റോഹിങ്ക്യന്‍ മുസ്‌ലിം പ്രതിസന്ധി; പലായനം തുടരുന്നു
മ്യാന്മറിലെ റാകൈന്‍ പ്രദേശത്ത് സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് റോഹിന്‍ങ്ക്യന്‍ മുസ്ലിംകളുടെ പലായനം തുടരന്നു. വീടും സ്വത്തുവകകളും ഉപേക്ഷിച്ച് 75,000ത്തോളം പേര്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകള്‍ വരുന്നതുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് യു.എന്‍ വൃത്തങ്ങള്‍ പറയുന്നു. ആഗസ്ത് 25ന് മ്യാന്മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിന്‍ഗ്യകളുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സംഘങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വക്താവ് വിവിയന്‍ ടാന്‍ പറഞ്ഞു. പട്ടാളക്കാര്‍ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തുന്ന ദുരന്ത ദൃശ്യങ്ങള്‍ നേരില്‍ കാണേണ്ടിവന്ന അവര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപ ഭൂമിയില്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ സൈനികര്‍ വീടുകള്‍ വളഞ്ഞ് കണ്ണില്‍ കണ്ടവരെ മുഴുവന്‍ വെടിവെച്ചു കൊല്ലുകയാണ്. മൂവ്വായിരത്തോളം വീടുകള്‍ സൈനികര്‍ ചുട്ടെരിച്ചുവെന്നാണ് കണക്ക്. ശനിയാഴ്ച ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ വെടിയേറ്റ പരിക്കുകളോടെ എത്തിയ അമ്പതിലേറെ അഭയാര്‍ത്ഥികളെ ആസ്പത്രിയിലേക്ക് മാറ്റി.