ബദ്‍രീങ്ങളെ സഹായിച്ച റബ്ബുള്ളപ്പോള്‍ എന്തിന് ഭയക്കണം
ഒരു ബദ്റ്ദിനം കൂടി കഴിഞ്ഞുപോയിരിക്കുന്നു. ലോകമുസ്‍ലിംകളെല്ലാം ആ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി ആവേശത്തോടെ അയവിറക്കി അത് കടന്നുപോയി. ലോകം അറിയാതെ കിടന്നിരുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നടന്ന ഒരു ധര്‍മ്മസമരമാണ് 1426 വര്‍ഷങ്ങള്‍ കഴിഞ്ഞും ഓര്‍ക്കപ്പെടുന്നത്.
നൂറ്റാണ്ടുകളും സഹസ്രാബ്ദം പോലും കടന്നുപോയിട്ടും 300ല്‍പരം വരുന്ന ആ വീരപോരാളികള്‍ നടത്തിയ യുദ്ധം ഇന്നും ആവേശം തീര്‍ക്കുകയാണ്. ലോകചരിത്രത്തിന്റെ കണ്ണടയിലൂടെ വായിക്കുമ്പോള്‍, ചരിത്രത്തിലെ യുദ്ധങ്ങളില്‍ ഒട്ടുമേ പ്രധാനമല്ലെന്ന് പറയാം അത്. എന്നാല്‍, ഇത്രയേറെ ഓര്‍ക്കപ്പെടുന്ന വേറൊരു യുദ്ധമില്ലെന്നത് അതിലും വലിയ കൌതുകമല്ലേ.
ബദ്റ് ആവേശമാണ്. കായികശേഷിയും ആയുധബലവുമല്ല കാര്യം, മറിച്ച് അചഞ്ചലമായ വിശ്വാസമാണ് വിജയത്തിന്റെ നിദാനമെന്നതാണ് ബദ്റ് നല്‍കുന്ന വലിയസന്ദേശം. വിശ്വാസത്തിന് വേണ്ടി സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു പറ്റം ആളുകള്‍, കാര്യമായ ഭൌതിക ശേഷികളൊന്നുമില്ലാഞ്ഞിട്ടും, എല്ലാമുള്ളവരോട് സധൈര്യം ഏറ്റ്മുട്ടി അത്യജ്ജ്വലവിജയം കൈവരിച്ച രോമാഞ്ചജനകമായ ചരിത്രമാണ് ബദ്റ് നമ്മോട് പറയുന്നത്. മുസ്‍ലിം സമൂഹത്തിന്റെ ഓര്‍മ്മകളില്‍ അത് ഇത്രമാത്രം ഇടം പിടിച്ചതും അത് കൊണ്ട് തന്നെ.
പാടലിലും പറച്ചിലിലുമെല്ലാം ബദ്റ് നിറഞ്ഞത് നില്‍ക്കുന്നു. അതേ കുറിച്ച് പറയാത്ത പ്രഭാഷകരുണ്ടാവില്ല, രചനകള്‍ നടത്താത്ത എഴുത്തുകാരുണ്ടാവില്ല, വരികള്‍ കുറിക്കുകയോ മൂളുകയോ ചെയ്യാത്ത കവികളോ പാട്ടുകാരോ ഉണ്ടാവില്ല. ബദ്റ് പകര്‍ന്ന ഈമാനികാവേശം മനസ്സിലേക്ക് കയറിയപ്പോള്‍ അത് വിവിധ ഭാഷകളിലെ സാഹിത്യലോകത്തെ പോലും സമ്പുഷ്ടമാക്കിയതാണ് നാം കണ്ടത്. ആ ഈമാനികാവേശം കലാവൈഭവങ്ങളിലേക്കാവഹിച്ച് പേനകളിലൂടെ വഴിഞ്ഞൊഴുകിയപ്പോഴാണ്, മോയിന്‍ കുട്ടി വൈദ്യരടക്കമുള്ളവരുടെ പടപ്പാട്ടുകള്‍ പിറന്നുവീണതും കേട്ടുനിന്നവരെല്ലാം സംശയലേശമന്യെ അവയെ നെഞ്ചേറ്റിയതും മലയാളികളായ നാം തന്നെ കണ്ടതാണ്. ശേഷം, തലമുറകളില്‍നിന്ന് തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെട്ട് ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും അതീതമായി സഞ്ചരിച്ചപ്പോഴും അവയിലെ ആ ഈമാനികാവേശം ഒട്ടും ചോര്‍ന്നപോയതേയില്ല.
ലോകത്തിന്റെ ഏതൊക്കെ മുക്കുമൂലകളില്‍ മുസ്‍ലിം സാന്നിധ്യമുണ്ടോ അവിടെയൊക്കെ, അവരുടെ ഭാഷകളിലും ശൈലികളിലുമെല്ലാം ഇതുപോലെ ബദ്റ് നിറസാന്നിധ്യമാണ്. അഥവാ, പ്രവാചകരെ കഴിഞ്ഞാല്‍ പിന്നെ, ഒരു പക്ഷേ, ഏറ്റവും അധികം പാടിയും പറഞ്ഞും പുകഴ്ത്തപ്പെടുന്നതും ഏറെ ബഹുമാനാദരങ്ങളോടെ ഓര്‍ക്കപ്പെടുന്നതും ബദ്റും ബദ്‍രീങ്ങളുമായിരിക്കാം.
ഈമാനികവര്‍ദ്ധനവിലൂടെ ഏത് പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയോടെ ജീവിതം മുന്നോട്ട് നയിക്കാനുള്ള ശുഭാപ്തിയുടെ പൊന്‍കിരണങ്ങളാണ് ബദ്റ് നമുക്ക് സമ്മാനിക്കുന്നതും സമ്മാനിക്കേണ്ടതും. ബദ്റിനെ ആ തരത്തിലുള്‍ക്കൊള്ളുന്നവര്‍ക്ക് മുന്നില്‍, പിന്നെ പ്രതീക്ഷയുടെ പ്രഭാതങ്ങളേ പിറക്കൂ. സര്‍ക്കാറുകളുടെ കരിനിയമങ്ങളോ വികൃത മനസ്സുകളുടെ വിദ്വേഷ പ്രകടനങ്ങളോട പ്രകൃതിയുടെ പ്രക്ഷോഭങ്ങളോ ഒന്നും തന്നെ അതിന് മങ്ങലേല്‍പിക്കുകയില്ല, തീര്‍ച്ച. അത് അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യട്ടെ.
Leave A Comment