പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് ചികിത്സ ലഭ്യമാക്കാൻ  സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന്  ജിഫ്‌രി തങ്ങൾ
കോഴിക്കോട്: കൊറോണ വ്യാപനം കാരണം വിദേശരാജ്യങ്ങളിൽ ജീവിക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ആവശ്യപ്പെട്ടു. കൊറോണ വൈറസിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിരോധം വിജയകരമായി മുന്നേറുമ്പോൾ നാടിന്റെ പുരോഗതിക്ക് വലിയ പങ്കുവഹിച്ച പ്രവാസികൾ സുരക്ഷിതരല്ലെന്ന വാർത്തകളാണ് പുറത്തു വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ തങ്ങൾ, അറബ് ഭരണാധികാരികൾ മികച്ച പ്രതിരോധ പ്രവർത്തനങ്ങൽ നടത്തുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങളിലെ പൗരന്മാർ കഴിയുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴും കൊറോണ വ്യാപിക്കുകയാണെന്നും വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം മലയാളികൾ ആണ്. പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംഭവിച്ചാൽ നാടിനെ താങ്ങി നിർത്തിയത് പ്രവാസികൾ ആണെന്നും ഈ ഘട്ടത്തിൽ അവരെ തിരിച്ചുകൊണ്ടുവന്നു മികച്ച ചികിത്സ നൽകേണ്ടത് നമ്മുടെ ബാധ്യതയാണെന്നും തങ്ങൾ പറഞ്ഞു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ നമ്മുടെ സർക്കാറുകൾ ഇത്തരത്തിലുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നത് ഏറെ നിർഭാഗ്യകരമാണെന്നും തങ്ങൾ കുറ്റപ്പെടുത്തി.

ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്കാണ് ചികിത്സയിൽ മുൻഗണന നൽകുന്നതെന്നും രോഗബാധ സ്ഥിരീകരിച്ച ശേഷവും ചികിത്സിക്കാനുള്ള കിടക്കകളും സൗകര്യവുമില്ലാത്തതിനാൽ തൊഴിലാളികളോട് അവരുടെ താമസ സ്ഥലത്ത് തന്നെ തുടരാൻ ആവശ്യപ്പെടുന്നുണ്ടെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter