നഗ്നപാദനായ അദ്ധ്യാത്മികൻ: ബിശ്റുൽ ഹാഫീ(റ)

ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വൂഫി വര്യനാണ് ബിശ്റുൽ ഹാഫീ(റ). സ്വദേശം മർവിലായിരുന്നെങ്കിലും ബഗ്ദാദിലാണ് താമസിച്ചിരുന്നത്. അബൂ നസ്ർ ബിശ്റുബ്നു ഹാരിസ് എന്നാണ് പൂർണ്ണനാമം.

 മാറ്റത്തിനുള്ള കാരണം

ഒരു ദിവസം മദ്യപിച്ച് വീട്ടിൽ നിന്നും പുറപ്പെടുകയായിരുന്ന അദ്ദേഹം "ബിസ്മില്ലാഹി റഹ്മാനി റഹീം" എന്നെഴുതപ്പെട്ട കടലാസ് കഷ്ണം വഴിയിൽ വീണു കിടക്കുന്നതായി കണ്ടു. അദ്ദേഹമതെടുത്ത് തുടച്ചു വൃത്തിയാക്കി സുഗന്ധം പൂശി വൃത്തിയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി  സൂക്ഷിച്ചുവെച്ചു. അന്നുരാത്രി അല്ലാഹു തന്നോട് പറയുന്നതായി അദ്ദേഹം സ്വപ്നത്തിൽ ദർശിച്ചു. ബിശ്ർ, നീ എന്റെ പേര് ആദരിക്കുകയും സുഗന്ധപൂരിതമാക്കുകയും ചെയ്തതിനാൽ നിന്റെ പേര് കേൾക്കുന്നവരുടെ മനസ്സുകൾ പോലും ആശ്വാസ നിർഭരമാകുമാറ് നിശ്ചയം നിന്റെ പേര് നാം ഇഹത്തിലും പരത്തിലും സുഗന്ധപൂരിതമാക്കും. നേരം വെളുത്തു എണീറ്റ ഉടനെ മുൻ ചെയ്ത പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും പിന്നീട് ഒരു സ്വൂഫിയായി മാറുകയും ചെയ്തുവെന്നാണ് ചരിത്രം.

ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പലപ്പോഴും അദ്ദേഹത്തോടൊപ്പം ഇരിക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നുവത്രേ. "അല്ലാഹുവിനെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും ". 

ഒരു ദിവസം ഒരു സ്ത്രീ വന്ന് അഹ്മദ് ബിൻ ഹമ്പൽ (റ) വിനോട് ചോദിച്ചു. ഞാൻ എന്റെ വീടിന്റെ മുകളിലിരുന്ന് വസ്ത്രത്തിനുള്ള നൂൽ തയ്യാറാക്കി ക്കൊണ്ടിരിക്കുകയായിരുന്നപ്പോൾ   ആരോ ആ വഴിയിലൂടെ വെളിച്ചവുമായി കടന്നുപോയി. ഞാനാ വെളിച്ചത്തിൽ അല്പം നൂല് തയ്യാറാക്കി. എനിക്കാ നൂൽ അനുവദനീയമാകുമോ അതോ നിഷിദ്ധമാകുമോ ? ഇതുകേട്ട് അഹ്മദ് ബ്നു ഹമ്പൽ  പറഞ്ഞു, സഹോദരീ, ആദ്യം നീ ആരാണെന്ന് പറയൂ. ഞാൻ ബിശ്റുൽ ഹാഫിയുടെ   സഹോദരിയാണ് എന്നവൾ പറഞ്ഞു. ഇത് കേട്ട് അദ്ദേഹം കരഞ്ഞുപോയി. എന്നിട്ട് അദ്ദേഹം പറഞ്ഞു. നിനക്കാ നൂൽ അനുവദനീയമല്ല. കാരണം നീ അതീവ ഭക്തനായ ബിശ്റുൽ ഹാഫിയുടെ   സഹോദരിയാണല്ലോ. അദ്ദേഹമാണെങ്കിൽ ഹറാമോ ഹലാലോ എന്ന് വ്യക്തമാകാത്ത കാര്യങ്ങളിലേക്ക് കൈ നീട്ടിയാൽ അദ്ദേഹത്തിന്റെ കൈ പോലും അതനുസരിക്കുമായിരുന്നില്ല. അത്രമേൽ സൂക്ഷ്മതയുള്ളവരായിരുന്നു അദ്ദേഹം. 

ചെരുപ്പിടാതെ നഗ്നപാദനായി നടക്കുന്നതിനാലാണ്  ബിശ്റിനോടൊപ്പം നഗ്നപാദൻ എന്നർത്ഥം വരുന്ന  "ഹാഫി"  എന്ന പദം  ചേർക്കപ്പെട്ടത്. ഒരു ദിവസം ചെരുപ്പിനുള്ള വാറ് വാങ്ങാനായി ചെരുപ്പുകുത്തിയുടെ അടുത്ത് ചെന്നപ്പോൾ "നിന്നെപ്പോലൊത്ത ദരിദ്രരെക്കൊണ്ട്  എന്തൊരു കഷ്ടമാണ് ജനങ്ങൾക്ക് " എന്നും പറഞ്ഞ് ചെരുപ്പുകുത്തി ബിശ്റിനെ  ശകാരിച്ചു. അതോടെ തന്റെ ചെരുപ്പ് വലിച്ചെറിയുകയും  ഇനി മേലാൽ ഞാൻ ചെരുപ്പ് ധരിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. അന്ന് മുതൽക്കാണ് ബിശ്റുൽ ഹാഫീ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു തുടങ്ങിയത്.

 ബിശ്റുൽ ഹാഫീ പറഞ്ഞ പ്രസിദ്ധ വചനങ്ങൾ:

1) ദുന്‍യാവിലും ആഖിറത്തിലും വിജയം ആഗ്രഹിക്കുന്നവർ മൂന്ന് കാര്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. ആരോടും ഒന്നും ആവശ്യപ്പെടാതിരിക്കുകയും ഒരാളെപ്പറ്റിയും മോശമായതൊന്നും പറയാതിരിക്കുകയും ആരെയും ആശ്രയിക്കാതിരിക്കുകയുമാണത്.
2) ജനങ്ങൾ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവന് പരലോക ചിന്തയുടെ മാധുര്യം ലഭിക്കുന്നതല്ല.
 
വഫാത് :

ഹിജ്റ 227 ൽ മുഹറം  10 ന് ബഗ്ദാദിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. അല്ലാഹു മഹാനോടൊപ്പം നമ്മെയും സ്വർഗത്തിൽ കടത്തട്ടെ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter