അധ്യയനം: ചില ആരംഭ ചിന്തകള്‍
schഅവധിക്കാലത്തിന്റെ ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കും അന്ത്യംകുറിച്ച് പുതിയൊരു അദ്ധ്യയന വര്‍ഷംകൂടി സമാഗതമായി. പുത്തന്‍ ഉടയാടകളും പഠനോപകരണങ്ങളുമായി പ്രതീക്ഷാപൂര്‍വം വിദ്യാര്‍ത്ഥികള്‍ നീങ്ങുന്ന കാഴ്ചയാണ് എവിടെയും കാണാനാകുന്നത്. പുതുമയുടെ കൗതുകവും ആഹ്ലാദത്തിന്റെ ആരവവുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇതോടെ വീണ്ടും സജീവമാകുന്നു. വിദ്യാലയ വര്‍ഷത്തിന്റെ വരവോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയായി. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച പഠനത്തിന് സ്വയം സജ്ജമാകാന്‍ വിദ്യാര്‍ത്ഥിയും അവനെ അപ്രകാരം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും ശ്രമിക്കുന്ന കാഴ്ച പൊതുവില്‍ എങ്ങും പ്രകടമായിക്കാണാം. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ തങ്ങളുടെ കടമ പൂര്‍ണമായി നിര്‍വഹിക്കുന്നതില്‍ സാധാരണ രക്ഷിതാക്കള്‍ പൊതുവെ ഉത്സുകരാകാറില്ല. വിദ്യാഭ്യാസ കാര്യത്തില്‍ ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിച്ചുനടപ്പിലാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് ഈ രംഗത്ത് വലിയ സഹായം തന്നെ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്തുകൊടുക്കാന്‍ സാധിക്കും. അതിന് ആവശ്യമായ ചില കാര്യങ്ങള്‍ ലഘുവായി വിവരിക്കുകയാണിവിടെ. ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്നതാണ് നാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ പ്രധാന പരിഗണന. അതിനുതകുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി അവിടെ തങ്ങളുടെ സന്താനങ്ങള്‍ക്ക് പ്രവേശനം നേടിയെടുക്കാന്‍ രക്ഷിതാക്കള്‍ ആദ്യം തന്നെ ശ്രദ്ധിക്കണം. ഒരു ഉത്തമ വിദ്യാലയത്തിന് മെച്ചപ്പെട്ട പഠനസൗകര്യങ്ങള്‍, നിലവാരമുള്ള പഠനം, ഉയര്‍ന്ന അച്ചടക്കം, നല്ല പഠനാന്തരീക്ഷം എന്നിവ അത്യാവശ്യമാണ്. രക്ഷിതാക്കള്‍ സ്വയമോ പരസഹായത്താലോ ഇത്തരം വിദ്യാലയങ്ങള്‍ കണ്ടെത്തി ചെറിയ ക്ലാസുമുതല്‍ തന്നെ മക്കളെ ചേര്‍ക്കുന്നതിലൂടെ അവരുടെ പഠനമേഖലയിലെ വലിയൊരു സഹായിയാവാന്‍ കഴിയുന്നതാണ്. കൂട്ടത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിക്കാന്‍ വീടുകളില്‍ വരുന്നവരില്‍ പലരും പല വാഗ്ദാനങ്ങള്‍ ചെയ്യുന്നത് പതിവാണെങ്കിലും ചിലര്‍ കാര്യം കഴിഞ്ഞാല്‍ 'തനിനിറം' കാണിക്കാറുണ്ട്. അതിനാല്‍ അമിതമായ മോഹന വാഗ്ദാനങ്ങളെ അവഗണിക്കുകയെന്നതാണ് ഇവിടെ കരണീയമായിട്ടുള്ളത്. ഇന്ന് സര്‍വ വ്യാപകമായി കഴിഞ്ഞ ഇംഗ്ലീഷ്മീഡിയം സ്ഥാപനങ്ങളില്‍ വിവിധ രൂപത്തിലുള്ള വിദ്യാഭ്യാസ ചെലവുകള്‍ ഇപ്പോഴും വര്‍ദ്ധിതമായി തന്നെയാണ് കാണപ്പെടുന്നത്. ഇവിടെ കൊക്കിലൊതുങ്ങുന്നത് കൊത്തുകയായിരിക്കും രക്ഷിതാക്കള്‍ക്ക് ബുദ്ധിപരമായിട്ടുള്ളത്. അതോടൊപ്പം നാം തെരഞ്ഞെടുക്കുന്ന ഒരു വിദ്യാഭ്യാസ രീതിയും മതപഠനത്തിന് വിഘാതമാകുന്നതായിരിക്കരുതെന്ന കാര്യം പ്രത്യേകം പരിഗണിക്കുകയും വേണം. കലാലയം വിദ്യാര്‍ത്ഥിക്കുള്ളതാണെങ്കിലും അതുമായി പ്രത്യക്ഷവും പരോക്ഷവുമായ ബന്ധം രക്ഷിതാവിനും ഉണ്ടായിരിക്കണം. കുട്ടികളുടെ ഡയറികള്‍ പരിശോധിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുകയും ഫോണ്‍ വഴിയോ മറ്റോ വിവരങ്ങളന്വേഷിച്ചറിഞ്ഞും ആവശ്യമെങ്കില്‍ വിദ്യാലയം സന്ദര്‍ശിച്ച് അധികൃതരില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയും ഈ ബന്ധം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യാം. വിദ്യാലയങ്ങളില്‍ ഇപ്പോഴും പഠനത്തില്‍ പിന്നിലും വികൃതിയില്‍ മുന്നിലുമായി നിലകൊള്ളുന്നത് സ്ഥാപനവുമായി ബന്ധമില്ലാത്ത രക്ഷിതാക്കളുടെ കുട്ടികളാണ്. പരീക്ഷാഫലങ്ങള്‍ രേഖപ്പെടുത്തുന്ന പ്രോഗ്രസ് കാര്‍ഡുകള്‍ പരിശോധിക്കാനും ഗുണദോഷങ്ങള്‍ മനസ്സിലാക്കാനും രക്ഷിതാവ് ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. പഠനോപകരണങ്ങള്‍ യഥാസമയം നല്‍കുന്നതിനും കൃത്യസമയത്ത് വിദ്യാലയങ്ങളില്‍ കുട്ടികളെ എത്തിക്കുന്നതിനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അനിവാര്യ സാഹചര്യങ്ങളിലുണ്ടാവുന്ന ലീവുകള്‍ രക്ഷിതാവ് തന്നെ രേഖാമൂലം അറിയിക്കുകയും നീണ്ട ലീവുകളിലൂടെ വരുന്ന പഠനനഷ്ടം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയും വേണം. വിദ്യാഭ്യാസം വിദ്യാലയത്തില്‍ വെച്ച് നടക്കുന്ന പ്രക്രിയയായതിനാല്‍ വീടും വിദ്യാഭ്യാസവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ വിദ്യാലയ പഠനത്തിന്റെ പൂര്‍ത്തീകരണമാണ് വീട്ടുപഠനമെന്നതാണ് വസ്തുത. ഒരു നിശ്ചിത സമയത്തിന്റെ അതിര്‍വരമ്പിനിടയില്‍നിന്നു അധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരുന്ന വിഷയങ്ങളിലെ പാഠഭാഗങ്ങള്‍ യഥാവിധി ഗ്രഹിക്കുവാന്‍ ഗൃഹപഠനം അനിവാര്യമാണ്. ഇതാണെങ്കില്‍ ശരിയായ അന്തരീക്ഷത്തില്‍ തന്നെ നടക്കേണ്ട ഒന്നാണ്. വൃത്തിയും പ്രകാശവുമുള്ളതും ശബ്ദശല്യമില്ലാത്തതായിരിക്കണം പഠനസ്ഥലം. എഴുതാനും വായിക്കാനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരിക്കണം. അതേസമയം പഠനത്തിന് തടസ്സമായേക്കാവുന്ന ടേപ്പ്, ടി.വി, കമ്പ്യൂട്ടര്‍, അലങ്കാരവസ്തുക്കള്‍ മുതലായവ പഠനസ്ഥലത്ത് ഉണ്ടായിക്കൂട. കുട്ടിയെ പഠിക്കാനേല്‍പിച്ച് വിട്ടുകാര്‍ ടി.വി.യില്‍ അഭയം തേടിയാല്‍ കുട്ടിയുടെ ശരീരം പഠിച്ചാലും മനസ്സ് പഠിക്കില്ല. അതിനാല്‍ രക്ഷിതാക്കള്‍ ഒന്നിച്ച് ടി.വി.കാണുകയും കുട്ടിയെ ഏകനായി പഠനത്തിന് നിയോഗിക്കുകയും ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. വിദ്യാലയത്തിലും വീട്ടിലും കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിനുതകുന്ന അനേകം ഉപാധികള്‍ ഇപ്പോള്‍ ലഭ്യമാണ്. ചെറിയതരം ഡിക്ഷനറികള്‍, ഭാഷാപഠനത്തിനുതകുന്ന സി.ഡി.കള്‍, ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ഉപകരിക്കുന്ന ചിത്രപുസ്തകങ്ങള്‍, ചാര്‍ട്ടുകള്‍ തുടങ്ങി കമ്പ്യൂട്ടര്‍ വരെ പഠനസഹായിയായി കമ്പോളത്തിലുണ്ട്. രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍ യഥാസമയം അവ കുട്ടികള്‍ക്ക് ലഭ്യമാക്കി അവരുടെ പഠനം മെച്ചപ്പെടുത്താനും ഭാരം ലഘൂകരിക്കാനും സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഉത്തമനായ ഒരു അധ്യാപകന് അയാളുടെ അധ്യാപനവിഷയം ഏതായാലും ഒരു വിദ്യാര്‍ത്ഥിയില്‍ അവന്റെ ശോഭനമായ ഭാവിക്ക് ആവശ്യമായ അടിത്തറ നിര്‍മിക്കുന്നതില്‍ നല്ല പങ്ക് വഹിക്കാന്‍ കഴിയും. ക്ലാസില്‍ വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ ഒരേസമയം പഠിപ്പിക്കുകയെന്നത് ഏറെ ക്ലേശകരം തന്നെയാണ്. എങ്കിലും ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവിനനുസൃതമായ വിധത്തില്‍ പഠിക്കുവാനുള്ള സാഹചര്യവും സഹായവും അവര്‍ക്ക് ലഭ്യമാക്കുന്നതിന് അധ്യാപകര്‍ക്ക് സാധ്യമാകണം. കുട്ടിയുടെ വീട്ടുപഠനത്തെ ശരിയായി നോക്കി കാണുന്ന രക്ഷിതാവിന് അധ്യാപകനെ അറിയാനും മനസ്സിലാക്കാനും കഴിയുന്നതാണ്. വിദ്യാഭ്യാസ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടുകാര്‍ പ്രത്യക്ഷത്തില്‍ വലിയ പങ്ക് വഹിക്കുന്നതായി പൊതുവില്‍ വിലയിരുത്തപ്പെടാറില്ലെങ്കിലും പഠനരംഗത്ത് കുട്ടികളുടെ കൂട്ടുകെട്ട് പരോക്ഷമായി അത്ര നിസ്സാരമല്ല. പ്രൈമറിതലം തൊട്ട് സര്‍വകലാശാലാ തലം വരെയുള്ള പഠനത്തില്‍ കൂട്ടുകെട്ട് ഗുണത്തിനും ദോഷത്തിനും നിമിത്തമായിത്തീരാറുണ്ട്. പഠനത്തില്‍ പൊതുവെ പിന്നാക്കാവസ്ഥയും അലസതയുമുള്ള കുട്ടിക്ക് സമാനതരത്തിലുള്ള കൂട്ടുകാരനാണുള്ളതെങ്കില്‍ അവന്‍ വളരെ വേഗത്തില്‍ തന്നെ പഠനകാര്യത്തില്‍ ഏറ്റവും പിന്നിലായിത്തീരും. മാത്രമല്ല അത്തരം കൂട്ടുകെട്ടില്‍ പെട്ടവര്‍ സ്വഭാവദൂഷ്യത്തിന് വിധേയരാകാനും സാധ്യതയുണ്ട്. അതേസമയം നല്ല കൂട്ടുകാരന്‍ വഴി പഠനത്തില്‍ മിടുക്കനല്ലാത്ത കുട്ടിക്കും ഉയര്‍ന്ന നേട്ടങ്ങള്‍ ക്രമേണയായി കാഴ്ചവെക്കാന്‍ കഴിയുകയും ചെയ്യും. കുട്ടികള്‍ക്ക് പോക്കറ്റ്മണി നല്‍കുന്നത് ശരിയായി നിയന്ത്രിക്കേണ്ടതും അവരില്‍ അന്യായമായി പണം കാണുന്നത് സൂക്ഷിക്കേണ്ടതും ഇവിടെ പ്രത്യേകം ആവശ്യമാണ്. വിദ്യാഭ്യാസവഴിയിലെ വിജയത്തിന് ടൈംമാനേജ്‌മെന്റ് നടപടി ഇന്ന് ഏറെ ആവശ്യമായ ഘടകമാണ്. അതിനായി പഠനകാര്യത്തിന് ടൈംടേബിള്‍ തയ്യാറാക്കി സമയത്തെ പ്രയോജനപ്പെടുത്തണം. പൊതുവില്‍ ഏറ്റവും ഉന്മേഷവും ഊര്‍ജസ്വലതയും ലഭിക്കുന്ന സമയം എപ്പോഴാണോ അപ്പോള്‍ പഠനത്തിനായി തയ്യാറാകണം. കുട്ടികള്‍ക്ക് അവരുടെ ജീവിതാവസ്ഥക്കനുസരിച്ച് ഇതിനുള്ള സമയം പലര്‍ക്കും പലതായിരിക്കും. എങ്കിലും എല്ലായ്‌പ്പോഴും ഒരേസമയം പഠനത്തിനായി നിശ്ചയിക്കണം. അങ്ങനെ പഠിക്കുമ്പോള്‍ തന്നെ ഏറ്റവും പ്രയാസം തോന്നുന്ന വിഷയത്തിനും പഠനഭാഗത്തിനും ആദ്യസമയങ്ങള്‍ ഉപയോഗപ്പെടുത്തുകയും വേണം. ടൈംമാനേജ്‌മെന്റ് രീതി സ്വീകരിച്ചാല്‍ അത് തെറ്റിക്കുകയും മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യരുത്. ദീര്‍ഘമായ പഠനത്തിനും ചെറിയ കാലത്തേക്കുള്ള പഠനത്തിനും ഒരേരീതിയില്‍ ടൈം നിശ്ചയിക്കുകയുമരുത്. കൂടാതെ ദിനാന്ത്യത്തില്‍ സമയം കൂട്ടിനോക്കി പിഴവുണ്ടെങ്കില്‍ തിരുത്തുകയും കൂടുതല്‍ നന്നായി സമയം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. സ്വന്തം കഴിവും അവസരവും അനുസരിച്ചായിരിക്കണം വിദ്യാര്‍ത്ഥികള്‍ അവരവരുടെ ടൈംടേബിള്‍ തയ്യാറാക്കേണ്ടത്. ചുരുക്കത്തില്‍ വിദ്യാഭ്യാസ വിഷയത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉന്നതമായ പുരോഗതിക്കും ഗുണഫലങ്ങള്‍ക്കും അത് ഹേതുവാകും. ഇവിടെ വിദ്യാര്‍ത്ഥി, അധ്യാപകന്‍, രക്ഷിതാവ് എന്നിവരെല്ലാം കഠിനവും ബോധപൂര്‍വവുമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ വിജയത്തിന് ഗൈഡും ട്യൂഷനും നല്‍കിയാല്‍ എല്ലാമായി എന്ന് ഒരിക്കലും ധരിച്ചുവശാകരുത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter