182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ ( വ്യാഴം) തുടക്കം: ഓൺലൈൻ വഴി തത്സമയ സംപ്രേഷണം
നാളെ സിയാറത്ത്, കൊടികയറ്റം, മമ്പുറം സ്വലാത്ത് എന്നിവ നടക്കും. മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി കൊടികയറ്റം നടത്തും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് സദസ്സിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 21-ന് വെള്ളിയാഴ്ച രാത്രി നടക്കുന്ന മജ്ലിസുന്നൂര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ മതപ്രഭാഷണങ്ങള്‍ നടക്കും. 22-ന് ശനിയാഴ്ച രാത്രി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 23-ന് ഞായര്‍ രാത്രി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. 24-ന് അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തുന്ന പരിപാടി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25-ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും. 27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും. നേര്‍ച്ച ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ മൗലിദ് ചടങ്ങും നടക്കും. മമ്പുറം തങ്ങളുടെ ജീവിതം, ചരിത്രം, മഖാമിന്റെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന വിവിധ ഭാഷകളിലുള്ള മഖാം വെബ്‌സൈറ്റ് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച ലോഞ്ച് ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Leave A Comment