ഞാന്‍ എന്റെ രാജ്യത്തിനായി കണ്ണീര്‍ പൊഴിച്ചുകൊണ്ടേയിരിക്കും

(എഴുത്തുകാരന്‍, റിട്ട.ഐ.പി.എസ് ഓഫീസര്‍, മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍, ഗുജ്‌റാത്ത് മുന്‍ ഡി.ജി.പി, പഞ്ചാബ് മുന്‍ ഡി.ജിപി, റൊമാനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങിയ ഉന്നത നിലകളില്‍ സേവനമനുഷ്ഠിച്ചയാളാണ് ജൂലിയോ റിബറിയോ)

എന്റെ ആദ്യവിദേശയാത്ര ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. 1980 ജനുവരിയില്‍ ജപ്പാനിലേക്കായിരുന്നു അത്. ജപ്പാനീസ് സര്‍ക്കാരിന്റെ മറ്റു രണ്ട് അതിഥികള്‍ക്കൊപ്പം ഒരു ഞായറാഴ്ച രാവിലെ ഞാന്‍ ടോക്കിയോയിലെ പള്ളിയില്‍ പോയി. റോഡിലൂടെ നടക്കുന്നതിനിടയില്‍ ഒരു ഇന്ത്യന്‍ കുടുംബത്തെ കാണാനിടയായി. അവരുമായി ഞാന്‍ ആശംസകള്‍ കൈമാറി. അങ്ങോട്ടുമിങ്ങോട്ടും തലയാട്ടലും പുഞ്ചിരിയും മാത്രമായിരുന്നു അത്. എങ്കിലും ഈ കാഴ്ച എന്റെ കൂടയുള്ളവരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി.  

നിങ്ങള്‍ക്ക് അവരെ അറിയാമോ? അവര്‍ ചോദിച്ചു. ഇന്ത്യക്കാര്‍ വിദേശത്ത് വെച്ച് അവരുടെ നാട്ടുകാരെ കാണുമ്പോള്‍ എത്രമാത്രം സന്തുഷ്ടരാണെന്ന് അതിലൂടെ അവര്‍ തിരിച്ചറിഞ്ഞു. അതൊരു യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു, നാട് വിടുമ്പോഴാണ് നാം നാട്ടുകാരുടെയും വില തിരിച്ചറിയുന്നത്. പരിചിതമല്ലാത്ത ഒരു ദേശത്ത് വെച്ച് ഒരു ഇന്ത്യക്കാരനെ കണ്ടുമുട്ടുമ്പോള്‍ വല്ലാത്ത സന്തോഷമാണ്, അത് അത് സംസ്ഥാനക്കാരനാവട്ടെ, ഭാഷക്കാരനാവട്ടെ, മതക്കാരനാവട്ടെ. ഒരു രാജ്യം, ഒരു ജനത എന്ന യഥാര്‍ത്ഥ ദേശീയതയാണ് അതിന് പിന്നില്‍. 
എന്നാല്‍, ഇന്ന് ആ ഏകതാബോധമാണ് തകര്‍ക്കപ്പെടുന്നത്. ഹിന്ദുരാഷ്ട്രവാദികള്‍  തങ്ങളുടെ ഭ്രാന്തമായ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിന് വേണ്ടി ആ സ്വത്വത്തെ ഇല്ലാതാക്കുകയാണ്. ഞാന്‍ കാലങ്ങളായി കാണുകയും അറിയുകയും ചെയ്യുന്ന എന്റെ ചങ്ങാതിമാര്‍ ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ഞാനും എന്റെ ഹിന്ദു സുഹൃത്തുക്കളും മുസ്‌ലിം സഹോദരന്മാര്‍ക്കൊപ്പം ഈ  ദുഖത്തില്‍ പങ്കുചേരുന്നു. ഈ വിഭജനം പ്രധാനമായും സാമുദായിക വിഭജനമാണ്. എന്റെ ഹിന്ദു സുഹൃത്തുക്കളില്‍ വലിയൊരു വിഭാഗം പെട്ടെന്ന് തന്നെ ഒറ്റ രാത്രികൊണ്ട് അപരന്‍ അപകടകാരിയണെന്ന് തീരുമാനിക്കുന്നു. മോദിയും അമിത്ഷായും നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഇതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
1994 ല്‍ ഞാന്‍ റുമാനിയയില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ മുംബൈയില്‍ ആര്‍.എസ്.എസിന്റെ സര്‍സംഘ്ചാലക് കെ.എസ് സുദര്‍ശനുമായി നടത്തിയ കൂടിക്കാഴ്ച ഞാന്‍ ഓര്‍ക്കുന്നു.  എന്റെ ഐ.പി.എസ് സഹപ്രവര്‍ത്തകനായിരുന്നു എന്നെ ക്ഷണിച്ചിരുന്നത്.
പഞ്ചാബിലെ ഭീകരതക്കും ഭീകരവാദികള്‍ക്കുമെതിരായ എന്റെ പോരാട്ടത്തെ കുറിച്ച് കേട്ടിട്ടുണ്ടെന്നും  എന്നാല്‍ 84 ശതമാനം ആളുകളെ സ്വന്തം രാജ്യത്ത് രണ്ടാംകിട പൗരന്മാരായി പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്നും അന്ന് സുദര്‍ശന്‍ എന്നോട് ചോദിച്ചു. ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലക്കായിരുന്നുവെങ്കിലും  അത് കേട്ട ഞാന്‍ അമ്പരന്നു. അതിനാല്‍ ഞാനത് വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും എന്നോട് ഇതുവരെ അങ്ങനെ ആരും പെരുമാറിയിട്ടില്ലെന്നും ഞാന്‍ തറപ്പിച്ചുപറഞ്ഞു.
എന്നാല്‍ സുദര്‍ശന്‍ അത്‌കൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. 84 ശതമാനം (സിഖുകാരടക്കം) വരുന്ന ഹിന്ദുക്കള്‍ക്ക് രണ്ടാം കിട പൌരത്വമേ ലഭിക്കുന്നുള്ളൂ എന്ന് അദ്ദേഹം അത്രമാത്രം ഉറച്ച് വിശ്വസിച്ചിരുന്നു. അദ്ധേഹവും ആര്‍.എസ്.എസും എങ്ങനെയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടിയില്ല. പക്ഷേ, അവര്‍ അങ്ങനെ വിശ്വസിക്കുന്ന എന്നത് യാഥാര്‍ത്ഥ്യമാണ്. അത് അവര്‍ തലമുറകളിലേക്ക് പകരുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. മോദിയുടെയും ഷായുടെയും രാഷ്ട്രീയം സഞ്ചരിക്കുന്നതും ഗുരുതരമായ അതേ തെറ്റിദ്ധാരണയിലൂടെ തന്നെയാണ്. 
ഒരു മുസ്‍ലിം ഭൂരിപക്ഷരാഷ്ട്രത്തെ തരംതാഴ്ത്തുന്നതും സി.എ.എ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളില്‍ നിന്ന് ഒരു മതത്തിന്റെ അനുയായികളെ ഒഴിവാക്കുന്നതും 84 ശതമാനം ആളുകളെ സംതൃപ്തരാക്കാനും ന്യൂനപക്ഷങ്ങളെ രണ്ടാം കിടയിലേക്ക് മാറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പറയാതെ വയ്യ.
അവര്‍ പറയുന്ന 84 ശതമാനത്തില്‍ എല്ലാവരുമുണ്ടെന്നതാണ് മറ്റൊരു കാര്യം. അര്‍ബന്‍ നക്‌സലുകളും, ഇടതുവലതുപക്ഷ സംഘങ്ങളും, മോദിയും ഷായും പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷരാഷ്ട്രീയത്തെ എതിര്‍ക്കുന്ന വിവിധതരം ദേശവിരുദ്ധരും എല്ലാം ഉള്‍പ്പെടുന്നു. ബി ജെ പിയെ തൂത്തുവാരി പുറത്തേക്കിട്ട  കെജ്രിവാള്‍ പോലുമുണ്ട് അതില്‍. 
തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി അവര്‍ മെനഞ്ഞ, അമ്പത്താറിഞ്ച് നെഞ്ചളവ് മുതലുള്ള തന്ത്രങ്ങളെല്ലാം ഈ വിദ്വേഷത്തില്‍ കെട്ടിപ്പടുത്തവയായിരുന്നു.  പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും അത് പരാജയപ്പെട്ടത്, ഇന്ത്യയിലെ ബൂരിപക്ഷ ജനതക്കും അതല്ല വേണ്ടത് എന്നത് കൊണ്ട് തന്നെയാണ്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും അത് വിജയിച്ചത് വലിയ അപായസൂചനയാണ്. 
