ഇന്ത്യൻ മുസ്‌ലിംകൾ യാചകരല്ല-ബാബരി വിധിയിൽ വീണ്ടും പ്രതികരണവുമായി ഉവൈസി
ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രീം കോടതിയുടെ വിധിയില്‍ വീണ്ടും വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് നിയമപരമായ അവകാശമാണ്. ഭൂമിക്കു വേണ്ടിയല്ല നാം പോരാടിയത്. ദാനമൊന്നും ആവശ്യമില്ല. ഞങ്ങളെ യാചകരെ പോലെ പരിഗണിക്കരുത്. ഞങ്ങള്‍ ഇന്ത്യയിലെ ബഹുമാനിക്കപ്പെടുന്ന പൗരന്‍മാരാണ്. വിധിയെ എതിര്‍ക്കുക എന്നത് തന്റെ ജനാധിപത്യപരമായ അവകാശമാണ്'.ഹൈദരാബാദില്‍ നബിദിന പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഉവൈസി പറഞ്ഞു. ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ തകര്‍ത്തതിന് എല്‍.കെ അദ്വാനി ഉള്‍പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തിനാണ് കേസെടുത്ത് വിചാരണ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇനി അതല്ല പള്ളി നിയമാനുസൃതമായിരുന്നെങ്കില്‍ അത് തകര്‍ത്തവര്‍ക്ക് തന്നെ നല്‍കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു. 'ഒരാള്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ മധ്യസ്ഥന്റെ അടുത്ത് പോവുന്നു. അയാള്‍ നിങ്ങളുടെ വീട് തകര്‍ത്തയാള്‍ക്ക് തന്നെ നല്‍കുന്നു. എന്നിട്ട് നിങ്ങള്‍ക്ക് വീട് വെക്കാന്‍ പകരം ഒരു സ്ഥലം നല്‍കുന്നു. അത് നിങ്ങള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുക' അദ്ദേഹം ചോദിച്ചു. കോടതിയില്‍ മുസ്‍ലിംകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 80 വയസ്സിലും കോടതിയില്‍ കൃത്യമായ തയ്യാറെടുപ്പുകളുമായി വാദിച്ച രാജീവ് ധവാനെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. എല്ലാ സെക്യുലര്‍ പാര്‍ട്ടികളും മുസ്‍ലിംകളെ വഞ്ചിച്ചെന്നും എന്നാൽ വിധിയില്‍ നിരാശരാവുകയോ ആത്മവീര്യം കൈവിടുകയോ ചെയ്യാതെ ഒന്നിച്ചു നിന്ന് മുസ്‍ലിംകള്‍ വെല്ലുവിളിയെ നേരിടണമെന്നും ഉവൈസി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter