പ്രവാചകരുടെ വിവാഹങ്ങളും വിമര്‍ശനങ്ങളും

ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിശിഷ്യാ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെയും പ്രവാചകരെയും ഇകഴ്ത്തിക്കാണിക്കാന്‍ എടുത്തു കാണിക്കുന്ന ഒരു വിഷയമാണ് പ്രവാചകരുടെ ബഹുഭാര്യത്വം. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു പ്രവാചക ബഹുഭാര്യത്വത്തിന്റെ അര്‍ത്ഥം. ഇസ്‌ലാമിക വൈരികള്‍ വിമര്‍ശിക്കുന്നപോലെ പ്രവാചകന്‍ സ്ത്രീലമ്പടനും കാമവെറിയനുമായിരുന്നോ. പ്രവാചകരുടെ വിവഹങ്ങളെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ഇതിലെ സത്യാവസ്ഥ നമുക്ക് കണ്ടെത്താന്‍ കഴിയും. പ്രവാചകന്‍ ഒരിക്കലും ഒരു സ്ത്രീമോഹിയായിരുന്നില്ല. പ്രത്യുത, സ്വന്തം ജീവിതത്തിലൂടെ സാമൂഹിക ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സാര്‍ത്ഥകമായ തലങ്ങള്‍ വരച്ചുകാണിച്ച മഹാപുരുഷനായിരുന്നു. പ്രവാചകന്‍ മൂല്യങ്ങളെ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ മീഡിയ സ്വന്തം ജീവിതം തന്നെയായിരുന്നു.  ജീവിതത്തിലൂടെ ജനങ്ങളെ ബോധവല്‍കരിക്കുകയാണ് ചെയ്തിരുന്നത്.

ഭാര്യമാരുടെ കാര്യം ഇവിടെയാണ് പ്രസക്തമാകുന്നത്. പ്രവാചകരുടെ കുടുംബജീവിതത്തിന്റെ ഏറ്റവും വലിയ നിദര്‍ശനങ്ങളായിരുന്നു ഭാര്യമാര്‍. ഭാര്യമാരിലൂടെയാണ് കുടുംബങ്ങളുമായും സ്ത്രീകളുമായും ബന്ധപ്പെട്ട മതകാര്യങ്ങള്‍ പ്രവാചകന്‍ പ്രസരണം നടത്തിയിരുന്നത്. ഖദീജ മാത്രമായിരുന്നു പ്രവാചകരുടെ ഭാര്യയെങ്കില്‍ ഇതിന് സാധിക്കുമായിരുന്നില്ല. വലിയൊരു സ്ത്രീലോകത്തിന്റെ സര്‍വ്വ പ്രശ്‌നങ്ങളും വിവിധഘട്ടങ്ങളിലും വിവിധ രൂപത്തിലുമായി ഉന്നയിക്കപ്പെടാനും അവക്കുള്ള പ്രതിവിധികള്‍ സമാഹരിക്കപ്പെടാനും ഒരു സ്ത്രീ വൃന്ദം അനിവാര്യമായിരുന്നു. ഒരളവോളം പ്രവാചക മൊഴികള്‍ കൈമാറിയതും സ്ത്രീവിഷയങ്ങള്‍ പ്രവാചകരുമായി സംവദിച്ചതും ഭാര്യമാരായിരുന്നുവെന്നത് വസ്തുതയാണ്. ഇങ്ങനെ നോക്കുമ്പോള്‍ സമഗ്രമായൊരു ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മിതിക്ക് സുശോഭനമായൊരു പരിസരമൊരുക്കാന്‍ പ്രവാചകന്‍ ദീര്‍ഘ ദര്‍ശനം ചെയ്ത ഏറ്റവും മുന്തിയൊരു മാര്‍ഗമായിരുന്നു ഒന്നിലധികം ഭാര്യമാര്‍.)

വിമര്‍ശകര്‍ ഉന്നയിക്കുന്നപോലെ കാമവെറിയോ സ്ത്രീഭ്രമമോ ആയിരുന്നില്ല ഇതിനുപിന്നിലെന്നു തെളിയിക്കാന്‍ നൂറുക്കണക്കിനു തെളിവുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. പ്രവാചകന്‍ നബുവ്വത്ത് ലഭിച്ചതിനു ശേഷം മാത്രമാണ് ഒന്നിലധികം ഭാര്യമാരെക്കുറിച്ച് ചിന്തിച്ചത് എന്നതാണ് വലിയൊരു രഹസ്യം.  തന്റെ യുവത്വത്തിന്റെ പ്രസരിപ്പുകാലത്ത് അവര്‍ ഇതിനെക്കുറിച്ച് ഓര്‍ക്കുകപോലും ചെയ്തില്ല. ഖദീജ ബീവി വഫാത്തായതിനു ശേഷം മാത്രമാണ് ഇങ്ങനെയൊരു ചിന്തയിലേക്കു പ്രവാചകന്‍ വരുന്നത്. സ്വന്തം വൈകാരിക ശമനം എന്നതിലപ്പുറം ഇസ്‌ലാമിക പ്രബോധന മേഖലയെ സുഗമമാക്കലാണ് പ്രധാനമായും ഇതുകൊണ്ട് വിവക്ഷിക്കപ്പെട്ടതെന്ന് ഇവിടെനിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഖദീജാ ബീവിയുടേതൊഴിച്ചാല്‍ പ്രവാചകരുടെ എല്ലാ വിവാഹങ്ങളും നടന്നിരുന്നത് അമ്പതാം വയസ്സിനും അതിനു ശേഷവുമാണ്. സൗദാ ബീവിയെയും ആഇശാ ബീവിയെയും അമ്പതാം വയസ്സിലും ഹഫ്‌സ്വാ ബീവിയെയും സൈനബ് ബീവിയെയും അമ്പത്തിയാറാം വയസ്സിലും ഉമ്മു സലമയെ അമ്പത്തിയേഴാം വയസ്സിലും ജഹ്ശിന്റെ മകള്‍ സൈനബിനെയും ജുവൈരിയയെയും അമ്പത്തിയെട്ടാം വയസ്സിലും ഉമ്മു ഹബീബയെ അമ്പത്തിയൊമ്പതാം വയസ്സിലും സ്വഫിയ്യയെയും മൈമൂനയെയും അറുപതാം വയസ്സിലുമാണ് പ്രവാചകന്‍  വിവാഹം കഴിക്കുന്നത്. ഏതൊരു മനുഷ്യനെയും സംബന്ധിച്ചിടത്തോളം തന്റെ കാമവികാരങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന കാലമാണിത്. പ്രവാചകനു വേണമെങ്കില്‍ തന്റെ യുവത്വകാലത്തുതന്നെ ഇത്രയും ഭാര്യമാരെ വിവാഹം കഴിക്കാമായിരുന്നു. പക്ഷെ, പ്രവാചകന്‍ അതു ചെയ്തില്ല. മറിച്ച്, അവരെ വേള്‍ക്കാന്‍ തന്റെ വാര്‍ദ്ധക്യം വരുന്നതുവരെ കാത്തുനില്‍ക്കുകയാണ് ചെയ്തത്.

ആയിശാ ബീവിയൊഴിച്ചാല്‍ തന്റെ ഭാര്യമാരെല്ലാം വിധവകളായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഒന്നോ അതിലധികമോ ഭര്‍ത്താക്കന്മാര്‍  ഒഴിവാക്കിയവരോ അവരുടെ മരണം നിമിത്തം ഒറ്റപ്പെട്ടവരോ ആയിരുന്നു അവര്‍. സുഖലോലുപതയോ ആനന്ദപ്രതീക്ഷകളോ ആയിരുന്നില്ല പ്രവാചക വിവാഹങ്ങളുടെ അടിസ്ഥലക്ഷ്യം എന്നു ഇതില്‍നിന്നും ഊഹിക്കാം. സൗകുമാര്യതയും ശാരീരികത്തികവുമായിരുന്നില്ല ഭാര്യയെ തെരഞ്ഞെടുക്കുന്നതിന്റെ പ്രവാചക മാനദണ്ഡവും. ഇസ്‌ലാമിക പ്രബോധന-പ്രചാരണ മേഖലയില്‍ വിവിധ  ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടായിരുന്നു പ്രവാചകന്‍ ഓരോ വിവാഹവും നടത്തിയിരുന്നത്. പല ഗോത്രങ്ങളും ഇസ്‌ലാമിലേക്കു കടന്നുവരാനും പല ശത്രുക്കളുടെയും മനസ്സ് മാറാനും പ്രവാചക വിവാഹങ്ങള്‍ നിമിത്തമായിട്ടുണ്ട്. ബുദ്ധികൂര്‍മതയും തന്റേടവും വൈജ്ഞാനിക ബോധവുമുള്ളവരായിരുന്നു പ്രവാചക പത്‌നിമാര്‍. തനിക്കു ശേഷവും തന്റെ രഹസ്യജീവിതത്തിലെ അദ്ധ്യാപനങ്ങളും പാഠങ്ങളും സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമായിരുന്നു ഇവരിലൂടെ പ്രവാചകന്‍ കണ്ടിരുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ പ്രവാചകരെ സംബന്ധിച്ചിടത്തോളം ബഹുഭാര്യത്വം ഒരു അനിവാര്യതയായി മനസ്സിലാക്കാന്‍ സാധിക്കും. തീര്‍ച്ചയായും, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു അടിസ്ഥാന ഭാഗമായിരുന്നു ഇത്.

ഇനി ബഹുഭാര്യത്വത്തെ പൊതുവില്‍ ചര്‍ച്ചക്കെടുക്കാം. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുകയെന്നത്  ചരിത്രപരമായി ഒരു മതത്തിലും തെറ്റല്ലായെന്നതാണ് വസ്തുത. ഹൈന്ദവ-ക്രൈസ്തവ വേദങ്ങളെടുത്ത് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ശ്രീ കൃഷ്ണന് നൂറുക്കണക്കിന് ഭാര്യമാരുണ്ടായിരുന്നതായും ദശരഥ മഹാരാജാവിനും പാണ്ഡവ പ്രപിതാവ് പാണ്ഡുവിനുമെല്ലാം ഒന്നിലധികം   ഭാര്യമാരുണ്ടായിരുന്നതായും ഹൈന്ദവ വിശ്വാസങ്ങളില്‍ കണ്ടെത്താന്‍ കഴിയും. അബ്രഹാമിന് മൂന്നും യാക്കോബിന് നാലും മോശക്കും ദാവീദിനും സോളമനും ഒന്നിലധികം ഭാര്യമാരും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മതവൈജാത്യത്തിന്റെ പേരില്‍ ഇവയൊരിക്കലും വിമര്‍ശന വിധേയമായിക്കൂടാ.

ഇസ്‌ലാമിക ദൃഷ്ട്യാ ബഹുഭാര്യത്വം അനുവദനീയമാണെങ്കിലും അതിന് വ്യക്തമായ സമയവും നിബന്ധനകളുമുണ്ട്. ആ നിബന്ധനകളൊക്കുമ്പോള്‍ മാത്രമേ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാന്‍ പാടുള്ളൂ.   അല്ലാതെ ഏതൊരാള്‍ക്കും അത് അനുവര്‍ത്തിക്കാന്‍ പറ്റുമെന്ന് ഉസ്‌ലാം പറയുന്നില്ല. ഖുര്‍ആന്‍ ഇവ്വിഷയകമായി പറയുന്നത് ഇങ്ങനെയാണ്: 'നിങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളെ രണ്ടോ മൂന്നോ നാലോ വീതം  വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍, അവര്‍ക്കിടയില്‍ നീതി പുലര്‍ത്തുകയില്ലെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക'(അന്നിസാഅ്: 3). നീതിയാണ് ഇവിടെ കാര്യം.  എല്ലാവരോടും ഒരുപോലെ നീതിനിഷ്ഠമായി പെരുമാരാന്‍ സാധിക്കണം. ഓരോരുത്തര്‍ക്കും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും വേണം. അതിനു സാധിക്കാത്ത പക്ഷം ഒരു ഭാര്യയില്‍ത്തന്നെ സംതൃപ്തിയടയാനാണ് ഖുര്‍ആന്‍ പറയുന്നത്. യുദ്ധങ്ങളും പകര്‍ച്ച വ്യാധികളും വര്‍ദ്ധിതമായി കാണപ്പെടുന്ന ഇന്ന് ബഹുഭാര്യത്വത്തിന്റെ അനിവാര്യത ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

മറ്റുള്ളവ:

പ്രവാചകര്‍ (സ) യുടെ വിവാഹങ്ങള്‍ (പ്രഭാഷണം)

നബിയുടെ ഭാര്യമാര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter