ഇതൊക്കെയാണോ നാം ആര്‍ജ്ജിച്ച വളര്‍ച്ച
ഒരു ഉപ്പയും മകനും തമ്മിലുള്ള കുടുംബകലഹം, ഉപ്പയുടെ കൊലപാതകത്തില്‍ കലാശിച്ച വീഡിയോ ദൃശ്യങ്ങളാണ് ഈ ആഴ്ചയില്‍ ഏറെ ചര്‍ച്ചയാണ്. വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ച്, മരൂഭൂമിയില്‍ ചോരനീരാക്കി പോറ്റി വളര്‍ത്തിയ മക്കളുടെ കൈ കൊണ്ട് തന്നെ മരണം വരിക്കേണ്ടി വരികയെന്നത് ഏതൊരു രക്ഷിതാവിനെയും നടുക്കാതിരിക്കില്ല.
മതവിജ്ഞാനത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്ന വേറൊരു സമുദായവും ലോകത്തില്ലെന്നതാണ് സത്യം. വിശിഷ്യാ, കേരളീയ മുസ്‍ലിം സമൂഹം, കാലങ്ങളായി അതിന് നല്‍കി വരുന്ന പ്രാധാന്യം വളരെ വലുതാണ്. സ്വന്തം മക്കള്‍ അരവയറുമായി കഴിച്ചുകൂട്ടുമ്പോഴും, പള്ളിയിലെയും മദ്റസയിലെയും ഉസ്താദുമാര്‍ക്ക് സുഭിക്ഷമായി തന്നെ ഭക്ഷണം നല്‍കണമെന്ന് ശഠിച്ചവരായിരുന്നു നമ്മുടെ മുന്‍ഗാമികളായ ഉമ്മമാരും ഉപ്പമാരുമെല്ലാം. പള്ളി, മദ്റസ, കോളേജുകള്‍ തുടങ്ങി മതസ്ഥാപനങ്ങളുടെ വളര്‍ച്ചക്കായി ഉള്ളതെല്ലാം നല്‍കിയവരായിരുന്നു
അവര്‍, ഇന്നും ആ നല്ല ശീലം തുടരുന്നവരാണ് കേരളീയ മുസ്‍ലിംകള്‍. ഒരു പക്ഷേ, ലോകത്ത് തന്നെ, മതവിദ്യാഭ്യാസത്തിന് വേണ്ടി, സ്വകാര്യ സമ്പത്ത് ഏറ്റവും അധികം നിക്ഷേപിക്കപ്പെടുന്നത് കേരളത്തിലായിരിക്കുമെന്ന് തോന്നുന്നു.
അതോടൊപ്പം, നിവാസികളുടെ കുടുംബ-സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാനും ആവശ്യമാവുന്ന നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കുന്ന മഹല്ല് സംവിധാനങ്ങളും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. അവക്കെല്ലാം പുറമെ, മതവിജ്ഞാന വേദികളും ദിക്റ് ദുആ സദസ്സുകളുമെല്ലാം പൂര്‍വോപരി സജീവമാണ്.
ഇങ്ങനെയെല്ലാമായിട്ടും, അഞ്ചാം വയസ്സ് മുതല്‍ തന്നെ, അല്ലാഹുവിനെയും റസൂലിനെയും മനസ്സിലാക്കാനും കൂടെത്തന്നെ, ഉമ്മയെയും ഉപ്പയെയും ആദരിക്കാനും പഠിക്കുന്ന ഈ സമുദായത്തിനകത്ത് നിന്ന് തന്നെ, ഇത്തരം വാര്‍ത്തകള്‍ വരുന്നത് എത്രമാത്രം ഖേദകരമാണ്.
നമ്മുടെ നിക്ഷേപങ്ങള്‍ എവിടെയോ നിഷ്ഫലമാവുന്നുവെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്. സ്വന്തം ഉമ്മയുടെയോ ഉപ്പയുടെയോ നേരെ ഉയരുന്ന കൈകളുള്ളിടത്തോളം, മറ്റു നേട്ടങ്ങളെല്ലാം നിശ്ശൂന്യമാണ്.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, മഹല്ല് കമ്മിറ്റികള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമാണ് കുടുംബം. നമ്മുടെ കുടുംബങ്ങള്‍ ഭദ്രമായിരിക്കണം. ഇടക്കിടെ ഉയര്‍ന്നുവരുന്ന നിസ്സാര പ്രശ്നങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ്, പരിഹരിക്കാനാവശ്യമായ രീതികള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത്, അത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക്, അവ പരിഹരിക്കുന്നതിനായി സമീപിക്കാനുള്ള സൌകര്യങ്ങളെങ്കിലും നാം ഒരുക്കേണ്ടതുണ്ട്.
സമൂഹത്തിന്റെ അടിവേരിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തിടത്തോളം, അല്ലാതെ നാം നടത്തുന്ന ഉത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം, കതിരില്‍ വളമിടുന്ന പാഴ്പണികളാണെന്നേ പറയാനൊക്കൂ.
Leave A Comment