ദില്ലി തെരഞ്ഞെടുപ്പ് ഒരിക്കലും തോല്‍ക്കാന്‍ കഴിയാത്തവിധം അഭിമാനകരമായിരുന്നു അവര്‍ക്ക്. രാഷ്ട്രീയചര്‍ച്ചകളിലൂടെയും തങ്ങളുടെ നേട്ടങ്ങളും പ്രതിയോഗികളുടെ വീഴ്ചകളും നിരത്തിയും വിജയം വരിക്കുക സാധ്യമല്ലെന്ന് അവര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ടാണ് വിദ്വേഷ പ്രസംഗങ്ങളിലേക്കും സമുദായസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകളിലേക്കും അവര്‍ നീങ്ങിയത്.  ബി.ജെ.പിയുടെ വായിലൂടെ പ്രചരിച്ച അത്തരം വിദ്വേഷപ്രചാരണങ്ങളുടെ സ്വാഭാവിക പരിണിതഫലമായിരുന്നു ദില്ലിയിലെ കലാപമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുറത്തേക്ക് വമിച്ച് ജനമനസ്സുകളെ വിമലമാക്കിയ ഈ വിഷചിന്തകളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഞാന്‍ ഇപ്പോഴും ഭയപ്പെടുകയാണ്.
സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിപക്ഷത്തിന്റെ നയം ഈ രാജ്യത്തെ പരിഹരിക്കാനാവാത്ത വിധം ഭിന്നിപ്പിക്കാന്‍ പോവുകയാണെന്ന് മോദി പാര്‍ലിമെന്റില്‍ അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, കാരണം മറ്റുള്ളവരെ അപരനായി കാണുകയെന്ന യുക്തിപരമല്ലാത്ത ചിന്തയും വിദ്വേഷവുമാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നത്.
മൊഹല്ല കമ്മിറ്റിയുടെ ഒരു പൊതുവേദിയില്‍ എല്ലാ മതത്തിലുമുള്ള ചേരിനിവാസികളെ കൊണ്ടുവന്ന് മുംബൈ നഗരത്തില്‍ സാമുദായിക ഐക്യത്തിനായി പരിശ്രമിച്ച ഒരു വ്യക്തിയാണ് ഞാന്‍. വിവിധ വിശ്വാസങ്ങളും പരസ്പരവിരുദ്ധമായ ആചാരങ്ങളും വെച്ച് പുലര്‍ത്തുന്ന സമുദായങ്ങള്‍ക്കിടയില്‍ ഇടക്കിടെ അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, യഥാസമയം ഇടപെട്ട് അവ പരിഹരിക്കുകയും പരസ്പര വിശ്വാസം വീണ്ടെടുക്കുകയും ശേഷം അത് കാത്ത് സൂക്ഷിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യേണ്ടത് സര്‍വ്വോപരി ഭരിക്കുന്ന സര്‍ക്കാറിന്റെയും ഓരോ പൌരന്റെയും കടമയാണ്. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ തന്നെ വിപരീത ദിശയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ, ഇന്ത്യയുടെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഏറെയാണ്. വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നതോടെ, ഇന്ത്യയാണ് തകരുന്നതെന്ന് ഇനിയെങ്കിലും അവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍. 
ആ വിവേകം അവരെ ഉണര്‍ത്തുന്നത് വരെ, എന്റെ ഇന്ത്യയെ ഓര്‍ത്ത് ഞാന്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടേയിരിക്കും, വര്‍ണ്ണവിവേചനത്തില്‍ മുങ്ങിത്താഴ്ന്ന ദക്ഷിണാഫ്രിക്കക്ക് വേണ്ടി അലന്‍പാറ്റണ്‍ ചെയ്തതു പോലെ. 

വിവര്‍ത്തനം-അബ്ദുല്‍ ഹഖ് മുളയങ്കാവ്.
കടപ്പാട്-ട്രിബ്യൂണ്‍ഇന്ത്യ.കോം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter