രാഷ്ട്രീയക്കാരെയും തിരുത്തേണ്ടത് മതപണ്ഡിതര്‍ തന്നെ
ഒന്ന്: 07-12-1974 ന് സമസ്ത ഓഫീസിൽ നടന്ന മുശാവറയുടെ തീരുമാനം.
1: മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്റാഹീം സുലൈമാൻ സേഠ് സാഹിബിന്റെ വിവാദ പ്രസ്താവനയെ സംബന്ധിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോട് ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് തീരുമാനിച്ചു.
രണ്ട്: 06-3 - 1975 ന് കെകെ അബൂബക്കർ ഹസ്രത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുശാവറ തീരുമാനം .
1: ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കാലത്ത് മാറ്റി നിർത്തപ്പെട്ടതും അനിസ്ലാമിക പ്രവണതകൾ വഴി ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം ഇ എസുമായി സഹകരിക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കളോട് പ്രത്യേകിച്ചും മുസ്‌ലിം പൊതുജനങ്ങളോട് മൊത്തത്തിലും ഈ യോഗം അഭ്യർത്ഥിച്ചു കൊള്ളുന്നു .
മൂന്ന്: 07-10 - 1979 ന് ചേർന്ന മുശാവറ തീരുമാനം .
1: സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ടീയ നേതാക്കളെ കണ്ട് അടുത്ത തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ലിം പ്രതിനിധികളായി സുന്നികളല്ലാത്തവരെ നിർത്തരുതെന്ന് ഉണർത്താൻ തീരുമാനിച്ചു .
( സമസ്ത: പ്രമേയങ്ങൾ ,തീരുമാനങ്ങൾ എന്ന മിനുട്സിൽ നിന്നും )
ഇവിടെ ഇതുദ്ധരിച്ചത് ഇത്ര പറയാൻ വേണ്ടി മാത്രമാണ്, മതപരമായി സമസ്ത പിന്തുടരുന്ന വിശ്വാസ- കർമ്മധാരക്കെതിരായ നീക്കങ്ങൾക്കും ഇസ്ലാമിക വിരുദ്ധമായ പൊതുവായ നീക്കങ്ങൾക്കുമെതിരെ സമസ്ത അതിന്റെ വൃത്ത പരിസരങ്ങളെ ബോധവൽക്കരിച്ചിരുന്നു , തിരുത്തിയിരുന്നു. കാരണം സമസ്തയുടെ രൂപീകരണ ലക്ഷ്യങ്ങളിലൊന്ന് അത് തന്നെയായിരുന്നു .
പ്രയോഗപഥത്തിൽ സമസ്തയും മുസ്ലിം ലീഗും തമ്മിൽ നിലനിന്ന ഗുണപരമായ സമ്പർക്കത്തിന് കോട്ടം തട്ടാത്ത നിലയിലാകാൻ വേണ്ടി , അത്തരം തിരുത്തലുകളുടെ ആഖ്യാനശൈലിയിൽ ബദ്ധശ്രദ്ധ നടന്നിരുന്നു. പണ്ഡിതന്മാരുടെ ഉപദേശങ്ങളെ സുമനസ്സാ ആശീർവാദമായി ഉൾക്കൊള്ളാൻ ലീഗ് നേതാക്കൾ ഹൃദയവിശാലത കാണിക്കുകയും ചെയ്തിരുന്നു.
ഈ കുറിപ്പ് ഏതെങ്കിലും ഒരു ഡെഫനിറ്റ് ഇഷ്യുവിനെ സംബന്ധിച്ചല്ല. ഇവിടെ ,വേരുകൾ വളർന്ന വഴികളറിയാതെ അല്ലെങ്കിൽ ഓർക്കാതെ അസംബന്ധങ്ങൾ സംസാരിക്കുന്ന ഒരേ കുടുംബക്കാരായ സുഹൃത്തുക്കളെ ഉണർത്താനാണ്. മത പണ്ഡിതന്മാർക്ക് സമുദായ നേതാക്കളെ തിരുത്താൻ സാമുദായികമായ അവകാശമുണ്ട്. അവരേക്കാൾ അവരല്ലാത്തവർക്ക് യോഗ്യതകളുണ്ടോ ഇല്ലയോ എന്നത് മാനദണ്ഡമല്ല. മുസ്ലിം ലീഗ് നേതാക്കന്മാരേക്കാളോ അവരെപ്പോലെയോ മുസ്ലിംലീഗ് രാഷ്ട്രീയത്തേയും മുസ്ലിം രാഷ്ട്രീയത്തേയും പൊതുലോക രാഷ്ട്രീയത്തേയും സംബന്ധിച്ച ജ്ഞാനവും ധാരണയുമുള്ള ഒട്ടനേകം മുസ്ലിയാർമാർ ഇവിടെയുണ്ട്.
പക്ഷെ , സാമുദായിക രാഷ്ട്രീയവും സാംസ്ക്കാരിക വ്യവഹാരങ്ങളും പണ്ഡിതന്മാർ തീർപ്പ് പറയുന്ന ശൈലി ഉചിതമല്ല. അതേപോലെയാണ് മറിച്ചും . സ്വന്തം യോഗ്യതകളുടെ മേനിപ്പുറത്ത് ഈ സഹവർതിത്വം ലംഘിച്ച് മുന്നോട് പോകുന്തോറും ആ പോകുന്ന വ്യക്തി എത്തുന്നത് പിറകിലോട്ടായിരിക്കും .
എല്ലാ രംഗങ്ങളും അങ്ങനെ തന്നെയാണ് കാര്യങ്ങൾ . ഒരുദാഹരണം പറഞ്ഞാൽ , ഇപ്പോൾ ഒരാൾക്ക് ജീവിത ശൈലീ രോഗങ്ങൾ എന്നല്ല ,സർജറിക്കലല്ലാത്ത എല്ലാ രോഗങ്ങളും മാനേജ് ചെയ്യാൻ ഡോക്ടറുടെ ആവശ്യം ഇല്ല. അത്തരം രോഗികളെ പരിചരിച്ചാൽ / സ്വയം അനുഭവിച്ച് ശീലമായാൽ എല്ലാ മരുന്നുകളും ഗൂഗിൾ വഴി കണ്ടെത്താം .പ്രഷർ - ഷുഗർ ലെവൽ അളക്കാൻ ഹോം ഡെലിവറി മെഷീനുകൾ ലഭിക്കും . ബ്ലസ് ചെക്കിംഗിലൂടെ മേജർ കേസുകളും കണ്ടെത്താം .
അത് മനസിലാക്കി മെഡിസിന്റെ ഡോസ് വേരിയേഷനും സ്വയം നിർണ്ണയിക്കാം . പ്രാദേശികമായി പ്രാക്ടീസ് ചെയ്യുന്ന ഒരു എം ബി ബി എസ് കാരന് കിട്ടാത്ത അനുഭവജ്ഞാനം ചിലപ്പോൾ ആ മേഖലയിൽ ഇടപെട്ട വിദ്യാഭ്യാസമുള്ള സാധാരണക്കാരന് കിട്ടിയെന്ന് വരും. പക്ഷെ സ്വയം നിർണ്ണയ ചികിൽസ പ്രകൃതി വിരുദ്ധമാണ്. അപകടമാണോ അല്ലേ എന്നതല്ല .ശരിയല്ല അത് , സാമൂഹിക രീതിയെ സാമൂഹിക പ്രവർത്തകർ തന്നെ ലംഘിക്കരുത് .
Leave A Comment