യുപിയിൽ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ഉത്തർപ്രദേശിലെ ബാറബങ്കി മുസ്ലിം പള്ളി അന്യായമായി പൊളിച്ചുമാറ്റിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡും ഓൾ ഇന്ത്യ മുസ്ലിൽ ലോ ബോർഡും ആവശ്യപ്പെട്ടു. അതേസമയം, കോടതി ഉത്തരവനുസരിച്ചാണ് പള്ളി പൊളിച്ചുമാറ്റിയതെന്ന് ജില്ലാ അധികൃതർ അറിയിച്ചു.

“റാം സ്നേഹി ഘട്ടിലെ 100 കൊല്ലത്തിലധികം പഴക്കമുള്ള ഗരിബ് നവാസ് പള്ളി അധികൃതർ അന്യായമായി പൊളിച്ചുമാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി പൊലീസ് സാന്നിധ്യത്തിലാണ് നിയമപരമായ യാതൊരു ന്യായീകരണവുമില്ലാത്ത ഈ പ്രവൃത്തി നടന്നിരിക്കുന്നത്. പള്ളിയുമായി ബന്ധപ്പെട്ട് ഒരു തർക്കവും നിലനിൽക്കുന്നില്ല. സുന്നി വഖഫ് ബോർഡ് പട്ടികപ്പെടുത്തിയ പള്ളിയാണിത്. പള്ളിയുടെ രേഖകൾ കാണിക്കണമെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.”- മുസ്ലിം ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു.

അതേസമയം, കെട്ടിടം നിയമവിരുദ്ധമായി പണികഴിപ്പിച്ചതാണെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആദർശ് സിംഗ് പറഞ്ഞു. “ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള വീക്ഷണം അറിയിക്കാൻ മാർച്ച് 15നു തന്നെ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചിരുന്നു. പക്ഷേ, അവർ നോട്ടീസ് ലഭിച്ചയുടൻ സ്ഥലം വിട്ടു. മാർച്ച് 18ന് സ്ഥലം സർക്കാർ ഏറ്റെടുത്തു. നിയമവിരുദ്ധമായി പണികഴിപ്പിച്ച കെട്ടിടമാണ് ഇതെന്ന് അലഹബാദ് ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.”- അദ്ദേഹം പറഞ്ഞു. ജോയിൻ്റ് മജിസ്ട്രേറ്റ് ദിവ്യാൻഷു പട്ടേലും കെട്ടിടം നിയമവിരുദ്ധമാണെന്ന് വിശദീകരിച്ചു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter