എനിക്കറിയാം ബന്ധം വിച്ഛേദിക്കപ്പെട്ടാലുള്ള വേദന; ഐ.എസ്.ആര്‍.ഒ മേധാവിക്ക് കശ്മീർ സ്വദേശിയുടെ വൈറലായ കത്ത്
ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റ അകലെ വെച്ച് ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം മുറിഞ്ഞതും ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതും രാജ്യത്ത് ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. ഇത് പറയവേ വിങ്ങിപ്പൊട്ടിയ ഐ.എസ്.ആര്‍.ഒ മേധാവിയെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിന്റെ വീഡിയോയും വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ഐ.എസ്.ആര്‍.ഒ മേധാവിക്ക് കത്തെഴുതിയിരിക്കുകയാണ് കശ്മീര്‍ സ്വദേശിയായ ഫൈസാന്‍ ബുഖാരി പ്രിയപ്പെട്ട ഡോ. കെ. ശിവന്‍, ആദ്യമായി മികച്ച നേട്ടം കൈവരിച്ച നിങ്ങളേയും നിങ്ങളുടെ ടീമിനേയും ഞാന്‍ അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ 2 വിജയമാക്കാന്‍ നിങ്ങള്‍ ശരിക്കും കഠിനാധ്വാനം ചെയ്തു. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് അരികെ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡര്‍ വിക്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. രാജ്യത്തെ അഭിമാനനേട്ടത്തിലേക്ക് ഉയര്‍ത്താന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. ആര്‍ക്കാണ് ഇല്ലാത്തത്? നമ്മള്‍ വളരെ അടുത്ത് നില്‍ക്കുന്ന ആശയവിനിമയം നഷ്ടമാകുന്നത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കും അറിയാം. വളരെ നന്നായിട്ട് അറിയാം. എനിക്കും എന്റെ ചന്ദ്രനുമായുള്ള, എന്റെ അമ്മയുമായുള്ള ആശയവിനിമയം ഒരുമാസം മുമ്പേ നഷ്ടമായതാണ്. ജമ്മുകശ്മീരിലെ ബുദ്ഗാമിലാണ് എന്റെ അമ്മ താമസിക്കുന്നത്. ആഴ്ചകളായി ഞാനവരോട് സംസാരിച്ചിട്ടില്ല. താങ്കള്‍ വലിയൊരു ശാസ്ത്രജ്ഞനാണ്. എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താങ്കള്‍ക്കറിയാം. എന്നിട്ടും താങ്കള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ വിങ്ങിപ്പൊട്ടി. നമുക്ക് ബന്ധങ്ങള്‍ നഷ്ടമാകുമ്പോള്‍ നമ്മളുമായി അടുത്ത് നില്‍ക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരുമ്പോള്‍ അത് നമ്മളെ ഏറെ വേദനിപ്പിക്കും. സര്‍, താങ്കള്‍ ഭാഗ്യവാനാണെന്ന് ഞാന്‍ പറയട്ടെ, കാരണം താങ്കളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് ഒക്കെ ശരിയാവുമെന്ന് പറയാന്‍ പ്രധാനമന്ത്രിയുണ്ടായിരുന്നു. പക്ഷേ എന്റെ കാര്യം നോക്കൂ, ഞാനത്രെ ഭാഗ്യം കെട്ടവനാണ്. ഒരുമാസത്തിലേറെയായി എനിക്ക് എന്റെ കുടുംബവുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടമായിട്ട്. എന്നിട്ടും എന്നെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരും വന്നിട്ടില്ല. നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി എന്നെപ്പോലെ കുടുംബത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ട ജനങ്ങളോട് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സര്‍, ഒരുതരത്തില്‍ പറഞ്ഞാല്‍ ഞാനും നിങ്ങളും ഒരേ തൂവല്‍ പക്ഷികളാണ്. ഇപ്പോള്‍ എനിക്കു തോന്നുന്നത്, എന്റെ കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ളതിനേക്കാള്‍ സാധ്യത ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിച്ചുകിട്ടാനുണ്ടെന്നാണ്. സാറിനറിയാമോ എന്താണ് ഏറ്റവും വലിയ വേദനയെന്ന്? സ്വന്തം രാജ്യത്തിലുള്ളവര്‍ നമ്മളെ ആശ്വസിപ്പിക്കാനില്ലാത്ത അവസ്ഥ. സര്‍, ഞാന്‍ വീണ്ടും പറയുന്നു, താങ്കള്‍ ഭാഗ്യവാനാണ്. കാരണം ലാന്‍ഡറുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ താങ്കളെ പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമുള്ള സന്ദേശങ്ങളായിരുന്നു. പക്ഷേ ഇവിടെ ഞാന്‍ ഒറ്റയ്ക്കിരുന്ന് താങ്കള്‍ക്ക് ഈ കത്തെഴുതുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter