ഇഖ്ശീദീ ഭരണകൂടം
ത്വൂലൂനിയുടെ കാലത്ത് (ഹി 254- 292 (868-905)) പിതാവ് തുഗ്ജ് ഡമസ്കസ്, തബരിയ്യ എന്നീ സ്ഥലങ്ങളിലെ ഗവര്‍ണറായിരുന്നു. ആ സമയം അബ്ബാസീ ഖലീഫയായിരുന്ന അല്‍ മുഖ്തഫി ബില്ലായുടെ മന്ത്രി അബ്ബാസുബ്നു ഹസനുമായി ഉടക്കിയതിന് തുഗ്ജിനേയും മുഹമ്മദിനേയും ജയിലിലടച്ചു. തുഗ്ജ് ജയിലില്‍ നിന്ന് തന്നെ മരിച്ചു. മുഹമ്മദ് അല്‍ ഇഖ്ശീദ് മോചിതനായി. ശേഷം അബ്ബാസീ ഖലീഫയായ അല്‍ മുഖ്തദിറിന്‍റെ സേവകനായി വളര്‍ന്നു.
ത്വൂലൂനികളുടെ പതനശേഷം ഖലീഫ അദ്ദേഹത്തെ ഡമസ്കസിലെ ഗവര്‍ണറായി നിയോഗിച്ചു. ശേഷം ഈജിപ്തിന്റെ ഭരണ ചുമതലയും നല്‍കി. എന്നാൽ ഇരു പ്രദേശങ്ങളും ഒരുമിച്ച് ഭരണം നടത്താൻ സാധിക്കാതെ വന്നതിനാൽ ഈജിപ്തിന്റെ ചുമതല പിന്നീട് ഒഴിവാക്കി. അല്‍ മുഖ്തദിറിന് ശേഷം അബ്ബാസി ഖലീഫയായ റാദി ബില്ലാ മുഹമ്മദ് അല്‍ ഇഖ്ശീദിന് ഈജിപ്തിന്റെ ഭരണ ചുമതല വീണ്ടും നല്‍കി.
ഈജിപ്തില്‍ അവസ്ഥകള്‍ സുഖകരമായിരുന്നില്ല. മുന്‍ ഗവര്‍ണറായ ഇബ്നു കിഗ്ലഗിന്‍റേയും റവന്യു വകുപ്പ് മന്ത്രി മാദറാഈയുടേയും എതിര്‍പ്പ് നേരിട്ട അദ്ദേഹത്തിന് ഫാത്വിമികള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. ശേഷം വന്ന ഖലീഫ മുത്തഖി ശാം, യമൻ, ഹിജാസ് എന്നീ പ്രദേശങ്ങളുടെ ചുമതല കൂടി ഇവർക്ക് നല്‍കി. 335/ ദുല്‍ഖഅദ് 24 (24ജൂലൈ 946)ന് ഇഹലോകവാസം വെടിഞ്ഞു.
പിന്നീട് 335/946ല്‍ ഭരണം പതിനാറ് വയസ്സുള്ള മകന്‍ അബുല്‍ ഖാസിമിലേക്ക് നീങ്ങി. പക്ഷേ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പട്ടാളമേധാവിയായ കാഫൂറായിരുന്നു. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ശേഷം വന്ന സഹോദരന്‍ അബുല്‍ ഹസനും ഇഖ്ശീദീ ഭരണകൂടത്തെ മുന്നോട്ട് നയിച്ചു. എന്നാലും കാഫൂറിനായിരുന്നു മേല്‍ക്കൊയ്മ.
ഹിജ്റ 355/ 966ൽ മരിച്ച അബുല്‍ ഹസനിന് ശേഷം കാഫൂര്‍ സ്വയം ഗവര്‍ണറായി അവരോധിച്ചു. അങ്ങനെ ഇഖ്ശീദ് വെറും 18 ദീനാറിന് വാങ്ങിയ കറുത്ത എത്യോപ്യന്‍ അടിമ നേതൃത്വനിരയിലേക്ക് കടന്നുവന്നു. ഇസ്‌ലാമിലെ സമത്വമാണ് ഇവിടെ തെളിയുന്നത്. ഹിജ്‌റ 357/968ല്‍ മരിക്കുന്നതുവരെ കാഫുര്‍ ഭരണത്തില്‍ തുടര്‍ന്നു.
കാഫൂറിന് ശേഷം ഹിജ്റ 357/968ല്‍ പേരമകന്‍ അഹമദ് ബിന് അലി ബിന് ഇഖ്ശീദ് അമരത്തെത്തി. പക്ഷേ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് ശാമിലെ ഗവര്‍ണറായിരുന്ന സഹോദരപുത്രന്‍ ഹസനുബ്നു ഉബൈദുള്ളയായിരുന്നു.
കാഫൂറിന് ശേഷം ഈജിപ്തില്‍ പ്രശ്നങ്ങള്‍ തുടര്‍കഥയായി. ശാമിലെ ഗവര്‍ണറായ ഹസൻ കലാപങ്ങൾ അടിച്ചൊതുക്കിയെങ്കിലും ഫാത്വിമികളുടെ നിരന്തരമായ പ്രകോപനം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഹിജ്റ 358/969ൽ ജൗഹറിന്റെ നേതൃത്വത്തിലുള്ള ഫാത്വിമി സേനയും അബുൽ ഫള്ൽ ജഅ്ഫർ ബിൻ ഫുറാതിന്റെ നേതൃത്വത്തിലുള്ള ഇഖ്ശീദി സേനയും തമ്മിൽ ഏറ്റുമുട്ടുകയും യുദ്ധത്തില്‍ ഇഖ്ശിദീ പരാജയപ്പെടുകയും ചെയ്തു. ഈജിപ്ത് കീഴടക്കിയ ഫാത്വിമികൾ അവിടം തങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയതതോടെ ഇഖ്ശീദീ ഭരണകൂടം എന്നെന്നേക്കുമായി നാമാവശേഷമായിത്തീർന്നു.
Leave A Comment