെ തമോഗര്‍ത്തങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ വിശാലതയിലേക്ക് പുറത്തുകടക്കുകയും മനസ്സമാധാനത്തിന്റെയും ആത്മസംതൃപ്തിയുടെയും പാവനമായൊരു നവയാനത്തിനു നാന്ദികുറിക്കുകയും ചെയ്യുന്നു എന്നസന്ദേശമാണ് തുടക്കത്തിലേ ഖുര്‍ആന്‍ നല്‍കുന്നത്.

അല്ലാഹുവിന്റെ പരമാധികാരത്തെയും സര്‍വ്വവ്യാപിയായ ജ്ഞാനത്തെയും അജയ്യശക്തിയെയും കുറിച്ച് പൂര്‍ണബോധ്യമുള്ളൊരു വിശ്വാസി അവന്റെ തീരുമാനങ്ങളെ സസന്തോഷം നെഞ്ചേറ്റുന്നവനാണ്.  സന്തോഷങ്ങളില്‍ അഭിരമിക്കുകയോ സന്താപങ്ങളില്‍ ആകുലപ്പെടുകയോ ഇല്ല. എല്ലാം ഉടമസ്ഥനായ അല്ലാഹുവിന്റെ തീരുമാനം!  ഏതു സാഹചര്യത്തിലും അല്‍ഹംദുലില്ലാഹ് തന്നെ ഫലമോ?  അടിമക്ക് അതെല്ലാം ഗുണമായി ഭവിക്കുന്നു. 

തിരുനബി (സ്വ) പറഞ്ഞു: ''വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. അവന്റെ കാര്യങ്ങളെല്ലാം നല്ലതു തന്നെ.  അതാവട്ടെ വിശ്വാസിക്കല്ലാതെ ഇല്ലതാനും.  സന്തോഷമുണ്ടാകുമ്പോള്‍ അയാള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.  അതയാള്‍ക്കു നല്ലതായി ഭവിക്കുന്നു.  ദുഃഖവേളകളില്‍ അയാള്‍ ക്ഷമിക്കുന്നു.  അതുമയാള്‍ക്കു നല്ലതായിഭവിക്കുന്നു.'' (മുസ്ലിം).

സ്വന്തം ചോരയില്‍ പിറന്ന പിഞ്ചു പൈതലിന്റെ വിയോഗവും പരമാധികാരിയായഅല്ലാഹുവിന്റെ തീരുമാനമാണെന്നു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശ്വാസിക്ക് ഇന്നാലില്ലാഹ് അഥവാ നാമെല്ലാം അല്ലാഹുവിന്റേതാണെന്നും അതുകൊണ്ടു തന്നെ അല്‍ഹംദുലില്ലാഹ് എന്നും ആത്മാര്‍ത്ഥമായി പറയാന്‍ അനായാസേന സാധിക്കുന്നു.  അത്തരക്കാര്‍ക്കു വേണ്ടി ഹംദ ്എന്ന പേരിലൊരു ഭവനം സ്വര്‍ഗത്തില്‍ പണിയാന്‍ അല്ലാഹു ഉത്തരവിടുന്നതാണ്.വിശ്വാസിയെ ബാധിക്കുന്ന കൊച്ചുകൊച്ചു പ്രയാസങ്ങള്‍പോലും, കാലില്‍ തറയ്ക്കുന്നമുള്ളു പോലും, അവന്റെ പാപമോചനത്തിനുള്ള ഹേതുവായി മാറ്റിയെടുക്കാനാകും.ആപല്‍ഘട്ടങ്ങളില്‍ ക്ഷമകൈവിടാതെ ഇലാഹിന്റെ തീരുമാനത്തില്‍ സംതൃപ്തനായാല്‍ മതി.ഹദീസുകള്‍ ഇതുപഠിപ്പിക്കുന്നുണ്ട്.

ക്ഷമയെന്ന ഉത്കൃഷ്ടസ്വഭാവം നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കണമെങ്കില്‍ പ്രധാനമായും പ്രയാസഘട്ടങ്ങള്‍ തന്നെ ഉണ്ടാകണം.  അല്ലാതെ,ആഹ്ലാദവേളകളില്‍ ക്ഷമിച്ചു എന്നു പറയില്ലല്ലോ.  അപ്പോള്‍, പരീക്ഷണങ്ങളെ ക്ഷമാപൂര്‍വം സ്വാഗതംചെയ്യുക.  അതും ആദ്യഘട്ടത്തില്‍ തന്നെ.  അല്ലാതെ വേണ്ടുവോളം പൊറുതികേടുകള്‍ പ്രകടിപ്പിച്ച്, നമ്മുടെ വികാര വിക്ഷോഭങ്ങളെല്ലാം പുറത്തേക്കു വിസര്‍ജിച്ചതിനു ശേഷം ക്ഷമിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല.  തിരുനബി (സ്വ) പറഞ്ഞു: ''ക്ഷമ ആദ്യ ആഘാതത്തിലാണ് വേണ്ടത്.''പ്രവാചകന്മാരടക്കമുള്ള മഹാരഥന്മാര്‍ അത്യുന്നത പദവികള്‍ കൈവരിച്ചതിനു പിന്നില്‍ ക്ഷമ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു ജ്ഞാനികള്‍ പഠിപ്പിക്കുന്നു.  ക്ഷമിക്കാനും വേണമൊരു ഭാഗ്യം.  ക്ഷമയെന്നാല്‍ അല്ലാഹുവിന്റെ പ്രത്യേകമായൊരു നിധിയാണെന്നും അവന്റെ കണ്ണില്‍ ബഹുമാന്യനായ ദാസനല്ലാതെ അവനതു നല്‍കുകില്ല എന്നും ഹസനുല്‍ബസ്വരി (റ).

അതുകൊണ്ട്,വിഷമഘട്ടങ്ങളിലും പൊറുതികേട് പ്രകടിപ്പിക്കാതെ,അല്ലാഹുവിന്റെ ഏതേതു നിശ്ചയങ്ങളെയും അപ്പാടെ സ്വീകരിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.  അപ്പോഴാണ് അവനെ നമ്മുടെ നാഥനായി യഥാവിധം അംഗീകരിക്കലാകുന്നത്.അങ്ങനെ അംഗീകരിക്കുമ്പോള്‍, ഏതു സാഹചര്യത്തെയും സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ അതു നമ്മെ പാകപ്പെടുത്തുന്നു.

ദൈവിക നിരീക്ഷണം തന്നെ വലയം ചെയ്യുന്നുണ്ട് എന്ന് നിഷ്‌കപടമായി വിശ്വസിക്കുന്നൊരാള്‍ക്ക്, അതുമതി ദൈവഹിതത്തിനപ്പുറം അരുതാത്തതൊന്നും സംഭവിക്കില്ല എന്നു സമാധാനിക്കാനും ദുഷ്‌കരവൈതരണികള്‍ നീന്തിക്കയറാനും.  ''ക്ഷമിക്കുക, താങ്കളുടെ ക്ഷമ അല്ലാഹുവിനെ കൊണ്ടല്ലാതെ അല്ലല്ലോ.അവരെയോര്‍ത്ത് സങ്കടപ്പെടരുത്, അവര്‍ ഉപചാപംനടത്തുന്നതില്‍ താങ്കള്‍ പ്രയാസപ്പെടരുത്.  നിശ്ചയംഅല്ലാഹു, ഭക്തിയുള്ളവരും ദൈവനിരീക്ഷണബോധമുള്ള മുഹ്‌സിനീങ്ങളുമായവരോടൊപ്പമാകുന്നു.'' (അല്‍നഹ്ല്‍). പക്ഷെ, ആ ബോധ്യം നിഷ്‌കപടം തന്നെയാകണം.  എല്ലായ്പോഴും താന്‍ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് എന്നു യഥാര്‍ത്ഥത്തില്‍ ചിന്തിക്കുന്നൊരാള്‍, അല്ലാഹുവിന്റെ വിധിവിലക്കുകളെല്ലാം പ്രയോഗവത്കരിച്ചു ജീവിതം ചിട്ടപ്പെടുത്തുവനുമായിരിക്കും.

അവ്വിധം അല്ലാഹുവിനെ രക്ഷിതാവായി അംഗീകരിക്കുമ്പോള്‍, അടിമയുടെ പ്രശ്‌നങ്ങളെല്ലാം അല്ലാഹു ഏറ്റെടുക്കുകയും അതെല്ലാം പരിഹരിച്ചു അയാളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.  തിരുനബി (സ്വ) പറയുന്നു: ''അല്ലാഹുവിനെ രക്ഷിതാവായും ഇസ്ലാമിനെ മതമായും മുഹമ്മദി (സ്വ) നെ നബിയായും തൃപ്തിപ്പെട്ടു എന്ന്ഒരാള്‍ പ്രഭാതപ്രദോഷങ്ങളില്‍ മൂന്നു പ്രാവശ്യം പറഞ്ഞാല്‍, അല്ലാഹു അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതാണ്'' (അഹ്മദ്).

ശാശ്വത സന്തോഷം സ്വര്‍ഗ്ഗത്തിലും ശാശ്വത പ്രയാസം നരകത്തിലുമാണല്ലോ.  അതായത്, രണ്ടും പരലോകത്താണ് എന്നര്‍ഥം.ഇഹലോക ജീവിതത്തില്‍ ആഹ്ലാദങ്ങളും വിഷമതകളും നീണ്ടുനില്‍ക്കുന്നതല്ല.  രണ്ടിനും ഹ്രസ്വായുസ്സ്മാത്രമാണ്.  ആഹ്ലാദാതിരേകത്തിന്റെ പകലുകള്‍ക്കു ശേഷം രാത്രി അതിന്റെ കരിമ്പടം വിരിക്കുമ്പോള്‍,ഇരുള്‍മുറ്റിയ നീണ്ട രാത്രിക്കുശേഷം വീണ്ടും പ്രഭാതം വെള്ളകീറുക തന്നെചെയ്യുന്നു.  ഒരായുസ്സ് മുഴുവന്‍ ശോക മൂകമാണെങ്കില്‍ പോലും വിശ്വാസിയെ കാത്തിരിക്കുന്നത് അനന്തവും അവാച്യവുമായ ആനന്ദത്തിന്റെ പരലോക ജീവിതമാണ്.  അതാണു യഥാര്‍ത്ഥ ജീവിതം. 

''ഈ ഐഹിക ജീവിതം കളി തമാശകളല്ലാതെ മറ്റൊന്നുമല്ല, പരലോകമാണ്യഥാര്‍ത്ഥജീവിതം, അവര്‍അറിഞ്ഞിരുന്നെങ്കില്‍...''(അല്‍അന്‍കബൂത്: 64).

അവിടേക്കപേക്ഷിച്ച് ഐഹികലോകം ഒന്നുമല്ല.  താരതമ്യം ചെയ്യാന്‍ പോലും സാധ്യമല്ല.  ഒരു ദുര്‍ഘടപാലം കടക്കുന്നപോലെ!  അതിനിടയില്‍ സംഭവിക്കുന്ന വിഷമതകള്‍ക്കും അത്രമാത്രമേ ആയുസ്സുള്ളൂ...മാത്രവുമല്ല, ഇഹലോക സൗഭാഗ്യങ്ങളും സുഖസൗകര്യങ്ങളുമെല്ലാം വികൃതവും നിലവാരമില്ലാത്തതുമാണെന്നും നാം തിരിച്ചറിയണം.  പരലോകത്ത് ദുന്‍യാവിനെ അതിന്റെ യഥാര്‍ത്ഥ വിരൂപത്തില്‍ കൊണ്ടുവരുമെന്നും അതെന്താണെന്നു ചോദിക്കുമ്പോള്‍, അതെന്താണെന്ന് അറിയുന്നതില്‍ നിന്ന് കാവലേകണേ എന്നു ജനങ്ങള്‍ പറയുമെന്നും തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്.  ദുന്‍യാവിന്റെ യഥാര്‍ത്ഥമൂല്യം തിരിച്ചറിയാതെ പോയതാണ് നമുക്കു പിണഞ്ഞ അമളി.  ഒരുപ്രാണിയുടെ ഒരുചിറകിന്റെ വിലപോലും അല്ലാഹുവിന്റെ അടുത്ത് ദുന്‍യാവിനില്ല.

പിന്നെയെന്തിനാണീ സങ്കടപ്പാടുകള്‍?  ഈ ആകുലതകള്‍കൊണ്ട് എന്താണ്പ്രയോചനം?  ആശങ്കപ്പെട്ടതുകൊണ്ട് അല്ലാഹുവിന്റെ തീരുമാനങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമോ?  അപ്പോള്‍ പിന്നെ അവന്റെ വിധികളെ അംഗീകരിക്കുകയും അല്‍ഹംദുലില്ലാഹ ്പറയുകയുമാണ് വിശ്വാസികള്‍ക്കു കരണീയം.  പൂര്‍വഗാമികളുടെ കഥകള്‍ അതാണു നമ്മെ പഠിപ്പിക്കുന്നത്.

മരണശയ്യയില്‍ കിടക്കുന്നബിലാലി (റ) ന്റെ മുന്നില്‍ വച്ചു മറ്റുള്ളവര്‍ കരഞ്ഞു.  അദ്ദേഹം പക്ഷേ, സന്തുഷ്ടനായിരുന്നു.  ''എനിക്കെന്റെ തിരുനബി (സ്വ) യേയും കൂട്ടുകാരേയും നാളെ കാണമെല്ലോ...''എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സിഫീന്‍ രണാങ്കണത്തില്‍വച്ച്, അമ്മാറി (റ) ന് പാല്‍ കൊടുത്തപ്പോള്‍ അതീവ സന്തോഷാത്തോടെയാണ് അദ്ദേഹമതു സ്വീകരിച്ചത്.  താന്‍ അവസാനം പാനം ചെയ്യുന്നത് പാല്‍ആയിരിക്കും എന്ന് തിരുനബി (സ്വ) പണ്ടു പ്രവചിച്ചത് അദ്ദേഹം ഓര്‍ത്തു പോയി.  അതുകൊണ്ട് തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്നും പരലോകം ജീവിതത്തിലേക്ക് കാലെടുത്തു വെക്കേണ്ട മുഹൂര്‍ത്തം സമാഗതമായിക്കുന്നുവെന്നും മനസ്സിലാക്കിയതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.

ഉര്‍വതുബിന്‍സുബൈര്‍ (റ).  പ്രമുഖ താബിഈ പണ്ഡിതനാണ്.  കാലിനു രോഗം ബാധിച്ചപ്പോള്‍ മുറിച്ചു മാറ്റണമെന്നു വൈദ്യ വിധി.  അദ്ദേഹം സമ്മതിച്ചു.  പക്ഷെ, വേദന അറിയാതിരിക്കാനുള്ള അനസ്ത്യേഷ്യക്കു വേണ്ടി മരുന്ന് കഴിക്കാന്‍ സമ്മതിച്ചില്ല.  കാരണം, അബോധാവസ്ഥയില്‍ അല്ലാഹുവിനെ സ്മരിക്കാന്‍ സാധ്യമല്ലല്ലോ എന്ന്.  ഭിഷഗ്വരന്മാര്‍ കാല്‍ പച്ചക്കു മുറിച്ച ുമാറ്റി.  അദ്ദേഹം അല്‍പം പോലും അലോസരപ്പെട്ടില്ല!  അന്നു രാത്രി തന്നെ തന്റെ ഏഴുമക്കളില്‍ ഒരാള്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:  എനിക്ക് ഏഴുമക്കളെ നല്‍കുകയും ഒന്നിനെ മാത്രം തിരിച്ചെടുത്ത് ആറെണ്ണത്തിനെ ബാക്കിവെക്കുകയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും!'

അല്ലെങ്കിലും,  നമ്മുടെ പുതിയ സാഹചര്യത്തില്‍ അക്ഷമ പ്രകടിപ്പിക്കാന്‍ നമുക്കൊരു അവകാശവുമില്ല.  ഇന്ന് നാം അനുഭവിക്കുന്നതെല്ലാം സ്വയംകൃത ദുരന്തങ്ങളാണ്.  അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ചു കൊണ്ടു തന്നെ സകല മതാധ്യാപനങ്ങളും കാറ്റില്‍ പറത്തിയ ധിക്കാരിക്കൂട്ടമായി മാറി മനുഷ്യന്‍.സ്ത്രീകള്‍ നിലമറിയാതെ നടന്നുപോയ കുഗ്രാമങ്ങള്‍പോലും, ചുംബനസമരങ്ങളും ഫ്‌ലാഷ്‌മോബുമടക്കമുള്ള അവിഹിത അസാന്മാര്‍ഗിക കെട്ടിയാടലുകളുടെ വിളനിലമായി മാറി. ധര്‍മപാഠങ്ങളെ പരിഹസിക്കുകയും അല്ലാഹുവിന്റെ ആസ്തിക്യത്തെ തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന യുവതയും, വേലി തന്നെ വിളതിന്നുന്നത് പോലെ, ഇന്നോവയില്‍ പിടിക്കപ്പെടുന്ന ധാര്‍മിക പ്രഭാഷകരും പണംകണ്ടാല്‍ വാപിളര്‍ക്കുന്ന പുരോഹിതപിണങ്ങളും, മരുന്നിനും ഭക്ഷണത്തിനും ക്ലേശിക്കുന്ന പട്ടിണിക്കോലങ്ങളുടെ പരിസരത്തുവച്ചുതന്നെ ആര്‍ഭാട ആഘോഷങ്ങളില്‍ അഭിരമിക്കുന്ന ധൂര്‍ത്തന്‍മാരുമെല്ലാം ചേര്‍ന്ന് നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കിക്കളഞ്ഞു. 

ഏകനായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതിന്റെ പേരില്‍ മാത്രം, ലോക വ്യാപകമായി മുസ്ലിം ന്യൂനപക്ഷങ്ങള്‍ മനുഷ്യത്വം മരവിച്ച വരേണ്യ ഭരണകൂടങ്ങളാല്‍ നിഷ്‌കരുണം പീഡിപ്പിക്കപ്പെട്ടു.പിഞ്ചുമക്കളും വയോവൃദ്ധരും അധികാര ഭീകരതയുടെ ദംഷ്ട്രങ്ങളില്‍ നിന്നു രക്ഷപ്പെട്ടില്ല.  മരുന്നും വെളിച്ചവുമില്ലാതെ ഒരു ജനതയെ ഒന്നടങ്കം ലോക്ക്ഡൗണ്‍ ചെയ്യുകയും നേതാക്കളെ വീട്ടുതടങ്കലിലിടുകയും ചെയ്തു.  പക്ഷേ,പാവങ്ങളുടെ ദീനരോദനം അന്താരാഷ്ട്ര കൊമ്പന്മാര്‍ക്ക് താരാട്ടുപാട്ടായാണ് അനുഭവപ്പെട്ടത്.  ആര്‍ജവത്തോടെ അരുതെന്നു പറയേണ്ടിയിരുന്ന ലോകോത്തര നായകന്മാര്‍,കുറ്റവാളികള്‍ക്ക ്ചുവപ്പു പരവതാനി വിരിക്കാനും പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുമുള്ള തിരക്കിലായിരുന്നു.

മനുഷ്യത്വ രഹിത സംഭവവികാസങ്ങളെയെല്ലാം സാമ്പത്തിക മാപിനിയിലൂടെ വീക്ഷിക്കാനായിരുന്ന ുഉത്തരവാദപ്പെട്ടവര്‍ ഇഷ്ടപ്പെട്ടത്.  നീതി-സഹതാപത്തെക്കാള്‍ താന്താങ്ങളുടെ സാമ്പത്തിക ലാഭനഷ്ടങ്ങള്‍ക്കായിരുന്നു അവര്‍ പ്രാമുഖ്യം നല്‍കിയത്.
അതായത്, ധാര്‍മിക മാനവിക മൂല്യങ്ങളെ തിരസ്‌കരിച്ച മനുഷ്യന്‍ നീതിമാനായ റബ്ബിന്റെ കോപം ചോദിച്ചു വാങ്ങിയതാണ് എന്നുചുരുക്കം.. 

അല്ലാഹു പറയുന്നത് നോക്കൂ: '(നബിയേ,) പറയുക...  നിങ്ങളുടെ പിതാക്കളും മക്കളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയ സ്വത്തും മാന്ദ്യം സംഭവിച്ചേക്കുമെന്നു നിങ്ങള്‍ ഭയപ്പെടുന്നകച്ചവടവും നിങ്ങളുടെ ഇഷ്ട ഭവനങ്ങളുമൊക്കെയാണ ്‌നിങ്ങള്‍ക്കു അല്ലാഹുവിനേക്കാളും അവന്റെ ദൂതനേക്കാളും അവന്റെ മാര്‍ഗത്തിലെ പോരാട്ടത്തേക്കാളുംപ്രിയപ്പെട്ടതെങ്കില്‍, നിങ്ങള്‍ കാത്തിരുന്നോളൂ...''(തൗബ: 24).

ധിക്കാരികളെ മാത്രം തിരഞ്ഞു പിടിച്ച അവരിലേക്കു മാത്രമായല്ല അല്ലാഹുവിന്റെ ശിക്ഷയിറങ്ങുക.  എല്ലാവരെയും അതുബാധിക്കും.  അതാണവന്റെ രീതി.  ''നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരെ മാത്രമായി ബാധിക്കാത്ത വലിയ പരീക്ഷണത്തെ നിങ്ങള്‍സൂക്ഷക്കണേ...അല്ലാഹു കടുത്ത ശിക്ഷനല്‍കുന്നവനാണ് എന്നു നിങ്ങള്‍ അറിയൂ...'' (അല്‍അന്‍ഫാല്‍: 25).

അപ്പോള്‍ പിന്നെ, നമ്മുടെ മുന്നില്‍ വഴി ഒന്നേഉള്ളൂ.  അല്ലാഹിലേക്കു മടങ്ങുക, അവനില്‍ അഭയം പ്രാപിക്കുക. അല്ലാഹു പറഞ്ഞുതന്ന ധര്‍മവീഥിയില്‍നിന്ന് എതിര്‍ദിശയിലേക്ക് ബഹുദൂരം സഞ്ചരിച്ചനമ്മെ അവന്‍ അപ്പാടെ നശിപ്പിക്കാതെ, അവന്റെ വഴിയിലേക്കു തിരിഞ്ഞു നടക്കാന്‍ വേണ്ടി നല്‍കിയ മുന്നറീപ്പായി വേണം ഈ കൊറോണ ദുരന്തത്തെ മനസ്സിലാക്കാന്‍.  അല്ലാഹുപറയുന്നു:''ഏറ്റവും വലിയ ശിക്ഷയല്ലാത്ത,ചെറിയ ശിക്ഷ നിശ്ചയം നാം അവരെ രുചിപ്പിക്കും.  അവര്‍ മടങ്ങിയേക്കാം...''(അസ്സജദ: 21).

രാജ്യങ്ങളെല്ലാം അടച്ചുപൂട്ടിയ ഈകൊറോണക്കാലം നമുക്ക് ഇലാഹീസമ്പര്‍ക്കത്തിനായി ഉപയോഗിക്കാം...
കോറോണക്കാലം സാമ്പത്തിക നേട്ടങ്ങള്‍ക്ക ്എവ്വിധം ഉപയോഗപ്പെടുത്താം എന്നു വ്യവസായികളും വിദ്യാഭ്യാസം എങ്ങനെ പുനര്‍ക്രമീകരിക്കാം എന്ന വിദ്യാഭാസ വിചക്ഷണരും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നു.വസ്ത്രശേഖരങ്ങളുടെ അലമാര വൃത്തിയാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ചിലര്‍ ആഘോഷമാക്കിയത്.കൊറോണക്കാല വിനോദങ്ങള്‍, വ്യായാമങ്ങള്‍, കൃഷി, വായന... സമ്പര്‍ക്ക വിലക്കുകാലം ഉപയോഗപ്പെടുത്താനുതകുന്ന ഏര്‍പ്പാടുകളുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു.

എന്നാല്‍ വിശ്വാസികള്‍ക്ക് അല്ലാഹുവുമായുള്ള സമ്പര്‍ക്കംമെച്ചപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്.
വീടിനകത്തു അടച്ചിട്ടിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തതയെകുറിച്ചു നൊമ്പരപ്പെടാതെ, ഉള്ള സാഹചര്യം ശരിയാം വിധം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്.അസഹ്യമായ ഈഏകാന്തത നമ്മെ ഖബര്‍ വാസത്തെകുറിച്ചു ചിന്തിപ്പിക്കണം.  ഈ വിരസത, നാം ഇതിനുമുമ്പ് ആസ്വദിച്ചിരുന്ന ജീവിതത്തിന്റെ നാനോന്മുഖതയെ കുറിച്ചും സാമൂഹികതയെ കുറിച്ചും അതു സംവിധാനിച്ചു തന്നനാഥനെ കുറിച്ചും ഓര്‍മിപ്പിക്കണം.

രാപ്പകലുകളുടെ സ്ഥിതിഭേദങ്ങള്‍ സൃഷ്ടിച്ച്വൈവിധ്യങ്ങള്‍ ഒരുക്കിത്തരുന്ന അനുഗ്രഹത്തെകുറിച്ച് അല്ലാഹു ഉദ്ബോദിപ്പിക്കുന്നുണ്ട്: '(നബിയേ,) പറയുക.  അന്ത്യനാള്‍വരെ രാത്രിയെ നിങ്ങള്‍ക്കുമേല്‍ ശാശ്വതമാക്കിയാല്‍ ഏതുദൈവമാണ് നിങ്ങള്‍ക്കു പ്രകാശം പ്രദാനിക്കുക എന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?  നിങ്ങള്‍കേള്‍ക്കുന്നില്ലേ?  പറയുക.  അന്ത്യനാള്‍വരെ പകലിനെ നിങ്ങള്‍ക്കുമേല്‍ ശാശ്വതമാക്കിയാല്‍ ഏതുദൈവമാണ് നിങ്ങള്‍ക്കു വിശ്രമിക്കാന്‍ രാത്രിയെ പ്രദാനിക്കുക എന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?  നിങ്ങള്‍കാണുന്നില്ലേ?  നിങ്ങള്‍ക്കു വിശ്രമിക്കുവാനും അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ (അന്നം) തേടുവാനും രാപകലുകളെ നിങ്ങള്‍ക്കു സംവിധാനിച്ചു തന്നു എന്നത് അവന്റെ അനുഗ്രഹത്തില്‍പെട്ടതാണ്.  നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.'' (അല്‍ഖസ്വസ്)

ദുന്‍യാവിന്റെ കുതൂഹലങ്ങള്‍ക്കു പിന്നില്‍ ഓടിപ്പാഞ്ഞിരുന്ന നമ്മെ ഇലാഹീസ്മരണയുടെ ശാന്തശാദ്വലതുരുത്തിലാണ് അടച്ചുപൂട്ടിയിട്ടുള്ളത് എന്നു വിശ്വാസികള്‍ തിരിച്ചറിയണം.  ഇലാഹീസ്മരണയിലാണല്ലോ മനസ്സമാധാനം കുടികൊള്ളുന്നത്.  ''അറിയണേ!  അല്ലാഹുവിന്റെ സ്മരണയില്‍ ഹൃദയങ്ങള്‍ സമാധാനപ്പെടുന്നതാണ്.''
ദൈവസ്മരണയിലൂടെ ലഭിക്കുന്ന മനസ്സമാധാനം ആസ്വദിക്കുന്നവര്‍ക്കു ജനസമ്പര്‍ക്കമാണ് അരോചകമായി അനുഭവപ്പെടുക.

വീട്ടില്‍ഒറ്റയ്ക്കിരിക്കുന്ന മാലിക്ബിന്‍മിഗ്വലി (റ) നോട് ഏകാന്തത അനുഭവപ്പെടുന്നില്ലേ എന്നുചോദിച്ചപ്പോള്‍, അല്ലാഹുവിന്റെ കൂടെയിരിക്കുമ്പോള്‍ ആര്‍ക്കാണ് ഏകാന്തത അനുഭപ്പെടുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഇബ്‌നുറജബ് (റ) പറയുന്നു: ''അല്ലാഹുവിന്റെ ഇഷ്ടക്കാര്‍ക്ക് അല്ലാഹുവിന്റെ ദിക്ര്‍ അല്ലാത്തതിനോടെല്ലാം വികര്‍ശനമാണ്.  അല്ലാഹുവുമായി ഒന്നിച്ചിരിക്കുന്നത്ര പ്രിയപ്പെട്ടതായി അവര്‍ക്കൊന്നുമില്ല.''

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter