ഉചിതമായ സമയത്ത് കശ്മീരിന്റ സംസ്ഥാനപദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ; കശ്മീര്‍ പുനസംഘടനാ ബില്‍ ലോക്‌സഭ പാസാക്കി

ജമ്മു കശ്മീര്‍ പുനസംഘടനാ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി. ബില്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരീന്റെ സംസ്ഥാനപദവി ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് സഭയില്‍ ഉറപ്പുനല്‍കി. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കശ്മീരിന് ഒരിക്കലും സംസ്ഥാനപദവി ലഭിക്കില്ലെന്ന് ചിലര്‍ കുപ്രചരണം നടത്തിയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രചരണമെന്നും ബില്‍ വിശദീകരിച്ചുകൊണ്ട് അമിത് ഷാ ചോദിച്ചു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷം ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനുനേരെ അമിത് ഷാ അതേനാണയത്തില്‍ തിരിച്ചടിച്ചു. കഴിഞ്ഞ 70 വര്‍ഷമായി കശ്മീരിനുവേണ്ടി ചെയ്തതിനൊക്കെ നിങ്ങള്‍ക്ക് കണക്കുണ്ടോ എന്നായിരുന്നു അമിത് ഷായുടെ മറുചോദ്യം. നിങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇത് ചോദിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ജമ്മുകശ്മീരിന് ഒരിക്കലും സംസ്ഥാനപദവി ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് അത്തരമൊരു ഉദ്ദേശ്യമേയില്ല. ഉചിതമായ സമരം വരുമ്പോള്‍ സംസ്ഥാന പദവി പുനസ്ഥാപിക്കപ്പെടും. നിങ്ങള്‍ കശ്മീര്‍ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കരുത്. കശ്മീര്‍ ഇപ്പോഴും ഒരു തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്. അതിന്റെ മുറിവുകളില്‍ വീണ്ടും കുത്തി അതിന്റെ ആഴം കൂട്ടരുത്’. അമിത് ഷായുടെ വാക്കുകള്‍ ഇങ്ങനെ.

2019 ആഗസ്റ്റ് 5നാണ് ജമ്മുകശ്മീര്‍ സംസ്ഥാനത്തെ ജെ ആന്‍ഡ് കെ, ലഡാക്ക് എന്നീ പ്രദേശങ്ങളാക്കി വിഭജിച്ചത്. 2021 ഫെബ്രുവരി നാലിന് ജി കിഷന്‍ റെഡ്ഡിയാണ് ജമ്മു കശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter