ഇസ്‌ലാമിലെ വിവാഹം

മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. പ്രായപൂര്‍ത്തിയായ സ്‌ത്രീ-പുരുഷന്‍മാര്‍ വൈകാരികമായ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ പരമാവധി രക്ഷനേടാനും ഭൂമിയിലെ ജീവനൈരന്തര്യം കാത്തുസൂക്ഷിക്കാനും വിവാഹത്തിലൂടെ ദാമ്പത്യ ബന്ധത്തിലേര്‍പ്പെടണമെന്ന്‌ ഇസ്‌ലാം കല്‍പ്പിക്കുന്നു. വരനും വധുവിന്റെ സമ്മത്തോടെ വധുവിന്റെ രക്ഷിതാവും രണ്ട്‌ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന വാക്കാലുളള ഉടമ്പടി പ്രകാരമാണ്‌ ഇസ്‌ലാമിക വിവാഹം നടക്കുന്നത്‌. പുരഷന്‍ താന്‍ വിവാഹം ചെയ്യുന്ന സ്‌ത്രീക്ക്‌ വിവാഹം ദാന (മഹ്‌ര്‍) മായി എന്തെങ്കിലും നല്‍കുകയും പിന്നീട്‌ വരുന്ന മുഴുവന്‍ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുകയും വേണം. വിവാഹത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന സല്‍ക്കാരങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ പ്രത്യേകം സ്ഥാനമുണ്ട്‌.

മുസ്‌ലിംകള്‍ അമുസ്‌ലിംകളെ വിവാഹം ചെയ്യുന്നത്‌ ഇസ്‌ലാം അനുവദിക്കുന്നില്ല. അതോടൊപ്പം പുരുഷന്‌ മാതാവ്‌, മകള്‍, സഹോദരി, പിതൃസഹോദരി, മാതൃസഹോദരി, സഹോദര പുത്രി, സഹോദരി പുത്രി, പിതാവിന്റെ ഭാര്യ, മകന്റെ ഭാര്യ, ഭാര്യയുടെ മാതാവ്‌, ഭാര്യയുടെ മകള്‍ തുടങ്ങിയവരെ വിവാഹം ചെയ്യാന്‍ പാടില്ല. അത്‌പോലെ സ്‌ത്രീക്ക്‌ പിതാവ്‌, മകന്‍, സഹോദരന്‍, പിതൃസഹോദരന്‍, മാതൃസഹോദരന്‍, സഹോദര പുത്രന്‍, സഹോദരി പുത്രന്‍, മാതാവിന്റെ ഭര്‍ത്താവ്‌, മകളുടെ ഭര്‍ത്താവ്‌, ഭാര്‍ത്താവിന്റെ പിതാവ്‌, ഭാര്‍ത്താവിന്റെ മകന്‍ തുടങ്ങിയവരെയും വിവാഹം ചെയ്യാന്‍ പാടില്ല. ഈ വിഭാഗത്തില്‍പ്പെടാത്ത എല്ലാവരെയും വിവാഹം ചെയ്യാമെങ്കിലും തൊട്ടടുത്ത കുടുംബ ബന്ധങ്ങളില്‍ നിന്ന്‌ വിവാഹം കഴിക്കുന്നതിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter