റമദാന്‍4. റമദാന്‍ പറയുന്നു, വേണമെങ്കില്‍ നേരത്തെയും എണീക്കാം

നോമ്പിന് അത്താഴം കഴിക്കാന്‍ എണീക്കാത്തവര്‍ വളരെ കുറവായിരിക്കും. സുബ്ഹിയുടെ അരമണിക്കൂര്‍ മുമ്പ് എണീറ്റ് ആണ് അധികപേരും അത്താഴം കഴിക്കുന്നത്. റമദാനിലെ മുപ്പത് ദിവസവും ഇത് തന്നെയാണ് രീതി. അഥവാ, ഏതെങ്കിലും ഒരു ദിവസം എണീക്കാന്‍ വിട്ടുപോയാല്‍, വൈകുന്നേരം വരെ കാണുന്നവരോടൊക്കെ അത് വലിയൊരു കാര്യമായി നാം പറയാറുമുണ്ട്, ഇന്നലെ അത്താഴം കഴിക്കാനായില്ല, ഉറങ്ങിപ്പോയി എന്ന്.
അത്താഴം കഴിക്കാന്‍ ഇന്നലെ എണീറ്റില്ലെന്ന് പറയുമ്പോള്‍, അതിലൂടെ നാം പറയുന്നതെന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. സുബ്ഹിയുടെ അരമണിക്കൂര്‍ എണീക്കാന്‍ ഇന്നലെ വിട്ടുപോയി എന്ന് തന്നെ. റമദാനിന് മുമ്പ് നമുക്ക് എത്രമേല്‍ പ്രയസാകരമായിരുന്നു നേരത്തെ എണീക്കുക എന്നത്. എത്ര തന്നെ മനസ്സ് വെച്ച് കിടന്നാലും രാവിലെ അലാറമടിക്കുമ്പോള്‍ അത് ഓഫ് ചെയ്ത് വീണ്ടും കിടക്കും. രാത്രി കിടക്കാന്‍ വൈകിയെന്നോ, പകല്‍ ചെയ്ത ജോലിയുടെ ക്ഷീണമെന്നോ ഒക്കെ അതിന് ന്യായം കണ്ടെത്തുകയും ചെയ്യും. 
എന്നാല്‍, റമദാനില്‍ നേരത്തെ എണീക്കുക എന്നത് ഒരു പ്രശ്നമേ അല്ല. ഇതാണ് വിശുദ്ധ റമദാന്‍ എന്ന മദ്റസ.. അസാധ്യമായത് പലതും അത് നമുക്ക് സാധ്യമാക്കുന്നു. പ്രയാസകരമായി തോന്നിയ പല ശീലങ്ങളും അത് നിഷ്പ്രയാസം നമ്മെക്കൊണ്ട് ചെയ്യിക്കുന്നു. 
അഥവാ, റമദാന്‍ ഒരു പ്രായോഗിക പരിശീലക്കളരി തന്നെ എന്നര്‍ത്ഥം. ഇനി റമദാന് ശേഷം എങ്ങനെയാണ് നമുക്ക് പറയാനാവുക, നേരത്തെ എണീക്കാന്‍ ബുദ്ധിമുട്ടാണെന്ന്. കാരണം, കഴിഞ്ഞ മുപ്പത് ദിവസവും നാം ആ സമയത്ത് കൃത്യം ഉറക്കമുണര്‍ന്നവരാണ്. അങ്ങനെ പറയുന്ന പക്ഷം, റമദാന്‍ നമ്മുടെ മുഖത്ത് നോക്കി പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറയില്ലേ, ഹേയ്, മനുഷ്യാ.. എന്ത് വങ്കത്തമാണ് നീ ഈ പറയുന്നത്. നീ തന്നെയായിരുന്നില്ലേ കഴിഞ്ഞ ഒരു മാസം ഇതേ നേരത്ത് എണീറ്റത്.. അവിടെ നാം പരാജയപ്പെടും, ഒന്നും മറുപടി പറയാനാവാതെ...
ഈ നല്ല ശീലങ്ങള്‍.. അത് നാം പഠിച്ചെടുക്കുക.. ഈ മാസത്തിലൂടെ ശീലിച്ച് ശിഷ്ട മാസങ്ങളിലും അത് പാലിക്കുക, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter