അവൻ കൂടെയുണ്ടെങ്കിൽ പിന്നെന്തിന് പേടിക്കണം?
മനസ്സിന്റെ സുഖവും സന്തോഷവുമാണ് ജീവിതത്തിന് ഊര്‍ജവും ചടുലതയും പകരുന്നത്. വീഴ്ചകളും തോല്‍വികളും ജീവിതത്തിന്റെ താളപ്പിഴയായി മനസ്സിനെ അലോസരപ്പെടുത്തും. വിജയത്തിന്റെ വഴികളിലാണ് സന്തോഷം സഹയാത്രികനാകുന്നത്. അതുകൊണ്ടുതന്നെ വിജയത്തിന്റെ പ്രതീക്ഷകളിലാണ് ഏതൊരു വിവേകിയും നടത്തം തുടരുന്നത്.
ഹൃദയത്തിന്റെ സുഖവും സ്വസ്ഥതയുമാണ് ഏറ്റവും പ്രധാനം. അല്ലാഹുവിലുള്ള വിശ്വാസത്തിലും അവനോടുള്ള കറയറ്റ സൗഹൃദത്തിലുമാണ് ഹൃദയം ആഹ്ളാദം കണ്ടെത്തുന്നത്. അല്ലാഹുവിനെ അനുസരിച്ചും അവനിലേക്ക് പശ്ചാത്തപിച്ചും അടുത്തു നില്‍ക്കുന്ന ഹൃദയം സന്തോഷനിര്‍ഭരമായിരിക്കും. അതിലപ്പുറമുള്ള സന്തോഷം അത് സ്വര്‍ഗീയസന്തോഷം മാത്രം.
ഒരു സ്വൂഫിവര്യന്റെ മൊഴി ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: സ്വര്‍ഗസ്ഥര്‍ എത്രമേല്‍ ഉത്തമ ജീവിതത്തിലാണെന്ന് വിചാരിച്ചുപോകുന്ന ചിലവേളകള്‍ എനിക്ക് വന്നു ചേരാറുണ്ട്. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ അനുഭവിക്കുന്ന ആത്മീയ നിര്‍വൃതി, ഹൃദയസായൂജ്യം, ഉള്‍വെളിച്ചം, സന്തോഷാധിക്യം എല്ലാം അവാച്യം തന്നെ.
ഹൃദയം ലക്ഷ്യം നേടിയാല്‍ മറ്റ് അവയവങ്ങളെല്ലാം സ്വമേധയാ സജീവവും സക്രിയവുമാകും. ഈ ഊര്‍ജ്വസ്വലത നന്മയുടെ വഴിയില്‍ ബഹുദൂരം ഗമിക്കാന്‍ പ്രചോദനമേകും. ഇരുലോക വിജയങ്ങള്‍ സുനിശ്ചിതമാക്കും. അല്ലാഹു പറയുന്നു: 'വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്കാണ് സൗഭാഗ്യവും അത്യുദാത്ത സങ്കേതവും' (അല്‍ റഅ്ദ്- 29). ഇവിടെ സൗഭാഗ്യം കൊണ്ട്‌വിവക്ഷിക്കുന്നത് വിജയത്തിന്റെ ഉറവിടങ്ങളാകുന്ന സര്‍വസന്തോഷവും കണ്‍കുളിര്‍മയുമാണ്. അത്യുദാത്ത സങ്കേതമെന്നാല്‍ പാരത്രിക ഭവനവുമാണ്. ഇഹത്തില്‍അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ള വിശാലവിസ്തൃത സുഖസമ്പന്ന സന്തോഷസമ്പൂര്‍ണ സ്വര്‍ഗം. അങ്ങനെ അവര്‍ ഐഹികവും പാരത്രികവുമായ വിജയങ്ങള്‍ നേടിയവരായിത്തീരുതാണ്.
അല്ലാഹുവിനെകുറിച്ചുള്ള സ്മരണകള്‍ മനുഷ്യമനസ്സിനെ നിര്‍മ്മലമാക്കും. ചാപല്യങ്ങളെ നിര്‍വീര്യമാക്കും. വിഹ്വലതകളെ വിപാടനം ചെയ്യും. സ്രഷ്ടാവുമായുള്ള സൗഹൃദം സ്ഥാപിക്കും. അവന്റെ സഹായത്തിലും സംരക്ഷണത്തിലും താന്‍ സുരക്ഷിതനാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തും. അല്ലാഹു പറഞ്ഞു: 'സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാല്‍ മനഃസമാധാനമാര്‍ജിക്കുകയും ചെയ്തവരെ അതിലേക്കവന്‍ വഴികാണിക്കുന്നു. അറിയുക, ദൈവസ്മരണകൊണ്ടുമാത്രമേ ഹൃദയങ്ങള്‍ക്ക് ശാന്തികൈവരൂ' (അര്‍ റഅ്ദ്- 28).
ഖജനാവുകളുടെ ഖജനാവാണ് അല്ലാഹു. അവന്റെ പക്കലുള്ളത് നശിക്കുകയോ കുറയുകയോ ഇല്ല. ഒരടിമയുടെ ആവശ്യവും നിറവേറ്റിക്കൊടുത്തതു കൊണ്ട് അവനു നഷ്ടമില്ല. പ്രയാസമില്ല. സ്രഷ്ടാവ് സൃഷ്ടിയെ വേണ്ടവിധം അറിയുന്നുണ്ട്. പരീക്ഷിക്കുന്നുമുണ്ട്. സൃഷ്ടിയും സ്രഷ്ടാവിനെ അറിയുകയും ഉള്‍കൊള്ളുകയും വേണം. വഴിപ്പെടുകയും സാമീപ്യം കരഗതമാക്കുകയും വേണം. അല്ലാഹുവോട് മനസ്സ് തുറക്കാം. വേവലാതിബോധിപ്പിക്കാം. മനമുരുകി പ്രാര്‍ത്ഥിക്കാം. അവനെപ്പോലെ സാന്ത്വനം പകരാന്‍ ഏതു ശക്തിക്കാണാവുക. വിളികേള്‍ക്കാന്‍, ആവശ്യം നിറവേറ്റാന്‍, ഏതു സമയവും കൂടെ നില്‍ക്കാന്‍, സൗഖ്യവും സമാധാനവും സമൃദ്ധിയും നല്‍കാന്‍ അവനു തുല്യം ആരുണ്ട്?
'ആകാശ ഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിനാണുള്ളത്. അവനിലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും അവന്റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക.' (ഹൂദ് 123) 'അല്ലാഹു അവന്റെ അടിമക്ക് മതിയായവനെല്ലേ?' (സുമര്‍-36)
അല്ലാഹുവിലുള്ള വിശ്വാസബലം പകരുന്ന ധൈര്യവും സ്വസ്ഥതയും വലിയ അനുഗ്രഹമാണ്. അത് പ്രതീക്ഷയുടെയും വിജയത്തിന്റെയും വാതിലുകള്‍ തുറന്നിടും. ആലസ്യത്തിന്റെയും നൈരാശ്യത്തിന്റെയും നിമിത്തങ്ങളെ തടുക്കും. മുസ്‌ലിം സമര്‍പ്പണം ചെയ്യപ്പെട്ടവനാണ്. സ്രഷ്ടാവിലേക്ക് സര്‍വാത്മനാ കീഴടങ്ങിയവനാണ്. അവന്റെ വിധിയില്‍ പൊരുത്തപ്പെട്ടവനാണ്. അവനു അല്ലാഹു മതി. അവന്റെ തുണയും സഹായവും മതി. ദിനേന നമസ്‌കാരങ്ങളില്‍ ആവര്‍ത്തിച്ചാണയിടുന്നു: നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ത്ഥിക്കുകയും ചെയ്യുന്നു.
പൂര്‍ണമനസ്സോടെ, സമ്പൂര്‍ണ സംതൃപ്തിയോടെയാണ് വിശ്വാസി അല്ലാഹുവില്‍ കാര്യങ്ങള്‍ ഏല്‍പിക്കുന്നത്. പാതിവഴിയില്‍ അവന്‍ കൈയ്യൊഴിയുമെന്ന ശങ്കയോ ഭയമോ ഇല്ലാത്തതിനാല്‍ വിശ്വാസി മനസ്സ് സദാസന്തുലിതത്വം കൈവരിക്കുന്നു. 'എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ചുവിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു (ഗാഫിര്‍ 44). സര്‍വശക്തനും കരുണാമയനുമായ അല്ലാഹുവിന്റെ കാര്യത്തില്‍, അവന്റെ സംരക്ഷണം ലഭ്യമാകുമെന്ന വിഷയത്തില്‍ ആകുലതകളില്ലാത്ത മനസ്സ് സമാധാനത്തിന്റെതും സ്ഥൈര്യത്തിന്റെതുമാണ്. രോഗിയായിക്കിടക്കുന്ന യസീദ്ബ്‌നുല്‍ അസ്‌വദിനെ സന്ദര്‍ശിക്കാനെത്തിയ വാസിലത് ബിനില്‍ അസ്ഖഅ് (റ) ചോദിച്ചു: അല്ലാഹുവിനെ കുറിച്ച് നീ എങ്ങനെ വിചാരിക്കുന്നു? 'അല്ലാഹുവാണേ, എനിക്ക് അല്ലാഹുവിനെ കുറിച്ച് നല്ലവിചാരമേയുള്ളൂവന്നായിരുന്നു യസീദിന്റെ മറുപടി. അന്നേരം വാസിലത്(റ)പറഞ്ഞു: സന്തോഷിക്കുക, അല്ലാഹുവിന്റെ തിരുദൂതര്‍ (സ)പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്. ''അല്ലാഹു പറയുു. എന്റെ അടിമ എന്നെക്കുറിച്ച് നല്ലത് ഭാവിച്ചാലും ചീത്തഭാവിച്ചാലും അവന്റെ വിചാരംകണക്കെയാണു ഞാന്‍'' (ഇബ്‌നുഹിബ്ബാന്‍)
അല്ലാഹുവിലുള്ള ദൃഢവിശ്വാസവും സത്യസന്ധമായ സമര്‍പ്പണ മനോഭാവവും സൃഷ്ടിക്കുന്ന അദ്‌ഭുതങ്ങള്‍ ചെറുതല്ല. വിജനദേശത്ത് ഒരു ഈത്തപ്പഴകുടന്നയും പാനപ്പാത്രവുമൊഴികെ സാമഗ്രികളൊന്നുമില്ലാതെ പത്‌നി ഹാജറയെയും പുത്രന്‍ ഇസ്മാഈലിനെയും വിട്ടേച്ച് തിരിഞ്ഞ് നടക്കുമ്പോള്‍ ഇബ്‌റാഹീമിനോട് ഭാര്യ പലവട്ടം വിളിച്ചു ചോദിച്ചു: ആരോരുമില്ലാത്ത ഈ മരുപ്രദേശത്ത് പിഞ്ചുപൈതലിനൊപ്പം എന്നെ ഉപേക്ഷിച്ച് നിങ്ങളെവിടെപ്പോകുന്നു? ഇബ്‌റാഹീം(അ)നു മറുപടി ഉണ്ടായിരുന്നില്ല. 'അല്ലാഹുവാണോ നിങ്ങളോടിത് കല്‍പിച്ചത്' എന്ന ചോദ്യത്തിനു മാത്രം 'അതെ' എന്നദ്ദേഹം മറുപടി നല്‍കി. ആ മറുപടി ഹാജറയെ ധൈര്യപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. ആ സഹനശീല അങ്ങനെ 'ഉമ്മുല്‍ ഖുറ'യുടെ തന്നെ മാതാവായി. അല്ലാഹുവിന്റെ സഹായം സംസമായി ഉറവെടുത്തു. മാലാഖമാരുടെ കാവലുണ്ടായി. വിസ്മൃതിയിലാണ്ടു കിടന്നിരുന്ന കഅ്ബയെ പിന്നീട് ഇബ്‌റാഹീം (അ)മും ഇസ്മാഈല്‍ (അ)മും നിര്‍മിച്ചെടുത്തു. വിശ്വാസബലത്തിന്റെ ചേരുവയില്‍ പണിത ആ പുണ്യഗേഹം സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും വിശ്വാസി ലോകത്തിന്റെ കരളായി കുളിരായി നിലകൊള്ളുന്നു.
Leave A Comment