മെട്രോ മുഹമ്മദ് ഹാജി-ഉലമ ഉമറ ബന്ധത്തിന് മാതൃക തീര്‍ത്ത ജീവിതം
2012... കേരളേതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പ്രാഥമിക മതവിദ്യാഭ്യാസം നല്‍കാനുള്ള വിപുലമായ ശ്രമങ്ങള്‍ക്ക് ഹാദിയ തുടക്കം കുറിച്ച കാലം. വര്‍ഷം തോറും വരുന്ന ഭീമമായ ചെലവുകള്‍ കണ്ടെത്താനായി, മലപ്പുറം ജില്ലക്ക് പുറമെ, ഉത്തര കേരളത്തിലും റമദാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനമെടുക്കുന്നു. ആലോചനക്കായി അവര്‍ നേരെ പോയത്, കാസര്‍ഗോഡ് നോര്‍ത്ത് ചിത്താരിയിലേക്ക്. മെട്രോ മുഹമ്മദാജിയെ കാണുകയായിരുന്നു ലക്ഷ്യം. കാര്യങ്ങളെല്ലാം കേട്ട അദ്ദേഹം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു, നമുക്ക് നടത്താം, ഞാന്‍ കൂടെയുണ്ടാവും. എന്നാല്‍, പരിപാടിക്ക് ആവശ്യമായ ചെലവുകളെല്ലാം നിങ്ങള്‍ തന്നെ കണ്ടെത്തണം, പരിപാടിയില്‍നിന്ന് പിരിക്കുകയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തുകയോ ചെയ്യാം.
മനസ്സില്‍ ചെറിയൊരു അതൃപ്തി തോന്നിയെങ്കിലും, പറഞ്ഞതിനോട് തലയാട്ടി സംഘാടകര്‍ പടിയിറങ്ങി. പരിപാടി ഗംഭീരമായി നടന്നു. ചെലവുകള്‍ കഴിഞ്ഞ് വല്ലതും ബാക്കി വേണമെന്നതിനാല്‍ സംഘാടകരും നന്നായി പണിയെടുത്തു. എല്ലായിടത്തും മുഹമ്മദാജിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെ വല്ലാത്തൊരു ഊര്‍ജ്ജമായിരുന്നു അവര്‍ക്ക്. എല്ലാം കഴിഞ്ഞ്, അവസാന അവലോകന യോഗം ചേര്‍ന്നതും അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു. വരവ് ചെലവുകളെല്ലാം അവതരിപ്പിച്ച് കഴിഞ്ഞതും, മുഹമ്മദാജി ഇടപെട്ടു, പരിപാടിയൊക്കെ ഭംഗിയായി കഴിഞ്ഞില്ലേ, അല്‍ഹംദുലില്ലാഹ്. പരിപാടിക്ക് വന്ന ചെലവുകളെല്ലാം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. പിരിഞ്ഞു കിട്ടിയ സംഖ്യ പൂര്‍ണ്ണമായും ഇതരസംസ്ഥാനങ്ങളിലെ മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഉപയോഗിക്കണം, ജനങ്ങള്‍ നല്‍കിയത് അതിന് വേണ്ടിയാണല്ലോ.
എല്ലാവരും ഒരു വേള മുഖത്തോട് മുഖം നോക്കി. സംഘാടകരുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണീര്‍ പൊടിഞ്ഞു, നേരത്തെ തോന്നിയ ചെറിയ അതൃപ്തിയില്‍ വല്ലാത്ത മനസ്താപം തോന്നിയ നിമിഷം കൂടിയായിരുന്നു സംഘാടകര്‍ക്ക് അത്.
**
Also Read: റിയാദ് സാഹിബ് - ബിസിനസ്സില്‍ നിന്ന് പ്രബോധനത്തിലേക്ക് പറിച്ചുനട്ട ജീവിതം
പണ്ഡിതരും കൈകാര്യകര്‍ത്താക്കളുമാണ് (ഉലമാഉം ഉമറാഉം) സമുദായത്തെ മുന്നോട്ട് ചലിപ്പിക്കേണ്ട ചക്രങ്ങള്‍. അവര്‍ ഒരുമിച്ചുനിന്നപ്പോഴാണ്, മതരംഗത്തെ പുരോയാനത്തിന്റെ കേരള മാതൃക രൂപം കൊണ്ടതും പടര്‍ന്നുപന്തലിച്ചതും. സമകാലിക കേരള ഇസ്‍ലാമിനെ ഈ നിലയിലെത്തിച്ചതിന് പിന്നില്‍ ദീര്‍ഘദൃക്കുകളായ ഉലമാക്കളുടെ കൂടെ സര്‍വ്വ പിന്തുണയുമായി കൂടെ നിന്ന ഇത്തരം ഒരു പിടി ഉമറാക്കളെ കാണാനാവും. ആ ശ്രേണിയിലെ തിളക്കമാര്‍ന്ന ഒരു കണ്ണിയാണ് ഇന്നലെ നമ്മോട് വിട പറഞ്ഞ, കാസര്‍ഗോഡ് നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദാജിയും.
മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ സംഘാടന പാടവം, നേതൃഗുണം എന്നിവക്ക് പുറമെ, സമ്പത്തും സമൂഹത്തിന് കരുത്തപകരാനായി മാറ്റിവെക്കുകയായിരുന്നു. മുസ്‍ലിം ലീംഗിലെ സജീവസാന്നിധ്യത്തോടൊപ്പം, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, സുപ്രഭാതം ഡയറക്ടര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്‍ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങി അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചത് ഒട്ടേറെ ദൌത്യങ്ങളായിരുന്നു.
ദാറുല്‍ഹുദയുടെ ദഅവീ സംരഭങ്ങള്‍ക്കും ഹാദിയയുടെ ഉത്തരേന്ത്യന്‍ പദ്ധതികള്‍ക്കും അദ്ദേഹം നല്കിയ പിന്തുണ വലുതായിരുന്നു. അവയെല്ലാം അദ്ദേഹത്തിന് സ്വന്തം പദ്ധതി പോലെയോ അവയേക്കാള്‍ പ്രധാനമോ ആയിരുന്നുവെന്ന് വേണം പറയാന്‍.
നല്ലൊരു വ്യവസായി എന്നതിനോടൊപ്പം, നാഥന്‍ കനിഞ്ഞേകിയ സമ്പത്ത് ദീനിനും സമൂഹത്തിനും ഏറ്റവും ഫലപ്രദമായി ചെലവഴിച്ച് നാളേക്ക് വേണ്ടി ബാക്കി വെക്കുന്നതില്‍ അദ്ദേഹം വിജയം വരിക്കുകയായിരുന്നു. സമൂഹമുന്നേറ്റത്തിന് ആവശ്യമായ എല്ലാ പദ്ധതികളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു, മഹല്ലുകള്‍ക്കും പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം കൈയ്യയഞ്ഞ് സഹായിച്ചു, പാവങ്ങളെയും അശരണരെയും തേടി അദ്ദേഹത്തിന്റെ സഹായങ്ങളെത്തി, വിവാഹം, വീടുനിര്‍മ്മാം, ആതുരശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിനാവശ്യമായ സര്‍വ്വ മേഖലകളിലും അദ്ദേഹം സാമ്പത്തിക സഹായവുമായി സമൂഹത്തിന്റെ കൂടെ നിന്നു.
എല്ലാം ഉണ്ടായപ്പോഴും, നേതാവായി ഇരിക്കാതെ ഒരു സാധാരണ പ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തനരംഗത്തും അദ്ദേഹം സജീവമായി നിലകൊണ്ടു. വ്യവസായ പ്രമുഖന്‍ എന്നതിനേക്കാള്‍ അദ്ദേഹം ആഗ്രഹിച്ചത് ജനസേവകനാവാനായിരുന്നു. ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാനും ഏത് ആവശ്യങ്ങളും ഉണര്‍ത്താനും സാധ്യമാവും വിധം മലര്‍ക്കെ തുറക്കെപെട്ട് കിടക്കുകയായിരുന്നു അദ്ദേഹത്തിന്റെ കവാടങ്ങള്‍, അതേക്കാള്‍ വിശാലമായി ആ മനസ്സും.
പണ്ഡിതരുമായും പ്രവാചകകുടുംബവുമായും ആത്മബന്ധമായിരുന്നു അദ്ദേഹം സൂക്ഷിച്ചത്, ആ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ അവരും അതേ അളവില്‍ തിരിച്ച് സ്നേഹം നല്‍കുകയും ചെയ്തു എന്നത് അദ്ദേഹത്തിന്റെ ഭാഗ്യം തന്നെ. അതോടൊപ്പം, ഇതര മതനേതാക്കളുമായും അടുത്ത ബന്ധം പാലിക്കുകയും അതിലൂടെ നാടിന്റെ മതസൌഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുന്നതിലും തന്റേതായ സംഭാവനകളര്‍പ്പിക്കുകയും ചെയ്തു.
മത- രാഷ്ട്രീയ- വിദ്യാഭ്യാസ - സാമൂഹിക മേഖലകളില്‍ എണ്ണിയാലൊടുങ്ങാത്ത സ്ഥാനങ്ങളാണ് അദ്ദേഹം അലങ്കരിച്ചത്. മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‍ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്‍ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചിത്താരി അസീസിയ അറബിക് കോളേജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ചിത്താരി ക്രസന്റ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു. മുംബൈ കേരള വെല്‍ഫയര്‍ ലീഗ്, മുംബൈ കേരള മുസ്‍ലിം ജമാഅത്ത് എന്നിവയുടെ മുന്‍പ്രസിഡന്റും റൈഫിള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായിരുന്നു.
കുവൈത്ത് കെ.എം.സി.സിയുടെ ഇ അഹമ്മദ് അവാര്‍ഡ്, ന്യുനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2020 ജൂണ്‍ 10, ബുധനാഴ്ച, ഉച്ചക്ക് 12.30 ഓടെ ആ ധന്യജീവിതത്തിന് വിരാമമായി. സര്‍വ ശക്തന്‍ അവരുടെ സേവനങ്ങളെ കലര്‍പ്പില്ലാത്ത സല്‍കര്‍മങ്ങളുടെ സംശുദ്ധിയോടെ സ്വീകരിക്കട്ടെ, ആമീന്‍.
Leave A Comment