റമദാന് 19 – ജിഹാദുന്നഫ്സ് തന്നെ പ്രധാനം...

 റമദാന് 19 – ജിഹാദുന്നഫ്സ് തന്നെ പ്രധാനം... 
പ്രവാചകര്‍(സ്വ) അനുയായികളോടൊപ്പം ഒരു യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. അവരെ ഉപദേശിക്കുന്നതിനിടെ അവിടുന്ന് ഇങ്ങനെ പറഞ്ഞു, നാം ചെറിയ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തി, ഇനി വലിയ യുദ്ധമാണ്. കേട്ടുനിന്ന സ്വഹാബികള്‍ അല്‍ഭുതപ്പെട്ട് മുഖത്തോട് മുഖം നോക്കി. ഉടനെത്തന്നെ മറ്റൊരു യുദ്ധത്തിന് പുറപ്പെടുകയാണോ, അതും ഇപ്പോള്‍ കഴിഞ്ഞതിനേക്കാള്‍ വലിയ യുദ്ധമോ. കാര്യം മനസ്സിലാക്കിയ പ്രവാചകര്‍ അവരോട് പറഞ്ഞു, ആയുധം ഉപയോഗിച്ച് ബാഹ്യശത്രുവിനോട് ചെയ്യുന്നത് ചെറിയ യുദ്ധമാണ്. സ്വന്തം ശരീരത്തോട് നടത്തുന്ന യുദ്ധമാണ് വലിയ യുദ്ധം, അതാണ് ഞാന്‍ ഉദ്ദേശിച്ചത്. 

സ്വന്തത്തോടുള്ള പോരാട്ടമാണ് വിശ്വാസിയുടെ ജീവിതം. ബാഹ്യശത്രുവിനോട് പോരാടാന്‍പോലും ആദ്യം സ്വന്തത്തോട് പോരാട്ടം നടത്തേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ മടികാണിക്കുന്നതാണ് മനുഷ്യശരീരത്തിന്റെ പൊതുവായ സ്വഭാവം. നല്ലത് ചെയ്യാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ, അത് നാളെയാവാം, ഇനിയും സമയമുണ്ടല്ലോ എന്ന ചിന്ത ജനിപ്പിച്ച് മാറ്റിവെപ്പിക്കുന്നത് പലപ്പോഴും സ്വന്തം ശരീരമാണ്. ഈ ശരീരേച്ഛകളോടുള്ള യുദ്ധം ഏറെ പ്രധാനമാണ്. 

Also Read:റമദാന് 20 – അഫ്‍വ്.. അത് തന്നെയാണ് ഇത്ഖിനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം

ബാഹ്യശത്രു നമ്മുടെ മുമ്പില്‍ ശത്രുവായിതന്നെയാണ് നിലകൊള്ളുന്നത്. അത് കൊണ്ട് തന്നെ, ആ പോരാട്ടത്തിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടാന്‍ വലിയ പ്രയാസമുണ്ടാവണമെന്നില്ല. അതേസമയം, സ്വന്തം ശരീരേഛകള്‍ നമുക്കുള്ളില്‍ തന്നെയുള്ളവയാണല്ലോ, ആയതിനാല്‍ പലപ്പോഴും അവയുടെ യഥാര്‍ത്ഥ സ്വഭാവവും ഉദ്ദേശ്യവും തിരിച്ചറിയാന്‍ നാം പ്രയാസപ്പെടും. പിശാചിനോടും സ്വന്തം ശരീരേഛകളോടും നീ എപ്പോഴും വിരുദ്ധമായി നിലകൊള്ളുക, അവ നിനക്ക് നല്‍കുന്ന ഉപദേശങ്ങള്‍ എത്ര തന്നെ ആത്മാര്‍ത്ഥ പൂര്‍ണ്ണമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നിയാലും അവയെ നീ സംശയത്തോടെ മാത്രമേ നോക്കാവൂ, കാരണം ആത്യന്തികമായി അവ നിനക്കൊരിക്കലും ഗുണകരമായിരിക്കില്ലെന്ന് ഇമാം ബൂസ്വീരി(റ) പറയുന്നതും ഇത്കൊണ്ട്തന്നെയാണ്. 
വിശുദ്ധ റമദാനില്‍ വിവിധ പരിശീലനമുറകളിലൂടെ ഈ ശരീരേഛകളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. പ്രഭാതം മുതല്‍ അസ്തമയം വരെ, നാം കടിഞ്ഞാണിട്ട് വെക്കുന്നത്, ശരീരത്തിന്റെ ഒരുപറ്റം ആഗ്രഹങ്ങളെയും ഒരുപിടി ഇഛകളെയുമാണ്. ശരീരേഛകളെ നിയന്ത്രണത്തിലൊതുക്കാനും വരുതിയില്‍ നിര്‍ത്താനും നോമ്പിനോളം പോന്ന മാര്‍ഗ്ഗങ്ങള്‍ വേറെയില്ലെന്ന് പറയുന്നതും അത് കൊണ്ട് തന്നെ. 

വിവാഹം ചെയ്യാന്‍ കഴിവുള്ളവര്‍ അത് ചെയ്യട്ടെ, അതിന് സാധിക്കാത്തവര്‍ നോമ്പെടുത്ത് കൊള്ളട്ടെ, അത് അവന്ന് ഒരു രക്ഷാകവചമാണെന്ന പ്രവാചകവചനം ഇതിന് അടിവരയിടുകയാണ്. അംഗുലീപരിമിതമായ ശിഷ്ടദിനങ്ങളിലൂടെ നമുക്ക് ഈ ലക്ഷ്യപ്രാപ്തിക്കായി കൂടുതല്‍ യത്നിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter