ദുന്‍യാവ് ജയിലാണ്, മരണം മോചനവും
prisonഅബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ)വി‍ല്‍‍‍നിന്ന്‌ നിവേദനം: നബി(സ്വ)തങ്ങള്‍ അരുളി: ഇഹലോകം സത്യവിശ്വാസിക്ക് ജയിലും അവിശ്വാസിക്ക് സ്വര്‍ഗ്ഗവുമാണ്. മരണപ്പെടുന്ന വിശ്വാസിയുടെ ഉദാഹരണം, ജയിലില്‍നിന്ന് മോചനം ലഭിക്കുന്നവനെ പോലെയാണ്. ഐഹികജീവിതത്തിലെ സുഖസൌകര്യങ്ങ‍ള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമല്ല, പലപ്പോഴും അവന് അത് ലഭ്യമാകുക പോലുമില്ല. പ്രയാസങ്ങളിലധിഷ്ഠിതമായ ജീവിതമാണ് മിക്കപ്പോഴും അവന് നയിക്കേണ്ടിവരിക. അല്ലാഹുവിനോടുള്ള സാമീപ്യം വര്‍ദ്ധിക്കുംതോറും നേരിടേണ്ടിവരുന്ന പ്രയാസങ്ങളുടെ അളവും വര്‍ദ്ധിക്കുമെന്ന് മറ്റു ഹദീസുകളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്‍റെ പ്രീതി ആകാവുന്നിടത്തോളം നേടിയെടുത്ത പ്രവാചകര്‍ക്കായിരുന്നു ഏറ്റവും കൂടുത‍ല്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നത് എന്നത് തന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. സത്യവിശ്വാസിയുടെ ഈമാനിക ശക്തി പരീക്ഷിക്കാനുള്ള ഇടം കൂടിയാണ്‌ ദുന്‍യാവ്‌. അത്കൊണ്ട്തന്നെ, ജയിലറയിലെന്ന പോലെ, ഒന്നിനു പിറകെ ഒന്നായി പീഢനപര്‍വ്വങ്ങളുടെ കയ്‌പുനീ‍ര്‍‍ കുടിക്കാന്‍ വിശ്വാസി നിര്‍ബന്ധിതനാകും. ക്ഷമയുടെ പരിച കൊണ്ട് അവയെ പ്രതിരോധിക്കുകയാണ് അത്തരം ഘട്ടങ്ങളി‍ല്‍ വിശ്വാസി ചെയ്യേണ്ടത്. പ്രയാസങ്ങളില്‍ പതറാതെ മനസ്സിനെ നിയന്ത്രിക്കാനും ഇതെല്ലാം തന്‍റെ നാഥന്‍റെ പരീക്ഷണങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവയെ സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറാവുകയാണ് വേണ്ടത്. ഈ നിലയില്‍ ചിന്തിക്കുമ്പോ‍ള്‍, ലഭ്യമാവുന്ന സുഖസൌകര്യങ്ങളും ജീവിതസൌകര്യങ്ങളും പോലും അല്ലാഹുവിന്‍റെ പരീക്ഷണമായാണ് കാണാനാവുക. അത് കൊണ്ട് തന്നെ അവയിലും മനസ്സ് രമിക്കാതെ അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിലായി വേണം ജീവിതം നയിക്കേണ്ടത്. തനിക്ക് നാഥന്‍ നല്‍കിയതില്‍നിന്ന് ഇതരര്‍ക്ക് ദാനം ചെയ്യാ‍ന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് ഈ ബോധമാണ്. ദുന്‍യാവ് ജയിലറയാണെന്ന് തിരിച്ചറിയുമ്പോ‍ള്‍, മരണം അവന്ന് അതില്‍നിന്നുള്ള മോചനവും സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്കുള്ള സുഖപ്രയാണവുമായിത്തീരുന്നു. ജയിലകത്തെ പ്രയാസങ്ങളുടെ നീര്‍കെട്ടില്‍ നിന്നെന്ന പോലെ ദുന്‍യാവിനോട്‌ വിടപറഞ്ഞു സുഖാനുഭൂതിയുടെ സ്വര്‍ഗത്തിലേക്ക്‌ രക്ഷപ്പെടാനുള്ള ഉപാധിയാവുന്നു അത്. അഥവാ, മരണം സത്യവിശ്വാസിയുടെ മുമ്പില്‍ പേടിസ്വപ്‌നമായി അവതരിക്കുന്നതിനു പകരം പ്രതീക്ഷാമുനമ്പായി പരിണമിക്കുകയാണ് ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter