സിഎഎ വിരുദ്ധ സമരക്കാരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുന്നതായി പരാതി
ന്യൂഡൽഹി: ഇന്ത്യയിലുടനീളം കൊറോണ വ്യാപനം തടയാൻ ലോക് ഡൗൺ അതി കർശനമായി നടപ്പിലാക്കുന്നതിനിടെ ഡൽഹിയിലെ വർഗീയ കലാപത്തിൽ പ്രതി ചേർത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത് വിവാദമാവുന്നു. ഉമർ ഖാലിദ്, മീരാൻ ഹൈദർ, മുഹമ്മദ് അമീർ മിന്റൂ, സഫൂറ സർക്കാർ തുടങ്ങിയവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ വടക്കു കിഴക്കൻ ഡൽഹിയിൽ നിന്ന് നിരവധി മുസ്‌ലിം യുവാക്കളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

ഇതിൽ ആശങ്ക രേഖപ്പെടുത്തി ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മാർച്ച് ആദ്യ വാരത്തിൽ ഡൽഹി പൊലീസ് കമ്മീഷണർ എസ് ശ്രീവാസ്തവ കത്തെഴുതിയിരുന്നു. ഓരോ ദിവസവും പോലീസ് നിരവധി മുസ്‌ലിം ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കമ്മീഷൻ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ലോക് ഡൗൺ കാലയളവിൽ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് നിരവധി പേരെയാണ് നരകയാതനയിൽ തള്ളിവിടുന്നത്. ലോക് ഡൗൺ കാരണമായി അറസ്റ്റിനെതിരെ വിമർശനം ഉന്നയിക്കാനും ആർക്കും സാധിക്കുന്നില്ല.

എന്നാൽ ഈ അറസ്റ്റുകളിൽ ആശങ്ക പ്രകടിപ്പിച്ച് സിഎഎ വിരുദ്ധ സമര നായകൻ ഷഹീൻ അബ്ദുല്ല സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ്, 'പോലീസ് ഇത്രമാത്രം മോശമായാണ് പെരുമാറുന്നതെങ്കിൽ ഞങ്ങൾ റോഡിലേക്ക് കടന്നുവരാൻ തയ്യാറാണ്'. പോലീസ് സ്വീകരിക്കുന്ന നിലപാടിനെതിരെ നിരവധി സംഘടനകളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ അധ്യാപക സംഘടനകൾ വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

അറസ്റ്റിനെതിരെ രാജ്യസഭാ എംപി മനോജ് ജായും കടുത്ത വാക്കുകളിൽ വിമർശിച്ചിട്ടുണ്ട്. യുവാക്കളിൽ നിന്ന് വിരുദ്ധ ശബ്ദങ്ങൾ ഉയരുന്നതാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ തെറ്റെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter