ആസാം പൗരത്വ പട്ടികയിൽ നിന്ന് 'അനര്‍ഹരുടെ' പേരുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് അധികൃതര്‍
ദിസ്പൂർ: വർഷങ്ങളുടെ മുറവിളിയെ തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ട അസമിലെ ദേശീയ പൗരത്വ രജിസ്ടര്‍ (എന്‍.ആര്‍.സി) പട്ടികയില്‍ നിന്ന് 'അനര്‍ഹരുടെ' പേരുകൾ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് അധികൃതര്‍. കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച എന്‍.ആര്‍.സിയില്‍ 3.3 കോടി അപേക്ഷകരില്‍ 19 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു.

ഒക്ടോബര്‍ 13 ന് എല്ലാ ജില്ല കലക്ടര്‍മാര്‍ക്കും എന്‍.ആര്‍.സിയുടെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അയച്ച കത്തില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളുണ്ട്. "യോഗ്യതയില്ലാത്ത വ്യക്തികളുടെ ചില പേരുകള്‍ എന്‍.ആര്‍.സിയില്‍ ഇടം പിടിച്ചു," എന്ന് കത്തില്‍ പറയുന്നു. ഫോറിനേഴ്സ് ട്രൈബ്യൂണലുകള്‍ (ഡി.എഫ്) വിദേശികളായി പ്രഖ്യാപിച്ച വ്യക്തികള്‍, സംശയാസ്പദ വോട്ടര്‍മാര്‍മാര്‍ (ഡിവി) ആയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയവര്‍, അല്ലെങ്കില്‍ ഫോറിനേഴ്സ് ട്രൈബ്യൂണലുകളിലെ (പി‌.എഫ്‌.ടി) കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാത്ത വ്യക്തികളും അവരുടെ പിന്‍ഗാമികളും എന്നിവരാണ് ഇത്തരത്തില്‍ "യോഗ്യതയില്ലാത്ത വ്യക്തികള്‍" എന്നും കത്തില്‍ വിശദീകരിക്കുന്നു.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികക്കെതിരേ കടുത്ത വിമര്‍ശനവുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ''അസമിലെ ജനങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒരു പട്ടികയല്ല പുറത്തുവന്നിരിക്കുന്നത്. അസം ജനതയുടെ അഭിമാനത്തെ മനസ്സില്‍ വച്ചുകൊണ്ട് ഞാന്‍ പൗരത്വ പട്ടിക തള്ളിക്കളയുന്നു. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ സുപ്രിംകോടതിയെ സമീപിക്കുന്നുണ്ട്. വികലമായ ഒരു എന്‍.ആര്‍.സി സര്‍ക്കാരിന് അസ്വീകാര്യമാണ്- സോണോവാള്‍ പറഞ്ഞു. അന്തിമപട്ടികയിൽ നിന്ന് 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. ഇതിൽ ആറ് ലക്ഷം പേർ മുസ്‌ലിംകളാണ്. അതേസമയം പട്ടികയെ മുഴുവൻ വിഭാഗവും ഇപ്പോൾ തള്ളിപ്പറഞ്ഞ അവസ്ഥയിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter