കൊറോണ വൈറസ് : വിശ്വാസി ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ
പുതിയ കൊറോണ വൈറസായ കോവിഡ്19 ഒട്ടേറെ രാജ്യങ്ങളിൽ വ്യാപിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. രോഗങ്ങളും പകർച്ചവ്യാധികളും മറ്റു ദുരന്തങ്ങളും ഭൌതിക ജീവിതത്തിന് ദൈവം നിശ്ചയിച്ച ക്രമത്തിന്റെ ഭാഗമാണ്. ഒരു പ്രയാസങ്ങളുമില്ലാത്ത ഒരു ഭൌതിക ജീവിതം ദൈവം വാഗ്ദാനം നല്കിയിട്ടില്ല. ഈ ലോകത്തിന് അല്ലാഹു നിശ്ചയിച്ച ദൈവിക ക്രമത്തിന്റെ സ്വാഭാവിക നടപടികളാണ് ഇത്തരം പരീക്ഷണങ്ങളും ശിക്ഷയുംശിക്ഷണവും.
ഏത് കാര്യവും ദൈവിക ഇടപെടലുകളിലൂടെ മാത്രമാണ് നടക്കുന്നത് രോഗവും രോഗപകർച്ചയും അങ്ങനെ തന്നെ.
എന്നാൽ അത്തരം അവസരങ്ങളിൽ ഒരു വിശ്വാസി എങ്ങനെ പെരുമാറണമെന്ന് മതാധ്യാപനനങ്ങളിൽ നിന്നു വ്യക്തമാണ്.
- യാത്ര നിയന്ത്രണം
ഏതെങ്കിലും സ്ഥലത്ത് പകർച്ച വ്യാധികൾ പിടിപെട്ടാൽ പുറത്ത്നിന്നുള്ളവർ ആ സ്ഥലത്തേക്കും അവിടെയുള്ളവർ പുറത്തേക്കും അത്യാവശ്യ കാര്യങ്ങൾക്ക് ഒഴികെ യാത്രകൾ ഒഴിവാക്കുന്നതാണ് ഉത്തമം.
ഉസാമ ബിൻ സൈദ് (റ) പ്രവാചാകനിൽ നിന്നു റിപ്പോര്ട്ട് ചെയ്യുന്നു: “ഒരു നാട്ടിൽ പ്ലേഗ് പിടിപെട്ടതായി നിങ്ങൾ അറിഞ്ഞാൽ അവിടെ നിങ്ങൾ പ്രവേശിക്കരുത്. നിങ്ങളുള്ള നാട്ടിൽ അത് പിടിപ്പെട്ടാൽ അവിടെ നിന്നു നിങ്ങൾ പുറത്തുപോവുകയും ചെയ്യരുത്”. (ബുഖാരി, മുസ്‍ലിം)
പ്ലേഗ് പിടിപെട്ട നാട്ടിലേക്ക് പോകുന്നതും അവിടെനിന്നു പേടിച്ചു പുറത്തുപോവുന്നതും പൂർണ്ണമായും നിഷിദ്ധമാണെന്ന് പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സമാന മറ്റു രോഗങ്ങൾക്ക് ഈ നിയമം ബാധകമല്ലെന്നാണ് പ്രബല അഭിപ്രായമെങ്കിലും വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മ കണക്കിലെടുത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
2.വ്യക്തി ശുദ്ധി
ശാരീരിക ശുദ്ധിയും വൃത്തിയും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എപ്പോഴും വളരെ പ്രധാനമാണ്. ‘ശുദ്ധി വിശ്വാസത്തിന്റെ പകുതി’ (മുസ്‍ലിം) യെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. “അല്ലാഹു പശ്ചാതപിക്കുന്നവരെയും ശുദ്ധിയുള്ളവരെയും ഇഷ്ടപ്പെടുന്നു” (അൽ-ബഖറ 222) ഖുർആൻ പറയുന്നു.
ശുദ്ധിയുടെ പ്രധാന ഭാഗമാണ് വുദു അല്ലെങ്കിൽ അംഗസ്നാനം. മുഖം, മൂക്ക്, വായ, കണ്ണുകൾ, ചെവി, കൈ, കാൽ പാദങ്ങൾ ഉൾപ്പെടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ കാണപ്പെടുന്ന എല്ലാ അവയവങ്ങളും പൂർണ്ണമായ ഒരു വുദു ചെയ്യുമ്പോൾ ശുദ്ധിയാക്കപ്പെടുന്നു. എപ്പോഴും വുദു ഉണ്ടായിരിക്കുന്നത് മുഹമ്മദ് നബി (സ) ഏറെ പ്രോത്സാഹിപ്പിച്ച കാര്യമാണ്. വ്യക്തി ശുദ്ധിക്ക് പുറമെ ദൈവിക സംതൃപ്തിയും അതു വഴി ലഭ്യമാവുന്നു. കൂടെക്കൂടെ പല്ലുകളും വായയും വൃത്തിയാക്കണമെന്നതും തിരു ഉപദേശമാണ്.
നബി (ﷺ) പറഞ്ഞു: ആരെങ്കിലും കൈയിൽ അഴുക്കുമായി കഴുകി കളയാതെ രാത്രി കഴിച്ചുകൂട്ടുന്ന പക്ഷം, അയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാൽ അയാൾ സ്വയം കുറ്റപ്പെടുത്തിക്കൊള്ളട്ടെ. (അബൂദാവൂദ്)
3.പാർപ്പിടം, വസ്ത്രം, ഭക്ഷണം
ആരോഗ്യദായകവും വൃത്തിയുള്ളതുമായ ഭക്ഷണം മാത്രം കഴിക്കുക, കഴിക്കുന്നതിന് മുമ്പും കഴിച്ചതിനു ശേഷവും കൈകളും വായയും കഴുകി വൃത്തിയാക്കുക, വൃത്തിയായ വസ്ത്രം ധരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഖുർആൻ - പ്രവാചക അധ്യാപനങ്ങളിൽ ഏറെ ശ്രദ്ധേയമാണ്.
ഖുർആൻ പറഞ്ഞു ‘നിങ്ങള്‍ക്കു നാം നല്‍കിയ നല്ല ആഹാരത്തില്‍ നിന്നു ഭക്ഷിച്ചുകൊള്ളുക” (സൂറതുത്വാഹാ – 81)
അഴുക്ക് നിറഞ്ഞ വസ്ത്രം ധരിച്ചയാളോട് പ്രവാചകൻ ചോദിച്ചു. “ഈ വ്യക്തിക്ക് വസ്ത്രം വൃത്തിയാക്കാൻ ഒന്നും കിട്ടിയില്ലേ?” (അഹ്മദ് – നസാഇ)
വീടിന്റെ മുറ്റവും പള്ളികളും വൃത്തിയായി സൂക്ഷിക്കണമെന്ന് പറയുന്ന തിരുവചനങ്ങളും ഏറെയുണ്ട്.
4.പൊതു സ്ഥലങ്ങളിൽ പുലർത്തേണ്ട മര്യാദ
മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളിൽപൊതുഇടങ്ങളിൽ ഏർപ്പെടരുതെന്നത് ഒട്ടേറെ പ്രവാചക വചനങ്ങൾ ഉണർത്തുന്നു. ഉള്ളികഴിച്ചു പള്ളിയിൽ വരുന്നതിനെ നബി (സ) വിലക്കി (മുസ്‍ലിം). ജനങ്ങൾ ഒരുമിച്ചു കൂടുന്നിടത്ത് വ്യക്തിയുടെ സ്വാതന്ത്ര്യത്തേക്കാൾ പൊതുനന്മക്കാണ് പ്രവാചകൻ മുൻഗണന നല്കിയത്.
ദൈവദൂതർ (ﷺ) പറഞ്ഞു: ദൈവിക ശാപമേൽക്കുന്ന മൂന്ന് കാര്യങ്ങളിൽ നിങ്ങൾ ജാഗ്രത പാലിക്കുക: ജല ഉറവിടങ്ങളിലും വഴിവക്കുകളിലും തണൽ മരച്ചുവട്ടിലും വിസർജ്ജിക്കരുത്. (അബൂ ദാവൂദ്)
മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ തുമ്മുക, ചുമയ്ക്കുക, തുപ്പുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാന്‍ പാടില്ല.
ദൈവദൂതർ (ﷺ) പറഞ്ഞു: എന്റെ ജനത്തിന്റെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ എന്റെ മുമ്പാകെ അവതരിപ്പിക്കപ്പെട്ടു, അവരുടെ സൽപ്രവൃത്തികൾക്കിടയിൽ പൊതുവഴികളിൽ നിന്ന് ഉപദ്രവകാരമായ വസ്തുക്കൾ നീക്കംചെയ്യുന്നത് ഞാൻ കണ്ടു. അവരുടെ ദുഷ്പ്രവൃത്തികൾ ഞാൻ കണ്ടത് പള്ളിയിൽ മറയ്ക്കാതെ കിടക്കുന്ന കഫവും തുപ്പലുമാണ്. (മുസ്ലിം)
സാധാരണ അവസരങ്ങളിൽ പോലും പൊതുയിടങ്ങളിൽ ഇത്രയും സൂക്ഷ്മത പുലർത്താൻ ബാധ്യസ്ഥനായ വിശ്വാസി അപകടകരമായ വൈറസുകൾ വ്യാപിക്കുമ്പോൾ എങ്ങനെ പെരുമാറണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
5.പ്രതിരോധ കുത്തിവെയ്പ്
നിലവിൽ കോവിഡ് -19 എതിരെ വാക്സിനുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ സമാനമായ മറ്റു പല അസുഖങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്.
അത്തരം കുത്തിവെയ്പ്കൾ വിശ്വാസികൾ സ്വീകരിക്കാവുന്നതും സ്വീകരിക്കേണ്ടതുമാണ്. അത് വിശ്വാസത്തിനെതിരല്ല.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "എല്ലാ ദിവസവും രാവിലെ ഒരാൾ ഏഴ് അജ്‌വ ഈത്തപ്പഴം കഴിച്ചാൽ, അവ ഭക്ഷിക്കുന്ന ദിവസം വിഷമോ ആഭിചാരമോ അവനെ ബാധിക്കില്ല." (ബുഖാരി).
പ്രവാചകൻ പറഞ്ഞു "നിങ്ങൾ കരിഞ്ചീരകം ഉപയോഗിക്കുക. കാരണം, മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കും ഇതിൽ പരിഹാരമുണ്ട്". (തിർമിദി) വിവിധ തരത്തിലുള്ള രോഗ പ്രതിരോധങ്ങളെക്കുറിച്ചാണ് പ്രവാചകൻ ഇവിടെ പറയുന്നത്.
6.രോഗം വന്നാൽ ചികത്സ തേടുക
രോഗം വന്നാൽ വിദഗ്ദരായ ഡോക്ടർമാരെ സമീപിച്ചു ചികിത്സ തേടുകയും അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
അല്ലാഹുവിന്റെ റസൂലിൻറെ കാലത്ത് ഒരാൾക്ക് മുറിവേൽക്കുകയും മുറിവിൽ രക്തം ഒഴുകുകയും ചെയ്തു. ബനൂ അമ്മാർ ഗോത്രത്തിൽ നിന്നുള്ള രണ്ടുപേരെ പരിശോധിക്കാനായി വിളിച്ചു. അവർ അത് പരിശോധിക്കുകയും ചെയ്തു. അല്ലാഹുവിന്റെ റസൂൽ അവരോട് ചോദിച്ചു: നിങ്ങളിൽ ആരാണ് മികച്ച ഡോക്ടർ?അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, വൈദ്യത്തിൽ എന്തെങ്കിലും ഗുണം ഉണ്ടോ? അല്ലാഹുവിന്റെ റസൂൽ പ്രതിവചിച്ചു, "രോഗം ഇറക്കിയവൻ തന്നെ പ്രതിവിധിയും ഇറക്കിയിട്ടുണ്ട്." (മുവത്വ)
ചികിത്സയില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല (ബുഖാരി) എന്നും മറ്റൊരു തിരുവചനത്തിൽ കാണാം.
7.രോഗിയുമായി രോഗമില്ലാത്തവർ ഇടപെടുന്നത് ഒഴിവാക്കുക.
പരസ്പര സമ്പർക്കത്തിലൂടെ പരക്കുമെന്ന് ഭയക്കുമെന്ന രോഗമുള്ളവരുമായി രോഗമില്ലാത്തവർ ഇടപെടുന്നത് ഒഴിവാക്കേണ്ടതാണ്.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു “രോഗിയായ ഒട്ടകങ്ങളെ രോഗമില്ലാത്തവയോടൊപ്പം മേയാനോ കുടിക്കാനോ അനുവദിക്കരുത്.” (ഇബ്നു മാജ)
ദൈവിക ഇടപെടലില്ലാതെ പകർച്ചവ്യാധി പിടിപെടില്ലെന്ന അർഥം വരുന്ന ഹദീസിനൊപ്പം തന്നെ രോഗമുള്ളവയെ രോഗമില്ലാത്തവക്കൊപ്പം ഇടപെടാന്‍ അനുവദിക്കരുതെന്ന തിരുവചനവും അബൂ ഹുറൈറ (റ) ഉദ്ധരിക്കാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‍ലിംറിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വ്യക്തമാക്കുന്നു.
കൊറോണവൈറസ് പോലുള്ളവ ബാധിച്ചവരെയും അത് ബാധിച്ചുവെന്ന് സംശയിക്കുന്നവരെയും പ്രത്യേക ഐസലേഷൻ വാർഡുകളിലാക്കി മെഡിക്കൽ ക്വാറന്റൈൻ (medical quarantine) ഏർപ്പെടുത്തുമ്പോൾ അത് അനുസരിക്കാൻ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ദൈവദൂതരായ പ്രവാചകൻ മുഹമ്മദ് നബി (സ) സമൂഹത്തെ ഉദ്ബോധിപ്പിച്ചുവെന്നതാണ് മേൽ സൂചിപ്പിച്ച ഹദീസുകൾ വ്യക്തമാക്കുന്നത്.
8.രോഗി ക്ഷമയോടെ രോഗത്തെ നേരിടുക.
എല്ലാത്തരം രോഗങ്ങളും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളാണ്. അത് ക്ഷമയോടെ നേരിട്ടാൽ വലിയ പ്രതിഫലമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്.
ഖുർആൻ പറയുന്നു
“അല്‍പമൊരുഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ളകുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. ക്ഷമാശീലന്മാര്‍ക്ക്താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്നവരാണവര്‍. (അൽ-ബഖറ 155 -156)
ഒരു അസുഖം വന്നത് കൊണ്ട് മാത്രം ആരും മരിക്കുകയില്ല. ദൈവം നിശ്ചയിച്ച അവധി വരുമ്പോൾ മാത്രമേ മരണം സംഭവിക്കുകയുള്ളൂ എന്ന ഉറപ്പ് നമുക്ക് ഉണ്ടാകണം. ഒരു അസുഖവും ഇല്ലാതെ ഒരു നിമിഷ നേരം കൊണ്ട് മരണത്തെ പുൽകിയ എത്രയോ കഥകൾ നാം കേട്ടിട്ടുണ്ട്. മരിച്ചുവെന്നു ഉറപ്പിച്ചിടത്ത് നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നവരെയും നമുക്ക് അറിയാം.
അത്കൊണ്ട് തന്നെ രോഗത്തിൽ പരിഭ്രാന്തിപ്പെടാതെ അതിനെ ക്ഷമയോടെ നേരിടുക.
രോഗങ്ങൾ വിശ്വാസിയുടെ പാപങ്ങൾ പൊറുക്കുന്നതിനും അവന് പാരാത്രിക ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കുന്നതിനും വഴി തുറക്കുമെന്ന് ഒട്ടേറെ ഹദീസുകളുണ്ട്.
"ഒരു വിശ്വാസിക്കുണ്ടാകുന്ന അസ്വസ്ഥത, രോഗം, ഉത്കണ്ഠ, ദു:ഖം, ആശങ്ക, വിഷമം തുടങ്ങി അവനേൽക്കുന്ന ഒരു മുള്ളിന് പോലും പ്രതിഫലമായി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും." (ബുഖാരി).
ഇത്തരത്തിൽ അപകടകരമായ അസുഖങ്ങളിൽ മരിക്കുന്നവർക്ക് രക്തസാക്ഷിയുടെ പ്രതിഫലമാണ് ദൈവിക വാഗ്ദാനം.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: രക്തസാക്ഷികൾ അഞ്ച് തരത്തിലുള്ളവരാണ്: പ്ലേഗ് ബാധിച്ച് മരിക്കുന്നയാൾ, വയറിനുണ്ടാകുന്ന അസുഖംമൂലം മരിക്കുന്നയാൾ, മുങ്ങിമരിച്ചയാൾ; കെട്ടിടങ്ങളോ മറ്റോ തകര്ന്നു വീണ് മരിക്കുന്നയാൾ, അല്ലാഹുവിൻറെ മാർഗത്തിൽ ധർമ്മ സമരത്തിൽ മരിക്കുന്നവൻ.
9.ദാന ധർമ്മത്തിലൂടെ ചികിത്സിക്കുക
തിരുനബി (സ) പഠിപ്പിച്ച മാനവികവും ആത്മീയവുമായ ഒരു ചികിത്സാ രീതിയാണ് ദാന ചികിത്സ. ആവശ്യക്കാരന് തന്റെ ധനത്തിൽ നിന്നു ദാനം നല്കുകകയും അതിലൂടെ രോഗ മുക്തിക്കായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യുക.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ രോഗികളെ ദാനധർമ്മത്തിലൂടെ ചികിത്സിക്കുക” (തിർമിദി)
താബിഉകളിൽ പ്രമുഖനായ അബ്ദുല്ലാഹ് ബിൻ മുബാറകിനോട് എഴുവർഷമായി തന്നെ അലട്ടുന്ന ഒരു അസുഖത്തെ കുറിച്ച് ഒരാൾ സൂചിപ്പിച്ചപ്പോൾ ജനങ്ങൾക്ക് ആവശ്യമുള്ളിടത്തു ഒരു കിണർ കുഴിക്കാന്‍ അയാളോട് പറഞ്ഞു. അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ഒരു കിണർ കുഴിക്കുകയും അതോടെ അയാളുടെ അസുഖം ഭേദമാകുകയും ചെയ്ത ചരിത്ര സംഭവം ഇമാം ബൈഹഖി ഉദ്ധരിക്കുന്നു. വിശ്വാസികൾ അല്ലാത്തവർക്ക് പോലും ദാന ധർമ്മം ചെയ്യുന്നതിലൂടെ രോഗമുക്തി സാധ്യമാണെന്ന് ഇബ്നു ഖയ്യിം രേഖപ്പെടുത്തുന്നു.
10.പ്രാർഥന – വിശ്വാസിയുടെ ആയുധം.
മനുഷ്യനും നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ആരോഗ്യം. അതിനു വേണ്ടി എപ്പോഴും പ്രാർത്ഥിക്കാന്‍ നമ്മോടു പ്രവാചകൻ കല്പിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു : നിങ്ങൾ അല്ലാഹുവിനോട് വിശ്വാസദാർഢ്യവും ആരോഗ്യവും ചോദിക്കുക. വിശ്വാസദാർഢ്യം കഴിഞ്ഞാൽ ആരോഗ്യത്തെക്കാൾ വലിയൊരു അനുഗ്രഹവും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല. അത് രണ്ടും നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക.
(അഹ്മദ്)
പ്രവാചകൻ (ﷺ) പ്രാർഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത്മറ്റു മോശമായ രോഗങ്ങളിൽ നിന്നു ഞാൻ നിന്നിൽ അഭയം തേടുന്നു." (അബൂ ദാവൂദ്)
"പ്രാർഥനയല്ലാതെ മറ്റൊന്നും ദൈവിക വിധിയിൽ മാറ്റം വരുത്തുകയില്ല” (തിർമിദി) എന്ന പ്രവാചക വചനവും ഇവിടെ പ്രസക്തമാണ്.
ഒരു വിശ്വാസിയെ എപ്പോഴും നയിക്കുന്നത് ഇബ്രാഹിം നബിയുടെ വാക്കുകളാവട്ടെ.
Leave A Comment