ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച് യുഎഇ: ആദ്യ ചൊവ്വ പേടകം നാളെ പറന്നുയരും
അബൂദബി: ചൊവ്വയിലേക്ക് പേടകം വിക്ഷേപിക്കുന്ന ആദ്യ അറബ് രാജ്യമെന്ന പദവി സ്വന്തമാക്കാൻ യുഎഇക്ക് മുമ്പിൽ ഇനി മണിക്കൂറുകള്‍ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററില്‍ ബുധനാഴ്ച പുലർച്ചെ 12.51ന് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന യുഎഇ നിർമ്മിത ഉപഗ്രഹം ചൊവ്വ ലക്ഷ്യമാക്കി പറന്നുയരും. വിക്ഷേപണം കഴിഞ്ഞാലുടന്‍ ഉപഗ്രഹത്തിന്റെ നിയന്ത്രണം ദുബായിലെ ഗ്രൗണ്ട് സ്റ്റേഷന്‍ ഏറ്റെടുക്കുകയും ശേഷമുള്ള 30 ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കുകയും ചെയ്യും.

നക്ഷത്രങ്ങളെക്കുറിച്ച്‌ അറിയാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വയിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷന്‍ ഇമേജര്‍ , 20 ഗീഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്പെക്‌ട്രോമീറ്റര്‍ തുടങ്ങിയ സുപ്രധാന ഘടകങ്ങളുമായാണ് പേടകം യാത്ര തിരിക്കുക. ഏഴുമാസത്തിന് ശേഷം, 2021ല്‍ യുഎഇയുടെ അമ്പതാം വാര്‍ഷികത്തോടടുത്ത് ഈ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ആറ്​ വര്‍ഷം മുന്‍പ്​ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാനാണ്​ ഹോപ്പി​ന്റെ വരവ്​ അറിയിച്ച്‌​ പ്രഖ്യാപനം നടത്തിയത്​. തൊട്ടടുത്ത വര്‍ഷം മുഹമ്മദ്​ ബിന്‍ റാശിദ്​ സ്​പേസ്​ സെന്റർ സ്ഥാപിച്ചു. യുഎസിലെ കൊളറാഡോ യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ-ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച എമിറാത്തി ശാസ്ത്രജ്ഞരാണ് സെന്ററിൽ വെച്ച് ഹോപ്പിന്റെ നിര്‍മാണം നടത്തിയത്. 55 ലക്ഷം മണിക്കൂറില്‍ 450ലധികം ജീവനക്കാരുടെ ശ്രമഫലമായാണ്​ ഹോപ്പിന്​ ജീവന്‍ നല്‍കാനായത്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter