രാജ്യദ്രോഹക്കേസ്:  ചോദ്യം ചെയ്യലിന് ഹാജരാകാൻ സഫറുല്‍ ഇസ്‌ലാംഖാന് ഡല്‍ഹി പൊലിസ് നോട്ടിസ്
ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരേ പ്രതികരിച്ചതിന്റെ പേരിൽ കുവൈത്തിന് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സഫറുല്‍ ഇസ്‌ലാം ഖാന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പോലീസ് സ്പെഷല്‍ സെല്‍ നോട്ടിസ് നല്‍കി.

ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസില്‍ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ സഫറുല്‍ ഇസ്‌ലാംഖാനോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍, ലാപ്‌ടോപ് എന്നിവ ഹാജരാക്കാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന ഡല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 124 എ (രാജ്യദ്രോഹം), 153 എ (രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സഫറുല്‍ ഇസ്‌ലാംഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് പോലുള്ള കടുത്ത നടപടികളൊന്നും പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter