മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിനെന്തു കാര്യം?

malasiaകേരളത്തിലെ പാരമ്പര്യ ഇസ്‌ലാമിക വിതാനത്തില്‍ നിന്ന് വിശ്വത്തോളം വളര്‍ന്നു നില്‍ക്കുന്ന മലേഷ്യന്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ഇസ്‌ലാമീകൃത കാമ്പസിലേക്കുള്ള കൂടുമാറ്റം ഒരുപാട് ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കും ഇടനല്‍കുന്നതായിരുന്നു. ചരിത്രരേഖകളില്‍ മഖ്ദൂമുമാരുടെ വൈജ്ഞാനിക പലായനത്തോടെ ആരംഭിച്ച കേരള മുസ്‌ലിമിന്റെ വിജ്ഞാന തൃഷ്ണക്ക് പുത്തന്‍ പ്രതീക്ഷകളുടെ ഉന്മേഷം പകര്‍ന്നാണ് ഞാനും മലേഷ്യയുടെ ബൗദ്ധിക കാമ്പസിനെ തേടി യാത്രയാകാനുദ്ദേശിച്ചത്. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ പാരമ്പര്യ ടെക്‌സ്ച്വല്‍ വായനകള്‍ക്ക് തുടര്‍ച്ചയേകുന്ന ഫോര്‍മല്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും കേരളത്തിലെ പാരമ്പര്യ മദാരിസുകളില്‍ വിദ്യ അഭ്യസിച്ചിരുന്നവര്‍ക്ക് പരിചിതമല്ലാത്ത പുതിയ അക്കാദമിക വായനകളുയര്‍ത്തുന്ന ആശങ്കയുമൊക്കെ പങ്കുവെച്ചപ്പോള്‍ എന്റെ അധ്യാപകരും സഹപാഠികളും ഉന്നയിച്ച ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ ഞാനാദ്യം ഉത്തരം മുട്ടിയെങ്കിലും പിന്നീടുള്ള കാമ്പസ് അനുഭവം ഇത്തരം ഒരു വിദ്യാഭ്യാസ ജീവിതത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി. കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളധികവും കുടിയേറിപ്പോന്ന അതിപ്രശസ്തമായ അല്‍അസ്ഹറിനെയും സൗദി യൂനിവേഴ്‌സിറ്റികളെയുമെല്ലാം ഉപേക്ഷിച്ച് എന്തിന് നമുക്കിത്രകാലം കേട്ടുകേള്‍വിയില്ലാത്ത മലേഷ്യയില്‍ പോകണമെന്നും അവര്‍കൂടെ ആശങ്കപ്പെട്ടിരുന്നു. ഐ.ഐ.യു.എമ്മിലെ പഠനത്തിന് എനിക്ക് വേണ്ടുവോളം ഊര്‍ജം പകര്‍ന്നത് യൂനിവേഴ്‌സിറ്റിയിലെ ആദ്യ മലയാളി വിദ്യാര്‍ത്ഥിയായിരുന്ന മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. വെറും ടിപ്പിക്കലായി മാത്രം വിദ്യാഭ്യാസ വ്യവഹാരങ്ങളില്‍ മുഴുകുന്ന കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ലോകാടിസ്ഥാനത്തില്‍  നടക്കുന്ന ഇസ്‌ലാമിക ചിന്തകളും പ്രസിദ്ധീകരണങ്ങളുമെല്ലാം വേണ്ടവിധം മനസ്സിലാക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്നതിന് ഒരു പരിധിവരെ പരിഹാരം കാണാനും കാമ്പസ് സഹായിക്കുമെന്ന് ശിഹാബ് തങ്ങള്‍ ഗുണദോഷിച്ചു. പുരോഗമനാത്മകമായി ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കാലികപ്രസക്തിയോടെ കൈകാര്യം ചെയ്യാനും മതേതര കാമ്പസുകളിലില്ലാത്ത ആത്മീയ ചൈതന്യത്തെ ആന്തരികവത്കരിക്കാനും ഇത്തരം കാമ്പസുകളില്‍ കഴിയുമെന്നും തങ്ങള്‍ നിരീക്ഷിച്ചു. മലേഷ്യന്‍ കാമ്പസിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു വ്യക്തി ഐ.ഐ.യു.എമ്മിലെ ആദ്യ മലയാളി പി.എച്ച്.ഡി ഹോള്‍ഡറും യൂനിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യയിലെ പ്രൊഫസറുമായ ഡോ. ശഫീഖ് ഹുസൈന്‍ ഹുദവിയാണ്. ഇക്കാലമത്രയും തുടര്‍ന്നു പോന്ന പാരമ്പര്യ ഇസ്‌ലാമിന്റെ ചിട്ടവട്ടത്തിരുന്ന് ചിന്തോദ്ദീപകമായ പുതിയ നിരീക്ഷണങ്ങള്‍ക്ക് രീതിശാസ്ത്രമൊരുക്കാനോ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗൗരവതരമായ ഗവേഷണങ്ങള്‍ നടത്താനോ സാധ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം. ഏതായിരുന്നാലും പാരമ്പര്യ ടെക്‌സ്ച്വല്‍ വായനകള്‍ക്കപ്പുറം ഒരു ഇസ്‌ലാമിക ദൃഷ്ടികോണിലൂടെ കാര്യങ്ങളെ വീക്ഷിക്കുക സാധ്യമല്ലെന്ന ധാരണയെ പൊളിച്ചെഴുതാനും ഒരു ഇസ്‌ലാമിക കാമ്പസിന്റെ നവ്യാനുഭവങ്ങളെ ജീവിതത്തില്‍ ആവാഹിക്കാനുമുറച്ച് ഞാന്‍ മലേഷ്യയിലെ വിശ്വമുസ്‌ലിം വിദ്യാര്‍ത്ഥി സാഗരത്തില്‍ ഒരു ബിന്ദുവായിത്തീര്‍ന്നു. വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമികവത്ക്കരണം എന്ന ആശയത്തെ ആദ്യമായി പ്രയോഗവല്‍ക്കരിച്ച സ്ഥാപനമാണ് ഐ.ഐ.യു.എം. ഇസ്‌ലാമിന്റെ രാഷ്ട്രീയശക്തി തകര്‍ക്കപ്പെട്ടതു മുതല്‍ പല വിജ്ഞാനശാഖകളും മുസ്‌ലിംലോകത്ത് അവഗണിക്കപ്പെട്ടതോടെയാണ് ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ സമ്പന്നമായ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോവണമെന്ന ചിന്ത മുസ്‌ലിം ലോകത്ത് ചൂടുപിടിച്ചത്. മതേതര വിജ്ഞാനങ്ങള്‍ക്ക് മുസ്‌ലിം ലോകം കല്‍പിച്ച മുന്‍ഗണനയും പാരമ്പര്യ വിജ്ഞാനങ്ങളെ കാലികമായി പുനരവതരിപ്പിക്കാന്‍ പണ്ഡിതന്മാര്‍ക്കുണ്ടായിരുന്ന വൈമനസ്യവുമാണ് ഇത്തരം ഒരു ആശയത്തിനുള്ള ചര്‍ച്ചക്ക് ശക്തി പകര്‍ന്നത്. അനന്തരം 1983ല്‍ ഇസ്‌ലാമിക യൂനിവേഴ്റ്റി സ്ഥാപിതമായതോടെ ഈ ചിന്ത കൂടുതല്‍ പ്രചുരപ്രചാരം നേടുകയും പ്രായോഗിക രീതിക്കുവേണ്ടിയുള്ള പുനരന്വേഷണങ്ങള്‍ക്ക് മുസ്‌ലിം ബുദ്ധിജീവികളെ പ്രേരിപ്പിക്കുകയും ചെയ്തു. കൊളോനിയലിസത്തിനു ശേഷം നിലവില്‍വന്ന മുസ്‌ലിം യൂനിവേഴ്‌സിറ്റികളില്‍ അനുവര്‍ത്തിച്ചുപോന്ന മതേതര,നിരീശ്വര ദര്‍ശനങ്ങളെ തിരുത്തിയെഴുതി മുസ്‌ലിം സമൂഹം ആര്‍ജിച്ചെടുക്കേണ്ട വിദ്യാഭ്യാസ സമീപനത്തെ അരക്കിട്ടുറപ്പിച്ചു കൊണ്ടായിരുന്നു ഐ.ഐ.യു.എമ്മിന്റെ പിറവി. ഹ്യൂമന്‍ സയന്‍സ് മുതല്‍ മെഡിസിന്‍ വരെയുള്ള എല്ലാ ഫാക്കല്‍റ്റികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനം പകര്‍ന്നുനല്‍കാനും കാമ്പസില്‍ ഇസ്‌ലാമിക അന്തരീക്ഷം നിലനിര്‍ത്താനുമായി സെന്റര്‍ ഫോര്‍  ഫണ്ടമമെന്റല്‍ നോളേജ്  എന്ന ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചു കൊണ്ടായിരുന്നു ഇസ്‌ലാമികവത്കരണത്തിന് തുടക്കമായത്.  രൂപീകരണം മുതല്‍ 1990വരെ ഐ.ഐ.യു.എമ്മില്‍ മതവിഷയങ്ങള്‍ മാത്രം പഠിപ്പിക്കപ്പെടുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ വന്നിരുന്നില്ല. തൊണ്ണൂറുകള്‍ക്കു ശേഷം ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് എന്ന പേരില്‍ മതശാസ്ത്രങ്ങള്‍ക്കുള്ള പഠന വിഭാഗം രൂപീകൃതമായി. ഇതോടെ മാനവിക ശാസ്ത്രങ്ങളും ഇസ്‌ലാമിക ബോധിത വിജ്ഞാനീയങ്ങളും ഒരേ ഫാക്വല്‍റ്റിക്കു കീഴില്‍ കൊണ്ടു വന്ന് വിജ്ഞാനങ്ങളെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന്റെ പുതിയ ചിന്തകള്‍ക്ക് തുടക്കം കുറിച്ചു.ബുദ്ധി ൃലമീെിനെക്കാള്‍ വെളിപാടുകളാണ് (ൃല്‌ലഹമശേീി) വിജ്ഞാനത്തിന്റെ സോഴ്‌സുകളെന്ന് തിരിച്ചറിഞ്ഞ് ജ്ഞാനത്തെ റലംലേെലൃിശ്വല ചെയ്യുകയും റലലെരൗഹമൃശ്വല് ചെയ്യുകയുമായിരുന്നു ഐ.ഐ.യു.എമ്മിന്റെ ലക്ഷ്യം. യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമികമെന്ന ഫാക്ടര്‍ തന്നെയാണ് കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇവരില്‍ അധികപേരും മാനേജ്‌മെന്റ്, എകണോമിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനായി വന്നവരാണ് പക്ഷെ, ഇവയോടൊപ്പം മഖാസിദുശ്ശരീഅ, ബിസിനസ് എത്തിക്‌സ്, ഫിഖ്ഹ്, മുആമലാതിലെ അടിസ്ഥാന തത്വങ്ങള്‍ തുടങ്ങിയവയും അവര്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഇത് ഐ.ഐ.യു.എമ്മിനെ മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന മറ്റൊരു ഘടകമാണ്. തല്‍ഫലമായി ഇത്തരം വിഷയങ്ങളെ തൗഹീദിലധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഒട്ടേറെ ഗവേഷണങ്ങളും ലഭ്യമാക്കാനായി. കേരളക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരം സിദ്ധിച്ച വിഭാഗം ശിേെശൗേലേ ീള ലറൗരമശേീി ആയിരുന്നു. യൂനിവേഴ്‌സിറ്റിയുടെ ബൗദ്ധിക അടിത്തറയും ഫിലോസഫിയും ഒരുക്കുന്ന വിഭാഗമായതു കൊണ്ടു തന്നെ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഫാക്കല്‍റ്റിയും ഇതായിരുന്നുവെന്ന് പറയാം. ഇന്ന് ജീവിച്ചിരിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനും യൂനിവേഴ്‌സിറ്റിയുടെ ഉത്ഭവത്തിന് കാരണക്കാരനുമായ നഖീബുല്‍ അത്ത്വാസടക്കമുള്ളവരുടെ വിജ്ഞാനത്തെക്കുറിച്ചുള്ള ദര്‍ശനങ്ങളും നിലപാടുകളും ചര്‍ച്ചകള്‍ക്ക് വിധേയമാക്കി നവീനമായൊരു ഇസ്‌ലാമിക വിജ്ഞാനാനുഭവത്തിന് രംഗവേദിയൊരുക്കുന്ന ഒട്ടേറെ ഗവേഷണങ്ങള്‍ ഈ പഠനവകുപ്പിന്റെ കീഴില്‍ നടന്നിട്ടുണ്ട്. എല്ലാ മുസ്‌ലിം ചിന്താധാരയുടെയും സംഗമസ്ഥലമായ കാമ്പസ് ആഗോള മുസ്‌ലിം ഉമ്മയുടെ ഒരു പരിച്ഛേദമാണ്. സൗദിയിലെ യൂനിവേഴ്‌സിറ്റികളില്‍ നിലനില്‍ക്കുന്ന ഏകതാനമായ സലഫി ചിന്താഗതി മതവിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന സങ്കുചിത മനോഭാവത്തെ തകര്‍ത്തുകളയുന്നതാണ് ഐ.ഐ.യു.എമ്മിലെ സൗഹൃദ കൂട്ടങ്ങളും സംവാദരംഗങ്ങളുമെല്ലാം. സൗദി യൂനിവേഴ്‌സിറ്റികളില്‍ സലഫിയേതര വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രവേശന നൂലാമാലകളൊന്നും ഐ.ഐ.യു.എമ്മിലെ ഈ വിശാല വീക്ഷണങ്ങള്‍ കൊണ്ട് ഉണ്ടാവാറില്ല. തീവ്രമായ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന ഇബാളികളും സലഫികളും മുഅ്തസിലികളും സ്വൂഫികളും ആക്റ്റിവിസ്റ്റ് സ്വൂഫികളും തൊലിവെളുപ്പിന്റെ പേരില്‍ പ്രാമാണിത്തം നടിക്കുന്ന യൂറോപ്പുകാരും പാരമ്പര്യ വഴിയില്‍ നീങ്ങി മധ്യമപാത സ്വീകരിക്കുന്ന പാരമ്പര്യവാദികളും ഒരേ തൂവല്‍ പക്ഷികളായി കാമ്പസില്‍ വിഹരിക്കുമ്പോഴും സംവാദങ്ങളിലേര്‍പ്പെടുമ്പോഴും ഒന്നും അത് വിഭാഗീയ സ്പര്‍ധകളിലും അസഹിഷ്ണുതകളിലും ഒന്നും കലാശിക്കാറില്ല എന്നത് യൂനിവേഴ്‌സിറ്റി പ്രതിനിധാനം ചെയ്യുന്ന വിശാല മതവീക്ഷണത്തിന്റെയും അല്‍ ഉമ്മയെന്ന ഖുര്‍ആനിക അഭിസംബോധനത്തിന്റെയും നിദര്‍ശനമായി വേണം മനസ്സിലാക്കാന്‍. മാത്രമല്ല, ഈ മുസ്‌ലിം ഐക്യത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സൗഹാര്‍ദ്ധാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താനുമായി ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മുസ്‌ലിം യൂനിറ്റി എന്ന ബഹുമുഖ സംഘടനയും കാമ്പസില്‍ സജീവമാണ്. ഈ സംഘടനയാണ് കാമ്പസില്‍ നടക്കുന്ന അക്കാദമിക സംവാദങ്ങളെ വിഭാഗീയതകളില്‍ നിന്ന് കാത്തുപോരുന്നത്. കാമ്പസിന്റെ അകത്തളങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ഇസ്‌ലാമിക നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വര്‍ണശോഭ വിതറുന്നതാണ്. ദേശാതിര്‍വരമ്പുകള്‍ക്കതീതമായി നടക്കുന്ന ഇസ്‌ലാമിക സാംസ്‌കാരികതയായിരുന്നു ഇത്തരം പരിപാടികളില്‍ അരങ്ങേറിയിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ൗാാമശേര ംലലസ രലഹലയൃമശേീി എല്ലാ രാജ്യക്കാര്‍ക്കും അരമണിക്കൂറിനുള്ളില്‍ ലോക്കല്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ഒരു കള്‍ച്ചറല്‍ പരിപാടിക്ക് അവസരമൊരുക്കിയത് മുസ്‌ലിംകള്‍ക്കിടയിലെ സാംസ്‌കാരിക ആദാനപ്രദാനങ്ങള്‍ക്കുള്ള ഒരു തുറന്ന അവസരമായിട്ടാണ് അനുഭവപ്പെട്ടത്. പരസ്പരം അറിയാനും തിരിച്ചറിയാനും ഗാഢബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള അസുലഭ മുഹൂര്‍ത്തങ്ങളായിരുന്നു ഇത്തരം ആഘോഷവേളകള്‍. ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ നടപ്പുരീതികളിലുണ്ടായ അപഭ്രംശങ്ങളും വികാരവായ്പുകളും ഇതര സുഹൃത്തുക്കള്‍ക്കുമുമ്പില്‍  ഇറക്കി വെക്കാനും തങ്ങള്‍ അനുഭവിക്കുന്ന ആഗോള ഇസ്‌ലാമിന്റെ സ്വഭാവശീലങ്ങളെ പരിചയപ്പെടുത്താനുമെല്ലാം പലരും ഇത്തരം അവസരങ്ങളില്‍ മുന്നോട്ടുവന്നു. യുദ്ധക്കെടുതികള്‍ മൂലം ജീവിതത്തിന്റെ താളം നിലച്ച ഒരു ചെച്‌നിയന്‍ യുവാവിന്റെ പ്രതികരണം ഇത്തരമൊരു വികാര വായ്പ്പിന്റെ മകുടോദാഹരണമായിരുന്നു. അതിങ്ങനെ: കാമ്പസിന്റെ കള്‍ച്ചറല്‍ ആക്റ്റിവിറ്റി സെന്റര്‍ എന്ന സംസ്‌കാരിക സമുച്ചയത്തില്‍ നടന്ന ഉമ്മാറ്റിക്ക് വീക്ക് സെലബ്രേഷന്‍ കഴിഞ്ഞിറങ്ങവെ സ്വൂഫിസത്തില്‍ പി.എച്ച്.ഡി ചെയ്യുന്ന ഒരു ചെച്‌നിയന്‍ വിദ്യാര്‍ത്ഥിയെ കണ്ടുമുട്ടി. യുദ്ധക്കെടുതികള്‍ മൂലം ഭാര്യ പിരിഞ്ഞുപോയ അദ്ദേഹത്തിന്റെ ഏകാന്ത വാസത്തിനിടയില്‍ സ്വന്തം കുടുംബം നഷ്ടപ്പെട്ടു. ജ്യേഷ്ഠന്‍ യുദ്ധസാഹചര്യങ്ങള്‍ അതിജീവിച്ച് മലേഷ്യയില്‍ സ്ഥിരതാമസക്കാരനായി. ചെച്‌നിയയിലും ഫ്രാന്‍സിലും ജോലിയന്വേഷിച്ചെങ്കിലും യുദ്ധത്തിന്റെ ബാക്കിപത്രമായ അദ്ദേഹത്തിന് ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണദ്ദേഹം തന്റെ ജ്യേഷ്ഠന്റെ സഹായത്തോടെ മലേഷ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയത്. സ്വൂഫി പഠനത്തിന് അറബി ഭാഷാപരിജ്ഞാനം അനിവാര്യമായത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ ഉലച്ചുകളഞ്ഞു. ഹൃദയസ്പൃക്കായ തന്റെ ജീവിതകഥ പറഞ്ഞ ശേഷം വികാരാവേശത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ചെച്‌നിയയിലും മറ്റും നടക്കുന്ന മുസ്‌ലിം വിരുദ്ധ അതിക്രമങ്ങളെ കേവലം പ്രാദേശിക പ്രശ്‌നമായി വിലയിരുത്തുന്ന ആഗോള മുസ്‌ലിംസമൂഹം ഇതിനെതിരെ കുറ്റകരമായ മൗനം പാലിക്കുകയുമാണ്. അറബി പഠിക്കാനുള്ള ആഗ്രഹത്തോടെ ഞാന്‍ സമീപിച്ച അറബി സുഹൃത്തുക്കള്‍ സലാം മടക്കാതെയും പരിചയപ്പെടാതെയും തിരിഞ്ഞുകളയുകയാണ് ചെയ്തത്. പക്ഷെ, ഞാനീയനുഭവം എന്റെ അറബി സുഹൃത്തുക്കളോട് പങ്കുവെച്ചപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ചെച്‌നിയക്കാര്‍ക്ക് തങ്ങള്‍ യൂറോപ്യന്‍ പിന്‍മുറക്കാരെന്ന അഹംഭാവമുണ്ട്, മുസ്‌ലിം സുഹൃത്തുക്കളോടുള്ള സമീപനത്തില്‍ പോലും അവര്‍ ഇത്തരം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ടെന്നൊക്കെയാണ്. ഇത്തരം വികാരപ്രകടനങ്ങളെല്ലാം യൂനിവേഴ്‌സിറ്റിയിലെത്തുന്നവരുടെ ആദ്യാനുഭവങ്ങളാണ്. പിന്നെയവരെല്ലാം മൗനത്തിന്റെ പുറന്തോടുകള്‍ പൊട്ടിച്ച് സൗഹൃദത്തിന്റെ വിശാലാര്‍ത്ഥങ്ങളിലേക്ക് വിലയം പ്രാപിക്കുന്നതായാണറിവ്. സാമ്രാജ്യത്വ നൃശംസകള്‍ക്കിരയായവരോട് ആഗോള മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണവും ഇരകളുടെ മാനസികാവസ്ഥകളും പ്രതിഫലിപ്പിച്ച ഇത്തരം അനേകം സംഭാഷണങ്ങള്‍ എന്റെ മലേഷ്യന്‍ ജീവിതത്തിലുടനീളം നിറംപകരുന്ന ഓര്‍മകളായും തിരിച്ചറിവുകളായും കൂടെയുണ്ട്. ഐ.ഐ.യു.എം ജീവിതത്തിന്റെ ഓര്‍മകളില്‍ കാത്തുസൂക്ഷിക്കാവുന്ന ഒരേടാണ് ഇസ്‌ലാമികവല്‍ക്കരണത്തിന്റെ ആധുനിക വക്താവും യൂനിവേഴ്‌സിറ്റിയുടെ മുന്‍ റെക്റ്ററുമായ ഡോ.കമാല്‍ ഹസനുമായുള്ള അടുപ്പവും ഇടപെടലുകളും. ഇന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയീട്ട് ഫോര്‍ ഇസ്‌ലാമിക് തോട്ട് ആന്റ് സിവിലൈസേഷനില്‍ പ്രഫസറായ കമാല്‍ വിജ്ഞാനീയങ്ങളെ ഇസ്‌ലാമികവല്‍ക്കരിക്കുന്നതില്‍ ഇക്കാലമത്രയും തുടര്‍ന്നുപോന്ന പരീക്ഷണങ്ങളില്‍ നിന്നും ഭിന്നമായി ആന്തരികവല്‍ക്കരിക്കാവുന്ന ഇസ്‌ലാമിക വിജ്ഞാനത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുകയും വിജ്ഞാനത്തോടൊപ്പം മനുഷ്യമനസിനെകൂടി ഇസ്‌ലാമികവത്ക്കരിക്കുന്നതിനെ കുറിച്ച് പ്രായോഗിക രീതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന അക്കാദമീഷ്യനാണ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ റിസേര്‍ച്ച് ക്ലസ്റ്റര്‍ ഫോര്‍ ഇസ്‌ലാമൈസേഷന്‍ ഓഫ് ഹ്യൂമണ്‍ നോളേജ് എന്ന സംഘടനയുടെ സെക്രട്ടറി സ്ഥാനം ശഫീഖ് ഹുസൈന് ശേഷം എന്നിലര്‍പ്പിതമായതോടെയാണ് കൂടുതല്‍ അടുത്തിട പഴകാന്‍ അവസരമുണ്ടായത്. എല്ലാ ഫാക്വല്‍റ്റികളെയും ഉള്‍പ്പെടുത്തി ഇസ്‌ലാമികവല്‍ക്കരണം  എത്രമാത്രം പ്രായോഗികവും കാര്യക്ഷമവുമായി നടക്കുന്നുവെന്ന് നിരീക്ഷിക്കുകയും റിസേര്‍ച്ചുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ക്ലസ്റ്ററിന്റെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ചിന്തകന്മാര്‍ക്കും വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമികവല്‍ക്കരണത്തെ പരിചയപ്പെടുത്തുന്ന രണ്ടാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന ഒരു പ്രോഗ്രാം സംഘടന ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. മോഡറേറ്റ് അശ്അരികള്‍ക്ക് ഭൂരിപക്ഷമുള്ള മലേഷ്യ, മതമൂല്യങ്ങളില്‍ കൂടുതല്‍ ഗ്ലോബലാണെങ്കിലും സലഫിസം പോലുള്ള തീവ്രനിലപാടുകാരുടെ പൊതുപ്രവേശനങ്ങളെ കരുതലോടെയും അശുഭകരവുമായിട്ടാണ് അദ്ദേഹം വീക്ഷിക്കുന്നത്. യൂനിവേഴ്‌സിറ്റിയുടെ ഫിലോസഫി പോലെ വിഭാഗീയ ചിന്തകള്‍ക്കുപരി ബൗദ്ധിക വികാസത്തിന് പ്രാമുഖ്യം നല്‍കുന്ന അതിപ്രഗത്ഭനായ ഒരു മുസ്‌ലിം അക്കാദമീഷ്യന്‍ കൂടിയാണദ്ദേഹം. വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ സാന്നിധ്യം ഇന്ന് യൂനിവേഴ്‌സിറ്റിയുടെ അക്കാദമിക രംഗങ്ങളെ കൂടുതല്‍ സമ്പന്നമാക്കുന്നുണ്ട്. ആസ്ഥാനം റിയാദിലാണെങ്കിലും തീവ്രസലഫികളുടെ ആശയ ധാരകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് സംഘടനയുടെ ഇടപെടല്‍. വര്‍ഷത്തിലൊരിക്കല്‍ പ്രശസ്തവും പ്രകൃതിസുന്ദരവുമായ സ്ഥലങ്ങളില്‍ അവര്‍ നടത്തുന്ന വാര്‍ഷിക സംഗമങ്ങള്‍ സംഘാടനമികവ് കൊണ്ടും പരിശീലനപരിപാടികള്‍ കൊണ്ടും നവ്യമായ അനുഭവവും കേരളത്തിലെ ഇസ്‌ലാമിക സംഘടനകളുടെ വാര്‍ഷിക പൊതുയോഗങ്ങള്‍ക്ക് മാതൃകയാക്കാവുന്നതുമാണ്. കേരളക്കാരായ ഞങ്ങള്‍ക്ക് വമിയുമായുള്ള അടുപ്പം അറബികളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളായിരുന്നു. 2002ല്‍ ഒരു വെള്ളിയാഴ്ച വമിയുടെ ക്യാമ്പില്‍ പങ്കെടുത്ത ഹൃദയഹാരിയായ അനുഭവം ഇന്നും എന്റെ മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നു. നയനാനന്ദകരമായ ഒരു ദ്വീപിലായിരുന്നു ക്യാമ്പ്. പ്രതിനിധികളെ മുഴുവന്‍ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിച്ച് അവര്‍ക്കിടയില്‍ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ച് അവര്‍ക്കെല്ലാം വൈവിധ്യ വര്‍ണങ്ങളിലുള്ള യൂനിഫോമുകളും നല്‍കി വളരെ മികച്ചൊരു സംഘാടനമേന്മ ഈ ക്യാമ്പിനുണ്ടായിരുന്നു. അതിനിടെയാണ് ജുമുഅയെ കുറിച്ച് ഗൗരവതരമായ വാദപ്രതിവാദം നടന്നത്. നേതൃനിരയില്‍ സലഫികളായിരുന്നത് കൊണ്ട് തങ്ങളുടെ തീവ്രമായ ആശയങ്ങള്‍ക്കനുസരിച്ച് ജുമുഅ നടത്താനുള്ള കുത്സിത നീക്കം അവര്‍ തകൃതിയായി നടത്തി. അവസാനം വ്യത്യസ്ത ആശയ ഗതിക്കാരെ പരിഗണിച്ച് ജുമുഅക്ക് പകരം ളുഹറിലേക്കവര്‍ക്ക് ശരണം പ്രാപിക്കേണ്ടി വന്നു. അതിനിടയില്‍ തൈ്വബ യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രഫസര്‍ കൂടിയായ പണ്ഡിതന്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായി. ശാഫി മദ്ഹബനുസരിച്ച് കാമ്പംഗങ്ങള്‍ മാത്രം കൂടി ജുമുഅ നിസ്‌ക്കരിച്ചാല്‍ ആര്‍ക്കും പ്രശ്‌നമില്ല. എല്ലാ അഭിപ്രായമനുസരിച്ചും യാത്രക്കാരന് ളുഹര്‍ നിസ്‌കരിക്കാന്‍ അവസരമുണ്ട്. മാത്രമല്ല, നമ്മള്‍ നിലകൊള്ളുന്ന നാട് ശാഫി മദ്ഹബ് പിന്‍പറ്റുന്ന നാടാണ്. ഇവയെല്ലാം പരിഗണിച്ച് ളുഹര്‍ നിസ്‌ക്കരിക്കലാണ് ഉത്തമം, അദ്ദേഹം നിരീക്ഷിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയ സമ്മേളത്തിലും ഇത്തരം അനുഭവമുണ്ടായപ്പോള്‍ പരസ്പരം ചളി വാരിയെറിഞ്ഞ മുസ്‌ലിം സമൂഹത്തിനൊരു പാഠമാകേണ്ടതാണ് ഇത്തരം നിരീക്ഷണങ്ങള്‍. ഒരു നാട്ടില്‍ ചെന്ന് അനുഷ്ടാനങ്ങളില്‍ മുഴുകുമ്പോള്‍ പ്രാദേശികതയെ പരിഗണിക്കുകയും സാമൂഹിക പ്രാധാന്യമുള്ള ഒരു തീരുമാനം കൈകൊള്ളുകയുമാണുചിതം. ദാറുല്‍ ഹുദായിലെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ഒരു മാസ്റ്റേഴ്‌സ് ബിരുദം സ്വപ്നം കണ്ടാണ് ഐ.ഐ.യു.എമ്മിലെ ഖുര്‍ആന്‍ ആന്റ് സുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ ചേര്‍ന്നത്. ടെക്സ്റ്റ് കേന്ദ്രീകൃത പഠനമായതു കൊണ്ട് ദാറുല്‍ ഹുദായുടെ കരിക്കുലത്തിലുള്ള അക്കാദമിക പോരായ്മകള്‍ അവര്‍ തിരിച്ചറിഞ്ഞ് ആദ്യം പ്രസ്തുത ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവേശനത്തിന് വിമുഖത കാട്ടി. പിന്നീട് ആറു പ്രീ റിക്വിസിറ്റ് വിഷയങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് എനിക്ക് അഡ്മിഷന്‍ തന്നത്. ഇത്തരം ഒരു അനുഭവം എന്നിലാദ്യം ആശങ്ക ഉയര്‍ത്തിയെങ്കിലും കേരളത്തിലെ പാരമ്പര്യ മുസ്‌ലിംകള്‍ വെച്ചു പുലര്‍ത്തുന്ന അക്കാദമിക നിലവാരം അളന്നെടുക്കാനും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യമുള്ള കേരള മുസ്‌ലിംകളുടെ വിജ്ഞാന സമീപനത്തില്‍ മാറ്റം വേണമെന്ന ചിന്ത എന്നിലുളവാക്കാനുമിടയായി. ഹദീസ് പഠന മേഖലയില്‍ തഖ്‌രീജുല്‍ ഹദീസ് (ഹദീസ് നിര്‍ധാരണം) എന്ന  പേപ്പറായിരുന്നു എനിക്ക് വൈവിധ്യമായി തോന്നിയത്. കാരണം, ഹദീസ് വിജ്ഞാന ശാഖയിലെ ഗണനീയ കിതാബുകളെല്ലാം വായിച്ചോതുന്ന കേരളത്തിലെ പഠന മേഖലയില്‍ ഇത്തരമൊരു രീതി നിലവിലുണ്ടായിരുന്നില്ല എന്നതാണ് എന്റെ ന്യായമായ അനുമാനം. വിവിധ വഴികളില്‍ വന്ന ഒരു ഹദീസിന്റെ സോഴ്‌സും ആധികാരികതയും കണ്ടെത്തുന്ന ഒരു പ്രായോഗിക പഠന രീതിയായിരുന്നു അത്. പുതുക്കിയ ദാറുല്‍ ഹുദായിലെ പഠനപദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ഐ.യു.എമ്മിലെ  മാസ്റ്റേഴ്‌സ് പഠനത്തില്‍ റിസേര്‍ച്ചിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ദാറുല്‍ ഹുദായിലെ യൂനിവേഴ്‌സിറ്റി കരിക്കുലം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ഒറിജിനും സിങ്കപ്പൂര്‍ പൗരനുമായ ഡോ. ഹിക്മത്തുല്ലായുമായുള്ള അടുപ്പം ഗവേഷണയോഗ്യമായ പഠനമനനങ്ങള്‍ക്ക് എന്നെ കൂടുതല്‍ പ്രാപ്തനാക്കി. പാരമ്പര്യ ടെക്സ്റ്റുകളില്‍ അവഗാഹമുള്ള ദാറുല്‍ ഹുദാ സന്തതികള്‍ക്ക്  അത്തരം ടെസ്റ്റുകള്‍ പാശ്ചാത്യന്‍ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യാന്‍ മുന്നിട്ടുവരണമെന്നും പി.എച്ച്.ഡി തിസീസിന് അത്തരം വിഷയങ്ങള്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ഇടക്കിടക്ക് ഉപദേശിക്കാറുണ്ട്. പലപാശ്ചാത്യരും മറ്റും ഇത്തരം ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും അദ്ദേഹം ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ഐ.ഐ.യു.എമ്മിലെ ക്ലാസുകള്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് വേദിയായിരുന്നു. വ്യത്യസ്തമായ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ തങ്ങളുടെ ആശയധാര സ്ഥാപിക്കാനുള്ള ശ്രമങ്ങളെ നിസ്സങ്കോചം നേരിടുന്ന അധ്യാപകര്‍ എനിക്ക് കൗതുകമായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഒരു ക്ലാസില്‍ ഇമാം റാസിയുടെ ഉദ്ധരണികള്‍ എടുത്തിട്ടപ്പോള്‍ തഫ്‌സീര്‍ കശ്ശാഫിന് പ്രാമുഖ്യം നല്‍കുന്ന ഇബ്ബാദിയായ വിദ്യാര്‍ത്ഥി അഴിച്ചു വിട്ട ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഒരുവേള ഞങ്ങള്‍ ഉത്തരം മുട്ടിയത്  എന്റെ പഠനവീഥിയില്‍ കൂടുതല്‍ വെളിച്ചം പകര്‍ന്ന ഒരു സംഗതിയായിരുന്നു. ഇത്തരം അനുഭവങ്ങള്‍ വ്യത്യസ്ത വീക്ഷണക്കാരുടെ വാദമുഖങ്ങള്‍ തിരിച്ചറിയാനും അവര്‍ക്ക് മറുപടി കണ്ടെത്താനുമൊക്കെ എനിക്ക് പ്രചോദകമായി. ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, ഡിബേറ്റ്, പബ്ലിക് സ്പീച്ച് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാമ്പസിനെ അക്കാദമിക രംഗങ്ങള്‍ക്ക് കോപ്പുകൂട്ടി. കേരളക്കാരധികവും ഡിബേറ്റിലും പബ്ലിക് സ്പീച്ചിലുമായിരുന്നു തല്‍പരര്‍. 2013ല്‍ നടത്താനിരുന്ന വേള്‍ഡ് ഡിബേറ്റ് കോംപിറ്റീഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചില സാങ്കേതിക രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. ശബ്ദമുഖരിതമായ വാദകോലാഹലങ്ങള്‍ക്കു പകരം വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഡിബേറ്റ് മലേഷ്യന്‍ പാര്‍ലമെന്റിനെയായിരുന്നു മാതൃകയാക്കിയിരുന്നത്. മലേഷ്യന്‍ കലാലയ ജീവിതം ജോഹര്‍ കേന്ദ്രമായി താമസിക്കുന്ന അനേകം മലയാളി മലായിക്കാരുമായി പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവരുടെ സംസ്‌കാരങ്ങള്‍ അടുത്തറിയാനും എനിക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കടല്‍കടന്നെത്തിയവരുടെ പിന്‍മുറക്കാരായിരുന്നു അവര്‍. ആചാരാനുഷ്ടാനങ്ങളില്‍ കേരളീയതനിമ കണിശമായി പുലര്‍ത്തുന്ന അവര്‍ മലയാളഭാഷ വിസ്മൃതിയിലാവുമോ എന്ന ആശങ്ക വെച്ചുപുലര്‍ത്തുന്നവരും സമസ്തയുടെ സിലബസിലൂടെ ഒരു പരിധിവരെ ഇതിന് പരിഹാരം കണ്ടെത്തുന്നവരുമാണ്. മതവിദ്യാഭ്യാസത്തിന്റെ പ്രാഥമിക അധ്യാപനം നേടുന്നുവെങ്കിലും ഉന്നത കലാലയങ്ങളിലും മറ്റും അവരുടെ സാന്നിധ്യം വളരെ ശുഷ്‌ക്കമായാണ് എനിക്ക് തോന്നുന്നത്. ഈ മദ്‌റസകളിലെല്ലാം മലയാളികളായ അധ്യാപകരെ നിയമിക്കുന്നതിന്നു പിന്നിലെ ചേതോവികാരവും ഇതു തന്നെ. വല്ലപ്പോഴും നമ്മുടെ സമ്മേളന മാമാങ്കങ്ങളില്‍ കൊണ്ടുവന്ന് മുഖ്യാതിഥികളായി എഴുന്നള്ളിപ്പിക്കുന്നതിന് പകരം അവരുടെ വിദ്യാഭ്യാസത്തിന് നമുക്കെന്ത് ചെയ്യാനാവുമെന്ന പുനരാലോചനകള്‍ക്ക് വിധേയമാക്കണം. മലേഷ്യന്‍ ഓര്‍മകള്‍ മുസ്‌ലിം ഉമ്മയുടെ ജീവന്‍ തുടിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ,് അവിടത്തെ ഓരോ മലയാളി വിദ്യാര്‍ത്ഥിക്കും. പാരമ്പര്യ ഇസ്‌ലാമിന്റെ ചിട്ടാവട്ടത്തില്‍ നിന്നും രൂപപ്പെടുത്തുന്ന ഇസ്‌ലാമിക വൈജ്ഞാനികതയുടെ എത്രയോ ഫര്‍ലോംഗുകള്‍ക്ക് മുന്നില്‍ നടക്കുന്ന ഇസ്‌ലാമിക വിജ്ഞാനത്തിന്റെ അടയാളങ്ങള്‍ കൂടിയാണ് ഐ.ഐ.യു.എമ്മിന്റെ ഓരോ ഭിത്തികളും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter