ദ മെസേജ് – മുസ്ഥഫ അക്കാദ് നിര്‍വ്വഹിച്ച പ്രബോധനം

പ്രവാചകരുടെ ജീവിതവും സന്ദേശവും അമുസ്‍ലിംകള്‍ക്ക് പോലും മനസ്സിലാവുന്ന വിധം അവതരിപ്പിക്കാന്‍ ശ്രമിച്ച ഒരു ചലച്ചിത്രമാണ് "ദ മെസേജ്". ഇസ്‍ലാമിക സന്ദേശങ്ങളെയും വ്യക്തിത്വങ്ങളെയും ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കാനും സംവേദനം ചെയ്യാനുമുള്ള ആദ്യ ചുവടുവെപ്പായിരുന്നു മുസ്ഥഫ അക്കാദിന്റെ ഈ ചലച്ചിത്രം എന്ന് പറയാം. മലയാളം അടക്കമുള്ള പല ഭാഷകളിലേക്കും ഡബ്ബ് ചെയ്യപ്പെട്ടതും ഇതിന്റെ സ്വീകാര്യതയാണ് കുറിക്കുന്നത്. ഇസ്‍ലാമിനെ പഠിക്കാനും മനസ്സിലാക്കാനും അത് വരെ ലഭ്യമായിരുന്ന സ്രോതസ്സുകളില്‍നിന്നെല്ലാം വ്യത്യസ്തമായി, പാശ്ചാത്യരടക്കമുള്ള വലിയൊരു പ്രേക്ഷക വൃന്ദത്തിന് ഇസ്‍ലാമിന്റെ സന്ദേശം നേരിട്ട് എത്തിക്കാനായി എന്നതാണ് ദ മെസേജ് നിര്‍വ്വഹിച്ച ദൌത്യം.

സിറിയൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ മുസ്തഫ അക്കാദ് 1930 ജൂലൈ 1 ന് അലപ്പോയിലാണ് ജനിക്കുന്നത്. സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിലൂടെ ഇസ്‍ലാമിക സന്ദേശം എങ്ങനെ സംവേദനം ചെയ്യാമെന്നായിരുന്നു ചിന്തിച്ചത്. അതേ കുറിച്ച് കൂടുതല്‍ പഠിക്കാനായി, അദ്ദേഹം അമേരിക്കയിലേക്ക് വിമാനം കയറിയപ്പോള്‍, കൈയ്യിലുണ്ടായിരുന്നത്, ഇരുനൂറു ഡോളറിനൊപ്പം വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രതി കൂടിയായിരുന്നു. 

ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ചലച്ചിത്ര സംവിധാനവും നിർമ്മാണവും പഠിച്ച അദ്ദേഹം സതേൺ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ചലച്ചിത്രനിർമ്മാണ മേഖലയിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സാഹസികത, ആദ്യമായി അദ്ദേഹം അണിഞ്ഞ വേഷം തന്നെ ഒരു സംവിധായകന്റേതായിരുന്നു എന്നതാണ്. മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരിക എന്ന വലിയ ദൗത്യത്തിന് വേണ്ടിയായിരുന്നു അത്. ഈജിപ്തിലെയും സിറിയയിലെയും ആദ്യത്തെ സുൽത്താനും അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനുമായ സലാഹുദ്ധീൻ അയ്യൂബിയെ കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുമ്പോൾ തന്നെ, ദ മെസേജിനെ കുറിച്ചും അത്  എന്താണ് പ്രതിനിധീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. 

"ഇസ്‍ലാമിനെ ഒരു തീവ്രവാദ മതമായി ചിത്രീകരിക്കുന്നവരുണ്ട്. ഏതാനും പേര്‍ തീവ്രവാദം കാണിക്കുന്നു എന്നതിനാൽ, മുഴുവൻ മതത്തിനും ആ പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതിനൊരു മറുപടി കൂടിയായിരിക്കും ദ മെസേജ്. അതോടൊപ്പം, ഇത് എന്റെ വ്യക്തിപരമായ ബാധ്യത കൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു മുസ്‍ലിം എന്ന നിലയിൽ, ഇസ്‍ലാമിന്റെ യഥാര്‍ത്ഥ മുഖം അവര്‍ക്ക് കാണിച്ചുകൊടുക്കേണ്ടത് എന്റെ കടമയാണ്. 700 ദശലക്ഷം അനുയായികളുള്ള ഒരു മതമാണിത്, എന്നിട്ടും അതിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ അവർക്ക് അറിയൂ എന്നത് എന്നെ അത്ഭുതപ്പെടുത്തി." അദ്ദേഹം പറഞ്ഞു. 

അക്കാദ് ആഗ്രഹിച്ച പോലെ തന്നെ, ദ മെസേജ് പാശ്ചാത്യ-മുസ്‍ലിം ലോകങ്ങൾ തമ്മിലുള്ള വിടവ് നികത്തുന്നതില്‍ വലിയരു പങ്ക് വഹിക്കുകയും ചെയ്തു. ആന്റണി ക്വിൻ മുതൽ ഐറിൻ പാപ്പാസ്, മൈക്കൽ അൻസാര, ജോണി സെക്ക, മൈക്കൽ ഫോറസ്റ്റ്, ആന്ദ്രെ മോറെൽ, ഗാരിക്ക് ഹാഗൺ, ഡാമിയൻ തോമസ്, മാർട്ടിൻ ബെൻസൺ വരെയുള്ള, പാശ്ചാത്യ ലോകത്തെ പ്രമുഖരെ ദ മെസേജിൽ അണിനിരത്തിയതും അതിന് വേണ്ടി തന്നെയായിരുന്നു.

പ്രവാചകരെയും അനുയായികളെയും ചിത്രീകരിക്കുന്നത് വലിയൊരു ദൌത്യം തന്നെയാണ്, ചെറിയൊരു ശ്രദ്ധക്കുറവിന് പോലും വലിയ വില നല്കേണ്ടിവന്നേക്കാം. അത് കൊണ്ട് തന്നെ, വിഷയത്തെ അങ്ങേയറ്റം ബഹുമാനത്തോടെയും തികഞ്ഞ ആദരവോടെയും സമീപിക്കണമെന്ന് അക്കാദ് അഗാധമായി ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ, അദ്ദേഹം നിരവധി പണ്ഡിതന്മാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നത് പോലും.

മുസ്‌ലിം ലോകത്തിന്റെ പിന്തുണ കൂടി ഇതിന് വേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. അമുസ്‍ലിം ലോകത്തിന് പ്രവാചകരെ പരിചയപ്പെടുത്താനുള്ള ഈ സൃഷ്ടി, മുസ്‍ലിം ലോകത്ത് അംഗീകരിക്കപ്പെടാതെ പോയാല്‍, ഉദ്ദേശിച്ച ഫലം ചെയ്യില്ല എന്നത് തന്നെ കാരണം. ആന്റണി ക്വിന്‍ പ്രവാചക കഥാപാത്രത്തെ അവതരിപ്പിക്കട്ടെ എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അത് ഒരിക്കലും പറ്റില്ലെന്നും പ്രവാചകരെ ചിത്രീകരിക്കുന്നത് ഇസ്‍ലാമികമായി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ഉറച്ച് പറഞ്ഞതും അത് കൊണ്ട് തന്നെ. സിനിമയിൽ പ്രവാചകനെ ദൃശ്യമാക്കിയില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളായ ഫാത്വിമ, സൈനബ്, ഉമ്മു കുൽസും, റുഖയ്യ, ആദ്യ ഖലീഫമാരായ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവരെയും സ്ക്രീനിൽ കാണിച്ചതേ ഇല്ല. 

കൈറോയിലെ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അദ്ദേഹത്തിന്റെ സിനിമക്ക് ആദ്യമായി അംഗീകാരം ലഭിച്ചത്. പിന്നീട്, ഇറാനിലെ ഷിയാ പണ്ഡിതന്മാരും അംഗീകാരം നൽകി. മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‍ലിം വേൾഡ് ലീഗ് സിനിമക്ക് അംഗീകാരം നല്കാന്‍ തയ്യാറായില്ല. 

കുവൈറ്റ്, ലിബിയ, മൊറോക്കോ സർക്കാരുകൾ ചിത്രത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷെ, മുസ്‍ലിം വേൾഡ് ലീഗ് നിരസിച്ചതിനെത്തുടർന്ന്, കുവൈറ്റ് അമീർ സബാഹ് അൽ-സബാഹ് സാമ്പത്തിക സഹായം പിൻവലിച്ചു. അതേ സമയം, മൊറോക്കോ രാജാവ് ഹസൻ രണ്ടാമൻ പിന്തുണയുമായി മുന്നോട്ട് വന്നു. അന്നത്തെ ലിബിയൻ പ്രസിഡണ്ട് മുഅമ്മർ ഗദ്ദാഫിയും ആവശ്യമായ സാമ്പത്തിക സഹായം നൽകി. 

കഅബ, മക്ക, മദീന തുടങ്ങി ചിത്രീകരണത്തിനാവശ്യമായ സൈറ്റുകളിലധികവും നിര്‍മ്മിച്ചത് വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലായിരുന്നു. നിര്‍മ്മാണം ആരംഭിച്ചത് മൊറോക്കോയിലായിരുന്നുവെങ്കിലും അധികം വൈകാതെ സൌദി സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, നിര്‍മ്മാണം നിര്‍ത്തി രണ്ടാഴ്ചക്കുള്ളിൽ രാജ്യം വിടണമെന്ന് മൊറോക്കോ രാജാവ് അക്കാദിനോട് പറഞ്ഞു.

നാട് വിടാന്‍ നല്കിയ സമയപരിധിക്കുള്ളില്‍, ഗദ്ദാഫിയുമായി ഒരു കൂടിക്കാഴ്ച നടത്തുകയും അത് വരെ ചിത്രീകരിച്ച രംഗങ്ങൾ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. രംഗങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട ഗദ്ദാഫി, നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സഹായവും ലിബിയയില്‍ ചെയ്തുകൊടുത്തു. തുടര്‍ന്നുള്ള ആറുമാസത്തോടെ സിനിമ പൂർത്തിയാവുകയും ചെയ്തു.

സിനിമയിലെ രംഗങ്ങളെല്ലാം തന്നെ, നിർമ്മാണത്തിൽ എത്രമാത്രം ശ്രദ്ധ ചെലുത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രവാചകരെ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്ന സിനിമ, സമാധാനം, ഐക്യം, സഹാനുഭൂതി, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ ഇസ്‍ലാമിന്റെ ഗുണങ്ങളെയെല്ലാം പരമാവധി പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മൗറീസ് ജാരെ രചിച്ച ഗംഭീരമായ സൗണ്ട് ട്രാക്ക് ഓസ്‌കാറിൽ "മികച്ച ഒറിജിനൽ സ്‌കോറിനായി" നാമനിർദ്ദേശം ചെയ്യപ്പെടുക വരെ ചെയ്തു.
ആദ്യനിർമാണത്തില്‍ തന്നെ, ഒരേ സമയം അറബി, ഇംഗ്ലീഷ് ഭാഷാ പതിപ്പുകള്‍ പുറത്തിറക്കി എന്നതും ഈ സിനിമയുടെ ഒരു സവിശേഷതയാണ്. ഡബ്ബ് ചെയ്താല്‍ ഭാഷയുടെ തന്മയത്വവും സിനിമയുടെ സ്വാധീനവും കുറയുമെന്ന് ആശങ്കപ്പെട്ടതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്. പറഞ്ഞാൽ തീരാത്തത്രയും കടമ്പകൾ താണ്ടി മുസ്ഥഫാ അക്കാദ് വിജയകരമായി പൂര്‍ത്തീകരിച്ച സിനിമ, പാശ്ചാത്യ-പൌരസ്ത്യ ഭേദമില്ലാതെ സിനിമ ഒരു പോലെ അംഗീകരിക്കപ്പെട്ടു.

ദ മെസേജിന്റെ പ്രസക്തി ഇന്നും അവസാനിച്ചിട്ടില്ല. പ്രവാചകരുടെ ജീവിതം പരിയപ്പെടുത്തുന്ന ഏറ്റവും നല്ല ചലച്ചിത്രങ്ങളില്‍ ഇന്നും ദ മെസേജ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇതില്‍, മുസ്‍ലിം ലോകം ഒന്നടങ്കം മുസ്ഥഫാ അക്കാദിനോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter