നബി(സ്വ)യുടെ  ബദ്‌റിലെ തമ്പ്

ബദ്ര്‍ യുദ്ധത്തിനു മുമ്പ് സ്വഹാബത്ത് തിരുനബി(സ്വ)യുടെ കാര്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ചയിലാണ്. യുദ്ധം വീക്ഷിക്കാനും വിശ്രമിക്കാനും ഇബാദത്തിനും നബി(സ്വ)ക്ക് ഒരു പ്രത്യേക തമ്പ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. അത് അത്യാവശ്യമാണെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഈ വിവരം നബി(സ്വ)യെ അറിയിക്കണമല്ലോ. അവിടുന്ന് സമ്മതം ലഭിക്കണമല്ലോ. സ്വഹാബത്തെടുത്ത തീരുമാനം അറിയിക്കാനവര്‍ പ്രമുഖ സ്വഹാബി സഅ്ദുബ്‌നു മുആദ്(റ)വിനെ ചുമതലപ്പെടുത്തി. 

സഅ്ദുബ്‌നു മുആദ്(റ) നബി(സ്വ)യുടെ തിരുസന്നിധിയില്‍ വന്ന് ഇങ്ങനെ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അങ്ങേക്കൊരു തമ്പ് നിര്‍മിക്കട്ടെയോ? അതില്‍ അങ്ങേക്കിരിക്കാം. അതിന്റെചാരത്ത് ഒരു വാഹനവും തയ്യാറാക്കി നിര്‍ത്താം. ശേഷം ഞങ്ങള്‍ യുദ്ധത്തിനിറങ്ങാം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യുദ്ധത്തില്‍ വിജയം ലഭിക്കുകയാണെങ്കില്‍ നമുക്ക് സന്തോഷിക്കാം. മറിച്ചാണെങ്കില്‍ നബിയേ, അങ്ങ് ഒട്ടകപ്പുറത്ത് കയറി മദീനയിലേക്ക് പുറപ്പെടണം. അങ്ങയെ സ്‌നേഹിക്കുന്ന വലിയ ഒരു സംഘം അവിടെയുണ്ട്. അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പോരാന്‍ സാധിച്ചിട്ടില്ല.''
ഇതു കേട്ട നബി(സ്വ) തങ്ങള്‍ സഅ്ദുബ്‌നു മുആദിനോട് തമ്പിനേക്കാള്‍ നന്മയുള്ളത് അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കിലോ എന്ന് ആദ്യം പ്രതികരിച്ചെങ്കിലും അല്ലാഹുവിന്റെ അനുമതി കിട്ടിയപ്പോള്‍ സ്വഹാബത്തിന്റെ തീരുമാനത്തിനു നബി(സ്വ) സമ്മതം നല്‍കുകയും തീരുമാനം അറിയിച്ച സഅ്ദുബ്‌നു മുആദി(റ)നു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. (അല്‍ബിദായത്തുവന്നിഹായ: 3/305), സീറത്തുല്‍ ഹലബീ: 1/540, സീറത്തുന്നബവീ: 1/433)
നബി(സ്വ)യുടെ അനുമതി ലഭിച്ചതറിഞ്ഞ സ്വഹാബത്ത് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരുടെ ജീവനെക്കാളും അവര്‍ക്ക് വലുത് തിരുനബിയുടെ ജീവനാണല്ലോ. വളരെപെട്ടന്നവര്‍ മനോഹരമായ ഒരു തമ്പ് നിര്‍മിച്ചു. 
ശത്രുക്കള്‍ നബിയെ ആക്രമിക്കാന്‍ വരുന്നത് തടയാന്‍ തമ്പിന് ഒരാള്‍ കാവല്‍ നില്‍ക്കണം. അതിന് ആരു തയ്യാറാവും? സ്വഹാബത്ത് പരസ്പരം ചോദിച്ചു. തമ്പ് ലക്ഷ്യമാക്കി വരുന്ന ശത്രുപക്ഷത്തെ തടയാനും നബിയെ രക്ഷിക്കാനും കഴിവുള്ള ധീരനാവണം. അതിനു തയ്യാറുള്ളവര്‍ ആരാണ്? 
സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്നു പറഞ്ഞു: ''അക്കാര്യം ഞാനേറ്റെടുത്തു, ഞാന്‍ കാവല്‍ നില്‍ക്കാം.'' സ്വഹാബത്തിന്റെ കണ്ണുകളും കാതുകളും അദ്ദേഹത്തിലേക്ക് നീങ്ങി. ഇത്രയും ഭാരിച്ച ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായ വ്യക്തി ആരാണ്? അതു മറ്റാരുമല്ല നബി(സ്വ) തൗഹീദിന്റെ വെള്ളിവെളിച്ചവുമായി പ്രബോധനത്തിനിറങ്ങിയപ്പോള്‍ നബി(സ്വ)യെ കൊണ്ട് ആദ്യം വിശ്വസിച്ച പ്രഥമ സ്വഹാബി അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നു ആ ദൗത്യം ഏറ്റെടുത്ത വ്യക്തിത്വം. 
സ്വഹാബത്തിന്റെ തമ്പില്‍ ധീരത എന്ന സുല്‍ഗുണം കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച ഒട്ടനവധി പേരുണ്ടെങ്കിലും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആ ധീരത പ്രകടമാക്കി ദൗത്യം നിര്‍വഹിച്ചത് അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബത്തില്‍ ഏറ്റവും വലിയ ധീരന്‍ അബൂബക്ര്‍ സിദ്ദീഖ്(റ) ആയിരുന്നുവെന്ന് ഹാഫിള് ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബിദായത്തുവന്നിഹായയില്‍ (3/309) രേഖപ്പെടുത്തിയിട്ടുണ്ട്. 
ബദ്‌റില്‍ യുദ്ധമാരംഭിച്ചപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ്(റ) തമ്പില്‍ നബിയുടെ ചാരത്തും സഅ്ദുബ്‌നു മുആദ്(റ)വും ഏതാനും അന്‍സ്വാരികളായ സ്വഹാബികളും തമ്പിന്റെ കവാടത്തിങ്കലും സ്ഥാനമുറപ്പിച്ചു. (അല്‍ബിദായത്തുവന്നിഹായ: 3/309)
യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍നിന്ന് ഇടക്കിടെ അലി(റ) നബി(സ്വ)യുടെ അടുത്തേക്ക് വന്ന് വിവരമറിയിച്ചിരുന്നു. അലി(റ) സമീപിച്ച വേളയിലെല്ലാം നബി(സ്വ) സുജൂദില്‍ കിടന്നു 'യാ ഹയ്യു യാ ഖയ്യൂം' എന്ന് പ്രാര്‍ത്ഥിക്കുന്ന രംഗമാണു കണ്ടത്. അങ്ങനെ മുസ്‌ലിങ്ങള്‍ക്ക് വമ്പിച്ച വിജയം ലഭിച്ചു. (ദലാഇലുന്നുബുവ്വ: 3/49) 

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter