തോറ്റുകൊടുക്കുമ്പോഴാണ് കുടുംബം ജയിക്കുന്നത്

kidsവരാന്തയില്‍നിന്ന് അടുക്കള ഭാഗത്തേക്ക് നടന്നുവന്ന ഉപ്പയുടെ കാല് അറിയാതെ തട്ടി വാതില്‍പടിയിലിരുന്ന വെള്ളമുള്ള കിണ്ടി മറിഞ്ഞുവീണു. നിലത്താകെ വെള്ളമായി. ഉടനെ ഉപ്പയുടെ ശബ്ദമുയര്‍ന്നു, ആരാണ് ഈ കിണ്ടി കൊണ്ടുവന്ന് ഇവിടെ പണ്ടാറടക്കിയത്. ഇവിടെയാണോ ഇതെല്ലാം വേക്കേണ്ടത്.

ഉമ്മയായിരുന്നു അത് അവിടെ വെച്ച് എടുക്കാന്‍ മറന്നുപോയത്. അത് പുറത്തെ കുളിമുറിയില്‍ കൊണ്ടുവെക്കാനായി പോയതായിരുന്നു. അപ്പോഴാണ്, അടുപ്പത്തുള്ള ചോറിനെ കുറിച്ചോര്‍ത്തതും വേവ് ഏറിയോ എന്ന ഭയത്തില്‍ കിണ്ടി താഴെ വെച്ച് അടുക്കളയിലേക്ക് ഓടിയതും.

ഉപ്പയുടെ ശബ്ദം കേട്ട ഉമ്മയും വിട്ടുകൊടുത്തില്ല. ഉടനെ പ്രതികരിച്ചു, എന്താ മുഖത്ത് കണ്ണില്ലേ, നോക്കി നടന്നുകൂടേ. നിങ്ങള്‍ക്കൊക്കെ അങ്ങ് മറിച്ചിട്ട് പോയാല്‍ മതി. ഇനി അതും ഞാന്‍ തന്നെ വേണം വൃത്തിയാക്കാന്‍.

പിന്നെയങ്ങോട്ട് പരസ്പരം പഴി ചാരലിന്‍റെയും തര്‍ക്കവിതര്‍ക്കങ്ങളുടെയും നിമിഷങ്ങളായിരുന്നു. പരസ്പരം പിണങ്ങി രണ്ട് ദിവസം മിണ്ടാതെ നടക്കുക വരെ ചെയ്തു അതിന്റെ പേരില്‍. ഇതെല്ലാം കണ്ട മക്കള്‍ ഒന്നും അറിയാത്ത മട്ടില്‍ ആ ദിവസങ്ങള്‍ നീക്കി. കാരണം, അവര്‍ക്ക് ഇതൊരു പതിവായിക്കഴിഞ്ഞിരുന്നു. പലപ്പോഴും നാം അഭിമുഖീകരിക്കുന്നതാണ് മേല്‍പറഞ്ഞ വിധമുള്ള രംഗങ്ങള്‍. വിവാഹം എന്നത് മരണം വരെ നീണ്ട് നില്‍ക്കുന്ന ഒരു ഉടമ്പടിയുടെ തുടക്കമാണ്. പരസ്പരം അതുവരെ അറിഞ്ഞിട്ടില്ലാത്ത രണ്ട് പേരാണ് അവിടം മുതല്‍ ഒന്നായി ജീവിക്കുന്നത്. സ്വാഭാവികമായും താല്‍പര്യങ്ങളും സ്വഭാവരീതികളും പെരുമാറ്റസമ്പ്രദായങ്ങളുമൊക്കെ വ്യത്യസ്തമാവും. അത് കൊണ്ട് തന്നെ അസ്വാരസ്യങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാകാതിരിക്കില്ല. എന്നാല്‍ മിക്കപ്പോഴും അനാവശ്യമായ കാര്യങ്ങളുടെ പേരിലാണ് നമ്മുടെ പിണക്കങ്ങളിലധികവും എന്നതാണ് വസ്തുത. ഒന്ന് മനസ്സിരുത്തിയാല്‍ രമ്യമായി കൈകാര്യം ചെയ്യാവുന്നതാണ് പല രംഗങ്ങളും. മേല്‍പറഞ്ഞ രംഗം തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. ഓഹ്, ഞാന്‍ വേറെ ഏതോ ചിന്തയിലായിരുന്നു, അറിയാതെ തട്ടിപ്പോയി, ആ ശീല ഇങ്ങെടുത്തേ, ഞാന്‍ വൃത്തിയാക്കിത്തരാം. കാല് തട്ടി കിണ്ടി താഴെ വീണ നേരം ഉപ്പയുടെ പ്രതികരണം ഇങ്ങനെയായിരുന്നെങ്കിലെന്ന് ഒന്ന് ആലോചിച്ചുനോക്കൂ. എങ്കില്‍ പിന്നീട് അവിടെ നടക്കുന്നത് തീര്‍ത്തും വ്യത്യസ്തമായൊരു രംഗമായിരിക്കും. ഇത് കേള്‍ക്കുന്ന പാടെ ഉമ്മ പറയും, ഓഹ്, ഞാനും അത് അവിടെ നിന്ന് എടുത്ത് വെക്കാന്‍ മറന്നുപോയി, എന്‍റെ ജോലി കഴിഞ്ഞ് ഞാന്‍ വൃത്തിയാക്കിക്കൊള്ളാം. ഒരു പ്രശ്നവുമില്ലാതെ വളരെ സുന്ദരമായി ആ രംഗം കൈകാര്യം ചെയ്യപ്പെടുമായിരുന്നു എന്ന് മാത്രമല്ല, അത് അവര്‍ക്കിടയിലെ സ്നേഹം വര്‍ദ്ധിക്കാന്‍ കൂടി കാരണമാവുമായിരുന്നു. അത്തരം സുന്ദരമായ ജീവിത രംഗങ്ങള്‍ കണ്ട് വളരുന്ന മക്കളും എത്ര നല്ലവരായിട്ടായിരിക്കും വളരുക. കുടുംബ ജീവിതത്തില്‍ തര്‍ക്കങ്ങളിലൂടെയും വാക്പയറ്റുകളിലൂടെയും മേല്‍ക്കൈ നേടുന്നതിന് പകരം കുറ്റം സ്വയം സമ്മതിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനുമായിരിക്കണം നാം ശ്രമിക്കേണ്ടത്. തര്‍ക്കിച്ചും കുറ്റപ്പെടുത്തിയും നേടുന്ന വിജയം കുടുംബജീവിതത്തില്‍ യഥാര്‍ത്ഥ പരാജയമാണെന്നും സ്വയം കുറ്റം ഏറ്റെടുക്കുന്നതും തോറ്റു കൊടുക്കുന്നതുമാണ് കുടുംബജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്നും പലരും ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter