ആസ്സാമിൽ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകൾ നിർത്തലാക്കുന്നു.
ഗുവാഹതി: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകൾ ബിജെപി ഭരിക്കുന്ന ആസ്സാം സർക്കാർ നിർത്തലാക്കുന്നു. പൊതുഖജനാവിലെ പണം മതപഠനത്തിന്​ അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സംസ്​ഥാന ധനകാര്യ-ആസൂത്രണ വകുപ്പ്​ മന്ത്രി ഹിമന്ദ ബിസ്വ ശര്‍മയാണ് മദ്റസകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപനം നടത്തിയത്​. അതേസമയം സ്വകാര്യ വ്യക്തികളോ സംഘടനകളോ നടത്തുന്ന മദ്രസകളുടെ വിഷയത്തിൽ യാതൊരു ഇടപെടലും നടത്തുകയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്​ഥാനത്ത്​ 614 സര്‍ക്കാര്‍ മദ്​റസകളും 900 സ്വകാര്യ മദ്​റസകളുമാണുള്ളത്​. 100 സംസ്​കൃത ആശ്രമങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും 500 എണ്ണം സ്വകാര്യമേഖലയിലുമാണ്​. മദ്​റസകള്‍ക്കായി മൂന്നുമുതല്‍ നാലുകോടി രൂപ വരെയും ആശ്രമങ്ങള്‍ക്കായി ഒരുകോടി രൂപയുമാണ്​ പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവിടുന്നത്​.

ബോഡോലാന്‍ഡ്​​ പ്രവിശ്യ തെരഞ്ഞെടുപ്പും അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ്​ വംശീയ-ഭാഷാ സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സംസ്​ഥാനത്ത്​ മദ്​റസ പൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്​. സര്‍ക്കാര്‍ നിയന്ത്രണത്തിലെ മദ്​റസകളും ആശ്രമങ്ങളും അടപ്പിച്ച്‌​ അവയെ പൊതുവിദ്യാലയങ്ങളാക്കി മാറ്റിയെടുക്കാന്‍ ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്നീട്​ സംസ്​കൃത വിദ്യാലയങ്ങളുടെ കാര്യത്തില്‍ നിലപാട്​ മാറ്റുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന മദ്​റസ വിദ്യാഭ്യാസ ബോര്‍ഡും സംസ്​കൃത ബോര്‍ഡും നിര്‍ത്തലാക്കി മദ്​റസകള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലും ആശ്രമങ്ങള്‍ കുമാര്‍ ഭാസ്​കര്‍ വര്‍മ സംസ്​കൃത പൈതൃക സര്‍വകലാശാലക്കു​ കീഴിലും കൊണ്ടുവന്ന്​ അവിടങ്ങളില്‍ ആധുനിക പാഠ്യപദ്ധതി ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ബിജെപി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രമുഖ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാലുടന്‍ അടച്ചുപൂട്ടുന്ന മദ്​റസകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന്​ ഓള്‍ ഇന്ത്യ യുനൈറ്റഡ്​ ഡമോക്രാറ്റിക്​ ഫ്രണ്ട്​ (എ.ഐ.യു.ഡി.എഫ്​) മേധാവി ബദ്​റുദ്ദീന്‍ അജ്​മല്‍ എം.പി വ്യക്​തമാക്കി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter