സ്വാതന്ത്ര്യ സമരസേനാനി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് 99 വർഷം

ബ്രിട്ടീഷ് അധിനിവേശത്തോട് ധീരതയോടെ പോരാടിയ മലബാർ മേഖലയിലെ പ്രമുഖ നേതാവ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 99 വയസ്സ്. 1922 ജനുവരി 20നു അദ്ദേഹത്തെ ബ്രിട്ടിഷ് സേന വെടിവെച്ച് കൊല്ലുകയായിരുന്നു.

1866 ൽ ഒരു സമ്പന്ന മുസ്ലീം കുടുംബത്തിൽ ജനിച്ച അദ്ദേഹം, ബ്രിട്ടിഷുകാർ നാട്ടുകാർക്കും സ്വന്തം കുടുംബത്തിനും നേർക്ക് നടത്തിയ പീഡനത്തിന്റെയും അനീതിയുടെയും കഥകൾ കേട്ടാണ് വളർന്നത്.ബ്രിട്ടീഷുകാർക്കെതിരേ പോരാടിയതിന്റെ പേരിൽ ആൻഡമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്.

1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ നേതാക്കളിലൊരാളായിരുന്നു വാരിയംകുന്നൻ. ബ്രിട്ടീഷ് സൈന്യത്തോട് പോരാടി സ്വതന്ത്രമായ ഒരു നാട്ടുരാജ്യം അദ്ദേഹം സ്ഥാപിച്ചു.താൻ സ്ഥാപിച്ച നാട്ടുരാജ്യത്തിലെ നീതിമാനായ ഭരണാധികാരി കൂടിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. മലയാള രാജ്യം എന്നായിരുന്നു അദ്ദേഹം തന്റെ രാജ്യത്തിന് നൽകിയ പേര്.

സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയത്. 1921-22 ലെ ഖിലാഫത്ത് സമരനേതാക്കളില്‍ അതുല്യനായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

1922 ജനുവരിയിൽ ഒരു ഉടമ്പടിയുടെ മറവിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ ചതിക്കുകയും വധശിക്ഷക്കു വിധിക്കുകയുമായിരുന്നു. 1922 നാണു അദ്ദേഹത്തെയും രണ്ടു കൂട്ടാളികളെയും വധിച്ചത്.

“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം”- എന്ന് ഹാജി ആവശ്യപ്പെട്ടതായി ചരിത്ര രേഖകൾ. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter