സിറിയൻ യുദ്ധം: 120 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് തുർക്കി
അങ്കാറ: വടക്കൻ സിറിയയിൽ 20 കിലോമീറ്റർ വിസ്തൃതിയുള്ള സുരക്ഷിത മേഖല സ്ഥാപിക്കാനായി തുർക്കിയുടെ ഓപ്പറേഷൻ പീസ് സ്പ്രിംഗ് 120 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കുന്നതായി തുർക്കി അറിയിച്ചു. മേഖലയിലുള്ള വൈ.പി.ജി തീവ്രവാദികൾക്ക് പൂർണമായും പ്രദേശം വിട്ടുപോകാനുള്ള സാവകാശമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. യുഎസ് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരടങ്ങിയ അമേരിക്കയുടെ പ്രതിനിധി സംഘം തുർക്കിയിലെത്തി സൈനിക നടപടിയെക്കുറിച്ച് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് തുർക്കിയുടെ പ്രഖ്യാപനം. തുർക്കി നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യുഎൻ ഫ്രാൻസ്, യുകെ, തുടങ്ങിയ രാജ്യങ്ങളെല്ലാം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഎസ് സംഘം നേരിട്ട് തുർക്കിയിലെത്തി ചർച്ച നടത്തിയത്. നേരത്തെ അമേരിക്കയുടെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന വടക്കൻ സിറിയയിൽനിന്ന് തുർക്കിയുടെ ആക്രമണത്തിനു തൊട്ടുമുൻപ് സൈനികർ പിൻവാങ്ങുകയായിരുന്നു. തുർക്കി ആക്രമണം തുടങ്ങിയതിനു പിന്നാലെ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്ത് വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter