ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാവുന്നു; മധ്യസ്ഥ ചർച്ചകൾ സജീവം
ദോഹ:മാസങ്ങളായി സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഖത്തറുമായി പുലർത്തി വരുന്ന അകൽച്ചക്ക് പരിഹാരം കാണുന്നു എന്ന സൂചന. ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള സൗദി, യു.എ.ഇ, ബഹ്റൈൻ തീരുമാനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഖത്തറുമായുള്ള ബന്ധം വിഛേദിച്ചതിന് ശേഷം ഇതാദ്യമായാണ് ആ രാജ്യത്തിന്‍റെ മണ്ണിൽ കളിക്കാൻ മൂന്ന് ഗൾഫ് രാജ്യങ്ങളുടെ കായികതാരങ്ങൾ തയാറാകുന്നത് . അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്‍റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറു വരെയാണ് മത്സരം. പങ്കെടുക്കാനുള്ള മൂന്ന് രാജ്യങ്ങളുടെയും തീരുമാനത്തെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷൻ സ്വാഗതം ചെയ്തു. ഇരു വിഭാഗത്തിനുമിടയിൽ സമവായം രൂപപ്പെടുത്താൻ ഏറെ കഠിനാധ്വാനം ചെയ്തത് കുവൈത്ത് അമീർ ആയിരുന്നു. ഇപ്പോൾ രൂപപ്പെട്ട അനുകൂല സാഹചര്യത്തിൽ സമവായ ചർച്ച പുനരാരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. കുവൈത്ത് തന്നെയായിരിക്കും ഇതിനു മുൻകയ്യെടുക്കുക. അടുത്തിടെ തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഖത്തർ കൈക്കൊണ്ട നിയമനിർമാണത്തെ ഈ രാജ്യങ്ങൾ സ്വാഗതം ചെയ്തതും മേഖലയിലെ മഞ്ഞുരുക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter