ഓഗസ്റ്റ് 15 മുതൽ കശ്മീരിലെ രണ്ട് ജില്ലകളില്‍ 4 ജി  ലഭ്യമാവും: നടപടി പരീക്ഷണാടിസ്ഥാനത്തിൽ
ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിഛേദിക്കപ്പെട്ട 4 ജി നെറ്റ്‌വര്‍ക്ക് ഓഗസ്റ്റ് 15 മുതല്‍ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നു. സുപ്രിംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന് വേണ്ടി കെ.കെ വേണുഗോപാലാണ് കോടതിയിൽ ഹാജരായത്.

അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണരേഖ തൊട്ടുകിടക്കുന്ന സ്ഥലങ്ങളില്‍ ഈ ഇളവുണ്ടാകില്ലെന്നും രണ്ടു മാസത്തിനു ശേഷം സ്ഥിതി പരിശോധിക്കുകയും അതനുസരിച്ച് മറ്റിടങ്ങളിലും അതിവേഗ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി കശ്മീർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താഴ്‌വരയിൽ 4 ജി ഉടൻ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു ഭരണകൂടം നൽകിയ മറുപടി. ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും സംസ്ഥാനത്തെ കശ്മീർ, ജമ്മു, ലഡാക്ക് എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് മുന്നോടിയായാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter