ശാഹീൻ ബാഗ് ഉൾപ്പെടുന്ന  മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ  അമാനത്തുള്ള ഖാന് വിജയം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി സ്ത്രീകൾ സമര രംഗത്തുള്ള ശാഹീന്‍ബാഗും ജാമിഅ നഗറും ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ എഎപി സ്ഥാനാർത്ഥി അമാനത്തുള്ള ഖാന് ഗംഭീര വിജയം. 71,827 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമാനത്തുള്ള ഖാൻ ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ ശാഹീൻ ബാഗിനെ കുറിച്ച് വലിയ രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. "ഷാഹിൻ ബാഗ് കോൺഗ്രസിന്റെയും ആംആദ്മിയുടെയും സൃഷ്ടിയാണ്", തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഡൽഹിക്കാർ ഇരു പാർട്ടികളെയും ഷോക്കടിപ്പിക്കും" എന്നായിരുന്നു അമിത് ഷാ പ്രസ്താവിച്ചിരുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരും കടുത്ത വർഗീയ പ്രചരണവുമായി രംഗത്തുവന്നിരുന്നു. രാജ്യദ്രോഹികളെയും തിവ്രവാദികളെയും വെടിവെച്ചു കൊല്ലണമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്.

ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ രണ്ട് തവണ വെടിവെപ്പ് ശ്രമമുണ്ടായതും ശാഹീന്‍ബാഗില്‍ തോക്കുമായി അതിക്രമിച്ച് കടന്നവരെ പ്രതിഷേധക്കാര്‍ കീഴ്പ്പെടുത്തിയതും ബിജെപി ഉയർത്തിവിട്ട പ്രചരണത്തിന്റെ ഭാഗമായിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് അമിത് ഷാക്ക് ശക്തമായ മറുപടിയുമായി അമ്മാനതുള ഖാൻ രംഗത്തുവന്നു. ‘ബി.ജെ.പിയെ ഓഖ്ലക്കാര്‍ ശരിക്കും ഷോക്കടിപ്പിച്ചു’ എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter