ഫലസ്ഥീനിനെതിരെ വീണ്ടും നിയമനടപടിയുമായി ഇസ്രയേല്‍
ഫലസ്തീനിലെ ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇടിച്ചു നിരത്താന്‍ സൈന്യത്തോട് ഇസ്റാഈല്‍ കോടതി ഉത്തരവിട്ടു. വിധി നടപ്പിലാക്കുന്നതോടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഈ ഗ്രാമത്തില്‍ നിന്ന് 180 ഫലസ്തീനി കുടുംബങ്ങളാണ് തെരുവിലിറങ്ങേണ്ടി വരിക.
ഗ്രാമം ഒഴിപ്പിക്കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ഒരാഴ്ചത്തേക്ക് ഗ്രാമം ഇടിച്ചുനിരത്തുന്നതിന് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്ക് ശേഷം സൈന്യം ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം ഇടിച്ചു നിരത്തും. ഖാന്‍ അല്‍ അഹ്മറിന് 12 കിലോമീറ്റര്‍ അകലെയുള്ള ഫലസ്തീന്‍ ഗ്രാമമായ അബു ദിസിലേക്ക് ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് ഈ പ്രദേശം.
വെസ്റ്റ്ബാങ്ക് രണ്ടായി വിഭജിക്കുക എന്നതാണ് ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമം കയ്യടക്കുന്നതിലൂടെ ഇസ്റാഈല്‍ ലക്ഷ്യമിടുന്നത്. ബെഡോയിന്‍ അറബ് ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന വെസ്റ്റ്ബാങ്കിലെ ഗ്രാമമാണ് അല്‍ അഹ്മര്‍. ബെഡോയിന്‍ അറബ് ഗോത്രവിഭാഗത്തില്‍ പെട്ട 180 കുടുംബങ്ങള്‍ ഇവിടെയുണ്ട്.
ഇസ്റാഈലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെസ്റ്റ്ബാങ്കില്‍ നിന്ന് കിഴക്കന്‍ ജറുസലേമിനെ പൂര്‍ണമായും മുറിച്ചുമാറ്റാനാണ് നീക്കമെന്നും ഫലസ്തീന്‍ അതോറിറ്റി പ്രതികരിച്ചു. നിയമവിരുദ്ധമായ ഈ തീരുമാനം ഇസ്റാഈലിന്റെ അധിനിവേശ ഡി.എന്‍.എ തുറന്നുകാട്ടിയെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ എന്നൊരു ആശയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അതോറിറ്റി കുറ്റപ്പെടുത്തി.
ജെറുസലേമിന് കിലോമീറ്ററുകള്‍ മാത്രം അകലെ ഇസ്റാഈല്‍ അനധികൃതമായി പണിത രണ്ട് കെട്ടിടങ്ങള്‍ക്ക് നടുവിലാണ് അല്‍ അഹ്മര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാലെ അഡുമിം, കഫാര്‍ അഡുമിം എന്നീ കെട്ടിടങ്ങള്‍ വികസിപ്പിക്കാനുള്ള ആലോചനയിലാണ് ഇസ്റാഈല്‍. ഇതിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധക്കുറ്റമാണ് ഇസ്റാഈല്‍ ചെയ്യുന്നതെന്നായിരുന്നു ഗ്രമവാസികളുടെ പ്രതികരണം. അതേസമയം, കോടതിയുടേത് ധീരമായ തീരുമാനമാണെന്ന് ഇസ്റാഈല്‍ പറഞ്ഞു. നിയമത്തിനു മേല്‍ മറ്റൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഖാന്‍ അല്‍ അഹ്മറിനെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഇസ്റാഈലിനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave A Comment