വെസ്റ്റ് ബാങ്ക് അധിനിവേശ പ്ലാനും ഏശുന്നില്ല:  നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട്  കനത്ത പ്രതിഷേധം
ടെല്‍ അവീവ്: അഴിമതിക്കേസിൽ അന്വേഷണം നടക്കുന്നതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന് പ്രഖ്യാപിച്ച് ജനസ്വാധീനം ഉറപ്പിക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമം പരാജയമാണെന്ന് തെളിയിച്ച് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇസ്രായേലിൽ കനത്ത പ്രതിഷേധ പ്രകടനം.

കൊവിഡ് കാലത്തെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നത്. ടെല്‍ അവീവിലും ജറുസലേമിലും ഒരേസമയം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു.

അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നതാണ് പ്രക്ഷോഭകരുടെ അതാണ് ആവശ്യം. കൊവിഡ് മഹാമാരിയുടെ മറവില്‍ നടത്തുന്ന സാമ്പത്തിക നയങ്ങളെ അതിനിശിതമായാണ് പ്രക്ഷോഭകർ വിമർശിക്കുന്നത്. രണ്ട് നഗരങ്ങളിലും പോലിസ് നിര്‍ദേശിച്ച പ്രദേശങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചെങ്കിലും പിന്നീട് തെരുവുകളിലേക്ക് അത് വ്യാപിക്കുകയായിരുന്നു. നഗരങ്ങളിലേക്ക് കടന്ന പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഏറ്റുമുട്ടലിന് പിന്നാലെ15 പ്രതിഷേധക്കാര്‍ ജറുസലേമിലും 13 പേര്‍ ടെല്‍ അവീവിലും അറസ്റ്റിലായി.

തലസ്ഥാന ന​ഗരിയായ ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തും പ്രതിഷേധ വലയം സൃഷ്ടിച്ചു. അവിടെ തടിച്ചുകൂടിയ വലിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. നെതന്യാഹു വിരുദ്ധ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം അരങ്ങേറിയത്. ഭൂരിഭാ​ഗം യുവാക്കൾ പങ്കെടുത്ത പ്രക്ഷോഭത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് സേന ജലപീരങ്കികള്‍ ഉപയോഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter