നല്ലത് പറയാനാവാത്തവര്‍ മിണ്ടാതിരുന്നെങ്കില്‍....

silenceഅബൂഹുറൈറ(റ)വില്‍നിന്ന് നിവേദനം, പ്രവാചകര്‍(സ്വ) പറഞ്ഞു, ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍, അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ഇമാം ബുഖാരി, മുസ്‍ലിം)
ജീവിതത്തില്‍ പലപ്പോഴും നാം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ചിലരുടെ അനാവശ്യ സംസാരങ്ങള്‍. സാഹചര്യവും ചുറ്റുപാടും മനസ്സിലാക്കാതെ, ചിലര്‍ നടത്തുന്ന സംസാരങ്ങളും അനാവശ്യഇടപെടലുകളും പലപ്പോഴും ഏറെ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. സംസാരത്തെ വെള്ളിയോടുപമിക്കാമെങ്കില്‍, മൌനം സ്വര്‍ണ്ണമാണെന്ന് മഹത്തുക്കള്‍ പറയുന്നത്.
നാവും സംസാര ശേഷിയും മനുഷ്യന് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന് ഈ ശക്തി വിശേഷം കൂടിയാണ്. സംസാര ശേഷിയുള്ള ജീവിയെന്ന്, ചില വിജ്ഞാന ശാഖകള്‍ മനുഷ്യനെ നിര്‍വ്വചിക്കുന്നതും അത് കൊണ്ട് തന്നെ.
മറ്റു പല കഴിവുകളേക്കാളുപരി, ഈ ശേഷിയെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഉപയോഗിക്കാത്ത പക്ഷം, പലരുടെയും ജീവിതങ്ങള്‍ പൊലിയാന്‍ വരെ അത് കാരണമായേക്കാം. പല ബന്ധങ്ങളും മുറിയുന്നതും പല സുഹൃത്തുക്കളും നിത്യശത്രുക്കളായിത്തീരുന്നതുമെല്ലാം അനവസരത്തിലുപയോഗിച്ച ചില വാക്കുകള്‍ കാരണമാണ്. സ്വന്തം ജീവന്‍ നഷ്ടപ്പെടാനും ഇത് ഒരുപക്ഷേ നിമിത്തമായേക്കാം. ഒരു അറബിക്കവിതയിലെ ഒരു വരി ഇങ്ങനെ വായിക്കാം.
സ്വജിഹ്വയാല്‍ ജീവനു ഹാനി പറ്റി
മണ്‍കീഴില്‍ പോയവരെത്ര പേരോ
ദര്‍ശിക്കുമാറേയവരെ ഭയന്നിരുന്നു,
സഹജരും സമകാലരുമെന്നുമെന്നും

സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതാണ് നല്ല വാക്ക്. ആരെയും വേദനിപ്പിക്കാതെ, ഇതരരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെ ഉപയോഗിക്കേണ്ടതാണ് അത്. മറ്റുള്ളവരെ മുറിവേല്‍പ്പിക്കാനല്ല, മറിച്ച് അവര്‍ക്ക് ആശ്വാസവും സമാധാനവും പകരുന്നതായിരിക്കണം നമ്മുടെ വാക്കുകള്‍. വാക്കുകളിലൂടെ മറ്റുള്ളവര്‍ക്ക് ഏല്‍പിക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ലെന്ന കവിവാക്യവും ഏറെ ചിന്തനീയമാണ്. ഓരോ വാക്ക് ഉപയോഗിക്കുമ്പോഴും ഈ വസ്തുതകളെല്ലാം മനസ്സിലുണ്ടാവട്ടെ. എവിടെയും എപ്പോഴും

എല്ലാവരെ കുറിച്ചും നല്ലത് മാത്രം പറയുക, നല്ലത് പറയാന്‍ ഒന്നുമില്ലെങ്കില്‍, മൌനം പാലിക്കുക, അതിലൂടെ നഷ്ടപ്പെടാനൊന്നുമില്ല, എന്നാല്‍ നേടാന്‍ ഒത്തിരിയുണ്ട് താനും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter