കൊറോണ ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കണമെന്ന്  ഉത്തരവിട്ട് ശ്രീലങ്കൻ ഭരണകൂടം: പ്രതിഷേധവുമായി മുസ്‌ലിം ന്യൂനപക്ഷ പാർട്ടി
കൊളംബോ: രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളുടെ പ്രതിഷേധം വകവെക്കാതെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ശ്രീലങ്കൻ ഭരണകൂടം ഉത്തരവിട്ടു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച ഏഴുപേരിൽ മൂന്ന് പേരും മുസ്‌ലിംകളായിരുന്നു. ബന്ധുക്കളുടെ പ്രതിഷേധം വകവെക്കാതെ മൂന്നുപേരുടെയും മൃതശരീരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ദഹിപ്പിക്കുകയായിരുന്നു. "കൊറോണ ബാധിച്ചാണ് മരിച്ചതെന്ന് ഉറപ്പിക്കുകയോ സംശയം ഉണ്ടാവുകയോ ചെയ്താൽ അവരെ ദഹിപ്പിക്കണം", ആരോഗ്യമന്ത്രി പവിത്ര വണ്ണിയാർച്ചി ഞായറാഴ്ച പറഞ്ഞു. എന്നാൽ സർക്കാർ എടുത്ത തീരുമാനം ലോക ആരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. കൊറോണ ബാധിച്ച് മരിച്ചവരെ മറമാടുകയോ ദഹിപ്പിക്കുകയോ ചെയ്യാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകൾ രംഗത്തെത്തി. രാജ്യം ഏറെ പരിതാപകരമായ സ്ഥിതിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ദക്ഷിണേഷ്യൻ ഡയറക്ടർ ബിറാജ് പട്നായിക് ശ്രീലങ്കൻ സർക്കാറിനെ ഓർമ്മിപ്പിച്ചു. രാജ്യത്തെ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ പാർട്ടി സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതകീയ ആചാരങ്ങളെയും ദുരന്തം ബാധിച്ചവരുടെ കുടുംബങ്ങളെയും സർക്കാർ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പാർട്ടി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഈസ്റ്റർ ദിനത്തോടനുബന്ധിച്ചാണ് ശ്രീലങ്കയിലെ ക്രിസ്ത്യൻ ചർച്ചുകളിൽ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നത്. ഇതേ തുടർന്ന് രാജ്യത്തെ ഭൂരിപക്ഷ സിംഹളീസ് ശക്തികൾ മുസ്‌ലിം ഏരിയകളിൽ കലാപങ്ങൾ അഴിച്ചുവിട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter