ലോക ജനാധിപത്യ ദിനത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സ്ഥിതി എന്താണ്?
ഇന്ന് സെപ്റ്റംബർ 15: മറ്റൊരു അന്താരാഷ്ട്ര ജനാധിപത്യ ദിനം കൂടി കടന്നു വന്നിരിക്കുകയാണ്. 2007ലാണ് ഐക്യരാഷ്ട്ര സഭ സെപ്റ്റംബർ 15 നെ ലോക ജനാധിപത്യ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായിട്ടാണ് നമ്മുടെ ഇന്ത്യ കണക്കാക്കപ്പെടുന്നത്. ചൈനയിൽ ജനാധിപത്യം തീരെ ഇല്ലാത്തതിനാലാണ് ഇന്ത്യക്ക് ഈയൊരു പദവി കൈ വന്നിരുന്നത്. 1926 ജനുവരി 26നാണ് ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഈ മഹത്തായ പദവി നിലനിർത്തുവാൻ അടുത്ത കാലം വരെ ഇന്ത്യക്ക് സാധിച്ചിരുന്നുവെങ്കിലും നിലവിൽ രാജ്യത്ത് നിന്ന് കേൾക്കുന്ന വാർത്തകൾ പദവിക്കു കനത്ത ഭീഷണി സൃഷ്ടിക്കുന്നതാണ്.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന, മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വഭേദഗതി നിയമം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ പാസാക്കിയതും അതിനെതിരെ ഇന്ത്യയിലുടനീളം സംഘടിപ്പിക്കപ്പെട്ട ജനാധിപത്യ നയങ്ങളിലൂന്നിയ സമരങ്ങളെ ഭരണകൂടം ക്രൂരമായി നേരിട്ടതും ഇന്ത്യയുടെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പദവിക്ക് വിഘാതം സൃഷ്ടിക്കുന്നതാണ്.

പൗരത്വ സമരത്തിന് നെടുനായകത്വം വഹിച്ച ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ്യയിലെ വിദ്യാർത്ഥികൾക്ക് നേരെ നിഷ്ഠൂരമായ അക്രമമായിരുന്നു പോലീസ് അഴിച്ചുവിട്ടിരുന്നത്. സർവകലാശാലയിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും പോലും തകർക്കുവാൻ ഈ കാപാലികർ മടിച്ചില്ല. വിദ്യാർഥികൾക്ക് നേരെയുള്ള അക്രമത്തിനെതിരെ പിന്നീട് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഡൽഹിയിലെ ഷഹീൻബാഗിൽ സ്ത്രീകൾ, വിശിഷ്യ മുസ്‌ലിം ഉമ്മമാർ സർക്കാറിനെതിരെ പ്രതിഷേധ ജ്വാലയായി മാറി.

തികച്ചും ജനാധിപത്യപരമായ രീതിയിൽ സമരം നടത്തിയെങ്കിലും വർഗീയ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകളായിരുന്നു സർക്കാരിന്റെ പ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നത്. കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞത് സമരം നടത്തുന്നവരെ വെടിവെച്ചുകൊല്ലാനാണ്. ഡൽഹിയിലെ മറ്റൊരു നേതാവായ കപിൽ മിശ്രയും വർഗീയവിഷം തുപ്പി കൊണ്ട് രംഗം കീഴടക്കിയിരുന്നു. എന്നാൽ ഇവരുടെ വർഗീയ പ്രസ്താവനകൾക്ക് യാതൊരു തരത്തിലുള്ള നടപടികളും നേരിടേണ്ടി വന്നില്ല. ഇത്തരം പ്രസ്താവനകൾ വഴി ബോധപൂർവ്വം ഡൽഹിയിൽ കലാപം സൃഷ്ടിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുകയും ചെയ്തു.

ഡൽഹി കലാപത്തിൽ 55 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. അക്രമികൾ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കലാപത്തിനുശേഷം അക്രമത്തിന് ഉത്തരവാദികളായി പോലീസ് കണ്ടെത്തിയത് ഇരകളെയോ ഇരകൾക്ക് പിന്തുണ നൽകിയവരെയോ ആയിരുന്നു.

പൗരത്വ സമര നേതാക്കളെ കലാപത്തിനു ഉത്തരവാദികളായി കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ പോലീസ് അശ്രാന്തപരിശ്രമമാണ് നടത്തിയത്. യു.പി പൊലീസും ഡൽഹി പോലീസും ഇതിന്റെ ഭാഗമായി മത്സരയോട്ടം നടത്തുകയായിരുന്നു. അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പർമാരായ ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി, ഡൽഹിയിൽ പൗരത്വ സമരത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാഹുല്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെല്ലാം ഇതിനുപിന്നാലെ പോലീസ് പിടിയിലായി.

രണ്ടു ദിവസങ്ങൾക്കു മുമ്പ് ഡൽഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രം പുറത്തിറക്കി പോലീസ് വേട്ട കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച്‌ കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പോലീസ് തന്നെ പിന്നീട് രംഗത്തുവരികയും ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തുകയും ചെയ്യുകയായിരുന്നു.

ഉമർ ഖാലിദിനെ തൂക്കി കൊല്ലണം എന്നാണ് ഡൽഹി കലാപത്തിന് യഥാർത്ഥ സാധാരണക്കാരനായ കപിൽ മിശ്ര പറയുന്നത്. സർക്കാരിനെ പിന്തുണക്കുന്നവർക്ക് മാത്രമാണ് എന്തും പറയാനുള്ള അധികാരം. അവർക്ക് എന്തും വിളിച്ചു പറയാനും വിശ്വാസങ്ങളെ നിന്ദിക്കാനും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നുണ്ട്. യുപിഎസ്‌സി ജിഹാദ് എന്ന പേരിൽ സുദർശൻ ടിവി തയ്യാറാക്കിയ ടിവി സീരീസിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് ഫാസിസ്റ്റ് മനോഭാവം ഉള്ള ജനങ്ങൾക്ക് മാത്രം ആധിപത്യമെന്ന തലത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ നേർച്ചിത്രമാണെന്ന് പറയാതെ വയ്യ. അതിനാൽ ഈ സെപ്റ്റംബർ 15 ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി ഓരോ യഥാർത്ഥ ഇന്ത്യൻ പൗരന്റെയും ഹൃദയത്തിൽ ഉണ്ടാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter