റമദാന് 22 –ദാനധര്‍മ്മങ്ങളുടെ ദിനങ്ങള്‍.. എന്നാല്‍ യാചന അരുത് താനും..
റമദാന്‍ പൊതുവെ ദാനധര്‍മ്മങ്ങളുടെ മാസമാണ്, അവസാനപത്തിലേക്ക് പ്രവേശിക്കുന്ന മുറക്ക് അതിന് ആക്കം കൂടുന്നതും സ്വാഭാവികം. ഈ ദിനങ്ങളില്‍ പ്രവാചകര്‍(സ്വ), അഴിച്ചുവിട്ട കാറ്റിനേക്കാള്‍ ധ്രുതഗതിയിലായിരുന്നു ദാനധര്‍മ്മങ്ങള്‍ ചെയ്തിരുന്നതെന്ന് ഹദീസുകളില്‍ കാണാം. ഖദ്റിന്റെ രാത്രി ആയേക്കാം എന്ന പ്രതീക്ഷയും ഇതിന് കൂടുതല്‍ പ്രേരകമാകുന്നു.
ഇത്തരം വിവിധങ്ങളായ പ്രചോദനങ്ങളാല്‍, ദാനധര്‍മ്മങ്ങളുടെ കാര്യത്തില്‍, ഒരു സമുദായം എന്ന നിലയില്‍, മുസ്‍ലിംകളോളം മുന്നില്‍നില്‍ക്കുന്നവര്‍ വേറെയുണ്ടാവില്ലെന്ന് പറയാം. പലയിടങ്ങളിലും സര്‍ക്കാറുകള്‍ക്ക് പോലും ചെയ്യാനാവാത്തത് ഇത്തരം
ദാനധര്‍മ്മങ്ങളിലൂടെയും ചാരിറ്റികളിലൂടെയും നിര്‍വ്വഹിക്കപ്പെടുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.
അതേസമയം, സമുദായത്തിന്റെ ഈ നന്മമനസ്സ് ചിലപ്പോഴെങ്കിലും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നതും കാണാതിരുന്നുകൂടാ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഏറെ ധര്‍മ്മിഷ്ഠനായ ഒരു വ്യവസായി പ്രമുഖനുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞത് ഓര്‍ത്തുപോവുകയാണ്, നമ്മുടെ സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദാനധര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എത്രമാത്രമാണ്. എന്നിട്ടും ദിവസം ചെല്ലുംതോറും ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. വീട് വെക്കല്‍, കുട്ടികളെ കെട്ടിക്കല്‍, ചികില്‍സ തുടങ്ങി വിവിധ ആവശ്യങ്ങളുമായി എത്രയെത്ര ആളുകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മറ്റു മതസ്ഥരായ സഹോദരങ്ങള്‍ക്കും ഇതേ ആവശ്യങ്ങളെല്ലാം ഉണ്ടല്ലോ. അവരൊന്നും ഇതിനായി ആരുടെ മുമ്പിലും കൈ നീട്ടുന്നില്ല, അവര്‍ക്കിടയില്‍ ഇത്തരം സഹായങ്ങളും നന്നേ കുറവാണ്. എവിടെയാണ് പ്രശ്നം.
Also Read:റമദാന് 21–സകാത് – കൊടുക്കേണ്ടവരെല്ലാം കൊടുക്കുകയും വാങ്ങേണ്ടവര്‍ മാത്രം വാങ്ങുകയും ചെയ്താല്‍...
ആലോചിച്ചാല്‍ കാര്യം ശരി തന്നെയാണ്. ഇവിടെയാണ് ചൂഷണങ്ങളെ നാം തിരിച്ചറിയേണ്ടത്. പത്തും ഇരുപതും വര്‍ഷം, നാടും വീടും കുടുംബവുമെല്ലാം പിരിഞ്ഞ്, പ്രവാസജീവിതം നയിച്ചിട്ടും സ്വന്തമായി ഒരു വീട് പോലും പണിയാന്‍ സാധിച്ചിട്ടില്ലാത്തവരാണ്, പലപ്പോഴും ഇത്തരം സഹായഹസ്തങ്ങളുമായി മുന്നിലെത്തുന്നതെന്ന്, സഹായങ്ങള്‍ തേടി വരുന്നവര്‍ ഓര്‍ക്കുന്നത് നന്നാവും.
സഹായങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും എന്ത് കൊണ്ടും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് തന്നെ, അതേ സമയം അത് ഒരു വിഭാഗത്തെ കൂടുതല്‍ കൂടുതല്‍ മടിയന്മാരും മേലനങ്ങാതെ കാര്യം നേടുന്നവരുമാക്കി മാറ്റുന്നുവെങ്കില്‍, അത് വലിയൊരു സാമൂഹ്യദുരന്തം തന്നെയാണ്. ചുരുക്കത്തില്‍ സഹായങ്ങള്‍ പ്രോല്‍സാഹനീയമാണ്, പക്ഷേ, യാചന അത്യാവശ്യഘട്ടങ്ങളിലേ ഇസ്‍ലാം അനുവദിക്കുന്നുള്ളൂ. ഉള്ളത് കൊണ്ട് തൃപ്തിയടഞ്ഞ് ഇതരരുടെ മുമ്പില്‍ മാന്യമായും അന്തസ്സോടെയും ജീവിക്കാനാണ് ഇസ്‍ലാം നിഷ്കര്‍ഷിക്കുന്നത്. അതിനാവട്ടെ, നമ്മുടെ ശ്രമങ്ങള്‍.
Leave A Comment